
വിജയ് ദേവരകൊണ്ട വേണ്ടെന്നുവെച്ച് ഉപേക്ഷിച്ച കഥാപാത്രത്തിലൂടെ നായകനായി അരങ്ങേറി ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോൾ, സിനിമ നിരസിച്ച വിജയ് ദേവരകൊണ്ടയുടെ തീരുമാനം വലിയൊരു നഷ്ടമാണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. കഥയിൽ പുതുമയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയതുപോലെ വിജയ് ഈ പ്രോജക്ടിൽ നിന്ന് പിന്മാറിയത്. വിജയ് പിന്മാറിയതോടെയാണ് അരുൺ മാതേശ്വരൻ ഈ കഥയുമായി ലോകേഷിനെ സമീപിക്കുന്നതും ചിത്രം യാഥാർത്ഥ്യമാകുന്നതും.
പ്രേക്ഷകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തുന്ന പ്രകടനമാണ് നായകനായുള്ള ആദ്യ ചിത്രത്തിൽ തന്നെ ലോകേഷ് കാഴ്ചവെച്ചിരിക്കുന്നത്. സാക്നിൽകിന്റെ കണക്കുകൾ പ്രകാരം റിലീസ് ചെയ്ത് കേവലം നാല് ദിവസങ്ങൾ കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രം 30.65 കോടി രൂപയാണ് ചിത്രം നേടിയത്. ആഗോളതലത്തിൽ 43.90 കോടിയുടെ കളക്ഷനും ചിത്രം സ്വന്തമാക്കി. സിനിമയ്ക്ക് ലഭിക്കുന്ന വൻ ജനപ്രീതി കണക്കിലെടുത്ത് കേരളത്തിലടക്കം കൂടുതൽ തിയേറ്ററുകളിലേക്ക് സ്ക്രീൻ കൗണ്ട് കൂട്ടാനാണ് തീരുമാനം. വരുന്ന വാരാന്ത്യത്തിലും ചിത്രം തിയേറ്ററുകളിൽ വൻ കുതിപ്പ് തുടരുമെന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അനിരുദ്ധിന്റെ ഗംഭീര സംഗീതവും പശ്ചാത്തല സംഗീതവുമാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. അനിരുദ്ധിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വർക്കുകളിലൊന്നാണിതെന്നും ദേശീയ പുരസ്കാരം വരെ അർഹിക്കുന്ന പ്രകടനമാണിതെന്നും സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ കുറിക്കുന്നു. ലോകേഷിനൊപ്പം നായികമാരായ സഞ്ജനയുടെയും വാമികയുടെയും പ്രകടനങ്ങളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. അരുൺ മാതേശ്വരന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ച സിനിമയായി വിലയിരുത്തപ്പെടുന്ന ‘ഡിസി’ സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മിച്ചിരിക്കുന്നത്.