മരയ്ക്കാര്‍ സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ഹരജി; നാലാഴ്ചയ്ക്കകം തീരുമാനമാക്കണമെന്ന് കേന്ദ്രത്തിനോട് ഹൈക്കോടതി

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രദര്‍ശിപ്പിക്കരുതെന്ന പരാതിയില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശം.കുഞ്ഞാലി മരയ്ക്കാറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. നാലാഴ്ചയ്ക്കകം നടപടിയെടുക്കാനാണ് കേരള ഹൈക്കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 7 ന് പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി.

ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് സിനിമ എന്നും ചിത്രത്തിന്റെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ട് മരയ്ക്കാറിന്റെ പിന്‍ഗാമികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് നിര്‍ദേശം നല്‍കിയത്. അതേസമയം, ലഭിച്ച പരാതി ബന്ധപ്പെട്ട മന്ത്രാലയത്തിന് കൈമാറിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പരാതിക്കാരനെ അറിയിച്ചു. ഇക്കാര്യത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിന് അവകാശമില്ലെന്നും അറിയിച്ചു. എന്നിരുന്നാലും നാലാഴ്ചക്കകം നിയമപ്രകാരം അന്തിമ തീരുമാനമെടുക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു.

കുഞ്ഞാലിമരയ്ക്കാറുടെ ജീവിതത്തെ വസ്തുതാവിരുദ്ധമായി ചിത്രീകരിക്കുന്നതായിട്ടാണ് സിനിമയുടെ ടീസറില്‍നിന്നു വ്യക്തമാവുന്നതെന്നും ഹരജിക്കാര്‍ പറഞ്ഞു.ഇത് സാമുദായിക വിദ്വേഷം ഉണ്ടാക്കുമെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. വിദഗ്ദര്‍ സിനിമ കാണണമെന്നും അതിന് ശേഷമേ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാവൂ എന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ മനസ്സില്ലാമനസ്സോടെയും സിനിമ രക്തസാക്ഷി കുഞ്ഞാലി മരക്കാറിന്റെ യഥാര്‍ത്ഥ കഥ ചിത്രീകരിച്ചിട്ടുണ്ടോ എന്ന് പോലും പരിശോധിക്കാതെ യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കി,’ ഹര്‍ജിയില്‍ ആരോപിക്കുന്നു. ‘കുഞ്ഞാലി മരയ്ക്കാര്‍ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഒരു ഘടകമാണ്, ഈ പതിപ്പ് പ്രദര്‍ശിപ്പിച്ചാല്‍ അത് അവരുടെ രൂപവത്കരണ വര്‍ഷങ്ങളില്‍ കുട്ടികളുടെ മനസ്സില്‍ ഗുരുതരമായ സ്വാധീനം ചെലുത്തും. എന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം.