
ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത് ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച ‘ലക്കി ഭാസ്കർ’ എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. സൂര്യയെ നായകനാക്കി ഒരുക്കുന്ന തന്റെ പുതിയ ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ഈ കാര്യം വീണ്ടും സ്ഥിരീകരിച്ചത്. ചിത്രത്തിലെ നായകനായി ദുൽഖർ സൽമാൻ അല്ലാതെ മറ്റൊരു നടനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നും, രണ്ടാം ഭാഗത്തിലും ദുൽഖർ തന്നെയാകും നായകനെന്നും അദ്ദേഹം വ്യക്തമാക്കി.
2024 ഒക്ടോബർ 31-ന് തിയേറ്ററുകളിലെത്തിയ ‘ലക്കി ഭാസ്കർ’ 100 കോടി ക്ലബ്ബിൽ ഇടംനേടി വൻ വിജയമായിരുന്നു കൈവരിച്ചത്. 1980-90 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ പീരിയഡ് ഡ്രാമ ത്രില്ലറിൽ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്കർ കുമാർ എന്ന കഥാപാത്രത്തെയാണ് ദുൽഖർ തകർത്തഭിനയിച്ചത്. തെലുങ്കിൽ ദുൽഖറിന്റെ തുടർച്ചയായ മൂന്നാമത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രമാണിത്. കൂടാതെ, സ്വന്തം മാതൃഭാഷയിലല്ലാതെ മറ്റൊരു ഭാഷാ സിനിമയിലൂടെ 100 കോടി ക്ലബ്ബിൽ കയറുന്ന നടൻ എന്ന അപൂർവ്വ നേട്ടവും ഈ ചിത്രത്തിലൂടെ ദുൽഖർ സ്വന്തമാക്കിയിരുന്നു.
മീനാക്ഷി ചൗധരി നായികയായ ചിത്രം സിതാര എന്റർടൈൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിൽ സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാറായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം. തിയേറ്ററുകളിലെ വലിയ വിജയത്തിന് പുറമെ പുരസ്കാര വേദിയിലും ചിത്രം തിളങ്ങിയിരുന്നു. അടുത്തിടെ പ്രഖ്യാപിച്ച ഗദ്ദർ തെലങ്കാന ഫിലിം അവാർഡിൽ ദുൽഖറിന് ലഭിച്ച സ്പെഷ്യൽ ജൂറി പുരസ്കാരം ഉൾപ്പെടെ നാല് അവാർഡുകളാണ് ‘ലക്കി ഭാസ്കർ’ കരസ്ഥമാക്കിയത്. രണ്ടാം ഭാഗത്തിന്റെ ഉറപ്പ് വന്നതോടെ വലിയ ആവേശത്തിലാണ് ദുൽഖർ ആരാധകരും സിനിമാ ലോകവും.