
വിജയ്യുടെ രാഷ്ട്രീയ വിജയവുമായി ബന്ധപ്പെടുത്തി നടി തൃഷയ്ക്ക് ലഭിച്ച ജന്മദിന അനുമോദനങ്ങൾക്കെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് നടി ഗായത്രി ശങ്കർ. സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഗായത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു പുരുഷ നടന്റെ കാര്യത്തിൽ ഇത്തരം ആരോപണങ്ങൾ തമാശയായും ആഘോഷമായും കാണുന്നവർ, സമാനമായ സാഹചര്യം ഒരു നടി നേരിടേണ്ടി വന്നാൽ ഇതേ രീതിയിൽ പ്രതികരിക്കുമോ എന്ന് അവർ ചോദിക്കുന്നു.
ഒരു നടി സഹപ്രവർത്തകനുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടാൽ സമൂഹം അവരെ വേട്ടയാടുകയും അധിക്ഷേപിക്കുകയും ചെയ്യുമെന്നും, പുറത്തിറങ്ങാൻ പോലും സാധിക്കാത്ത വിധം അവർ ക്രൂശിക്കപ്പെടുമെന്നും ഗായത്രി ചൂണ്ടിക്കാട്ടി.
മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വിജയ്യുടെ പാർട്ടിയായ ടിവികെ നൂറിലധികം സീറ്റുകൾ നേടി തിളക്കമാർന്ന വിജയം സ്വന്തമാക്കിയിരുന്നു. അന്ന് തന്നെയായിരുന്നു നടി തൃഷയുടെ ജന്മദിനവും. വിജയ്യുടെ തിരഞ്ഞെടുപ്പ് വിജയം തൃഷയുടെ ജന്മദിനത്തിന് ഇരട്ടി മധുരമാണെന്ന രീതിയിൽ ആരാധകരും മാധ്യമങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.
രാധിക ശരത്കുമാർ, ചാർമി, കസ്തൂരി ശങ്കർ തുടങ്ങിയ പ്രമുഖരും തൃഷയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് താരങ്ങളുടെ വ്യക്തിജീവിതത്തിലെ ധാർമ്മികതയും അത് ആഘോഷിക്കുന്ന പൊതുസമൂഹത്തിന്റെ രീതിയും ചോദ്യം ചെയ്തുകൊണ്ട് ഗായത്രി ശങ്കർ തന്റെ വ്യത്യസ്തമായ നിലപാട് പരസ്യമാക്കിയത്.
കന്നിപ്പോരാട്ടത്തിൽ ഉജ്വല വിജയം നേടി തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ നടൻ വിജയ് തയാറെടുക്കുമ്പോൾ താരത്തിനെതിരെ ഭാര്യ സംഗീത ഉയർത്തിയ ആരോപണങ്ങൾ വീണ്ടും സജീവമാവുകയാണ്. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധമാണ് വേർപിരിയലിനു കാരണമെന്ന് വിജയയുടെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ടു നൽകിയ നോട്ടിസിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇത്തരം ആരോപണങ്ങൾ നിലനിൽക്കെ വൻവിജയം ആണ് തിരഞ്ഞെടുപ്പിൽ നടൻ വിജയ് നേടിയത്. വിജയെ പിന്താങ്ങുക മാത്രമല്ല ആരോപണം നേരിടുന്ന നടിയെ ആഘോഷിക്കുകയും ചെയ്തു.