“ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്”; വൈറലായി ‘ജനനായക’ൻ്റെ ടൈറ്റിൽ കാർഡ്

','

' ); } ?>

സോഷ്യൽ മീഡിയയിൽ വൈറലായി വിജയ് നായകനായ പുതിയ തമിഴ് ചിത്രം ‘ജനനായക’ൻ്റെ ടൈറ്റിൽ കാർഡ്. വിജയ്‌യുടെ രാഷ്ട്രീയ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി തിയേറ്ററുകളിലാണ് ‘ജനനായകൻ’ ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് പ്രദർശിപ്പിച്ചത്.

‘ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്’ എന്നെഴുതിയ ടൈറ്റിൽ കാർഡിനെ വലിയ ആവേശത്തോടെയാണ് ആരാധകർ വരവേൽക്കുന്നത്. ഇതിന് പിന്നാലെ പോലീസ് വേഷത്തിൽ സ്ലോ മോഷനിൽ നടന്നുവരുന്ന വിജയ്‌യുടെ മാസ് ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

‘ഉടൻ തിയേറ്ററുകളിൽ ആഘോഷിക്കാം’ എന്ന വാചകത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു നടന് ‘സിഎം ടൈറ്റിൽ കാർഡ്’ ലഭിക്കുന്നത് എന്ന അവകാശവാദത്തോടെയാണ് എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പങ്കുവെക്കപ്പെടുന്നത്. സിനിമയിലെ പ്രകടനം പോലെ തന്നെ തമിഴ്‌നാട് രാഷ്ട്രീയത്തിലും വലിയ ചലനങ്ങളാണ് വിജയ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 234 സീറ്റുകളിൽ 108 സീറ്റുകൾ നേടി വിജയ്‌യുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. മത്സരരംഗത്തിറങ്ങിയ ആദ്യ പരീക്ഷയിൽ തന്നെ കരുത്ത് തെളിയിച്ച വിജയ്, താൻ മത്സരിച്ച പേരമ്പൂർ, തിരിച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.

സംസ്ഥാനത്ത് ഭരണത്തിലേറാൻ ആവശ്യമായ കേവല ഭൂരിപക്ഷം 118 ആണ്. നിലവിൽ 108 സീറ്റുകളുള്ള ടിവികെയ്ക്ക് അധികാരം ഉറപ്പിക്കാൻ 11 എംഎൽഎമാരുടെ പിന്തുണ കൂടി ആവശ്യമാണ്. രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച സാഹചര്യത്തിൽ, നിയമപരമായ കാരണങ്ങളാൽ വിജയ് ഒരു സീറ്റ് ഒഴിയേണ്ടി വരും. ഇത് വരും ദിവസങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കും. രാഷ്ട്രീയത്തിലെ ഈ വൻ മുന്നേറ്റത്തിന് തൊട്ടുപിന്നാലെ ‘ജനനായകൻ’ എന്ന ടൈറ്റിൽ കാർഡ് കൂടി എത്തിയത് വിജയ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരിക്കുകയാണ്.