തന്റെ കരിയറിലെ തന്നെ ഏറ്റവും പ്രശംസ നേടിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വെള്ളം ദ എസന്‍ഷ്യല്‍ ഡ്രിങ്ക്’. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു. ജയസൂര്യയുടെ വേറിട്ട ഗെറ്റപ്പുമായെത്തുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ താരം തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ നേരത്തെ മുന്നറിയിപ്പുകളോ, മറ്റു പ്രചാരണമോ ഒന്നുമില്ലാതെ വളരെ സര്‍പ്രൈസായി തന്നെയാണ് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഒരു ലോറിയിലേക്ക് അവസാന നിരയിലെ ഇഷ്ടിക നിറച്ച് പരുക്കന്‍ മുഖഭാവത്തോടെ നില്‍ക്കുന്ന ജയസൂര്യയെയാണ് ആദ്യ പോസ്റ്ററില്‍ കാണുന്നത്. പേരുപോലെ തന്നെ റിയലിസ്റ്റിക്കായ ഒരു കഥയാണ് വെള്ളത്തിന്റേതെന്നാണ് സൂചനകള്‍. അതേ സമയം പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ജയസൂര്യ പറഞ്ഞത് ഇങ്ങനെയാണ്:
”CAPTAIN എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ പ്രജേഷ്‌സെന്നിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്… ഞാന്‍ ഇതുവരെ ചെയ്തതില്‍വെച്ച് ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രമാണ് വെള്ളത്തിലെ നായകന്‍… നമുക്കിടയില്‍ ജീവിക്കുന്ന ഒരു മനുഷ്യന്റെ വ്യത്യസ്തമായ ഭൂതകാലം അതാണ് ഈ വെള്ളം… ‘ഒരു കാര്യം ഉറപ്പ് തരാന്‍ കഴിയും നമ്മുടെ കുടുംബത്തില്‍, അല്ലെങ്കില്‍ കൂട്ടുകാരില്‍, അതുമല്ലെങ്കില്‍ നമ്മുടെ പരിചയത്തില്‍ ഇയാളുടെ സ്വഭാവം ഉള്ള ഒരാള്‍ കാണും തീര്‍ച്ച”
യുവനടി സംയുക്ത മേനോന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ബാബു അന്നൂര്‍, നിര്‍മ്മല്‍ പാലാഴി, ശ്രീലക്ഷ്മി, സ്‌നേഹ പാലേരി, പ്രിയങ്ക, ജോണി ആന്റണി, ജിന്‍സ് ഭാസ്‌കര്‍, സിനില്‍ സൈനുദ്ദീന്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനു പി. നായരും ജോണ്‍ കുടിയാന്‍മലയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റോബി വര്‍ഗീസ് രാജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.