
തമിഴ് സിനിമയിലെ പ്രശസ്ത താരം ശിവകുമാറിന്റെ മകനായി വെള്ളിത്തിരയിലെത്തിയെങ്കിലും സ്വന്തം അധ്വാനവും വേറിട്ട അഭിനയശൈലിയും കൊണ്ടാണ് സൂര്യ സിനിമയിൽ തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്. എന്നാൽ തുടക്കകാലത്ത് ഒരു രാഷ്ട്രീയ നേതാവിൽ നിന്നുണ്ടായ കയ്പേറിയ അനുഭവം തന്റെ ചിന്തകളെയും കരിയറിനെയും എത്രത്തോളം സ്വാധീനിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് താരം. അന്ന് കേട്ട ചില വാക്കുകൾ തന്റെ അഹന്തയെ മുറിവേൽപ്പിച്ചെന്നും, അതാണ് സ്വന്തമായൊരു പാത വെട്ടിത്തെളിക്കാൻ പ്രചോദനമായതെന്നും സൂര്യ പറയുന്നു.
ഒരു സുഹൃത്തിന്റെ വീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തപ്പോഴായിരുന്നു ആ സംഭവം. മന്ത്രി കുടുംബവുമായി ബന്ധമുള്ള സുഹൃത്ത്, സിനിമാപ്രവേശനത്തിന് ഒരുങ്ങുകയായിരുന്ന സൂര്യയെ ‘ശിവകുമാറിന്റെ മകൻ’ എന്ന് പരിചയപ്പെടുത്തി. എന്നാൽ ഇതുകേട്ട രാഷ്ട്രീയ നേതാവ് പരിഹാസത്തോടെയാണ് പ്രതികരിച്ചത്. “നീയും അച്ഛൻ ചെയ്തതുതന്നെ ആവർത്തിക്കാൻ പോവുകയാണല്ലേ? അച്ഛന്റെ സ്റ്റാർ പദവി ഉപയോഗിച്ച് അദ്ദേഹത്തിന്റെ സ്റ്റൈൽ അനുകരിച്ച് കുറച്ചുകാലം പിടിച്ചുനിൽക്കാം എന്ന് കരുതുന്നുണ്ടാകും,” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
അന്ന് 23 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന തനിക്ക് ആ വാക്കുകൾ വലിയൊരു ഭാരമായി മാറിയെന്ന് സൂര്യ ഓർത്തെടുക്കുന്നു. എന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ലെങ്കിലും, അച്ഛന്റെ തണലിൽ മാത്രം അറിയപ്പെടുന്നവനല്ല താനെന്ന് തെളിയിക്കാൻ ആ നിമിഷം ഉറപ്പിച്ചു. ശിവകുമാർ എന്ന നടന്റെ നിഴലാകാതെ, അദ്ദേഹവുമായി യാതൊരു സാമ്യവുമില്ലാത്ത സ്വന്തം ശൈലി രൂപപ്പെടുത്തിയെടുക്കാൻ ആ സംഭവമാണ് കാരണമായത്.
തന്റെ പുതിയ ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് താരം ഈ ഓർമ്മകൾ പങ്കുവെച്ചത്. ‘ലക്കി ഭാസ്കറി’ന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂര്യയുടെ കരിയറിലെ 46-ാം സിനിമയാണ്. മമിത നായികയാകുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സിതാര എന്റർടെയ്ൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഈ ഫാമിലി എന്റർടെയ്നറിന്റെ ഒടിടി അവകാശം 85 കോടിയോളം രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.