
വില്ലൻ കഥാപാത്രങ്ങൾക്ക് കയ്യടി കിട്ടുന്ന കാലമാണ്” എന്ന ആധുനിക തിയേറ്റർ വെളിപ്പെടുത്തൽ വെറുമൊരു മാസ്സ് ഡയലോഗ് മാത്രമല്ല, മലയാള സിനിമയുടെ ആസ്വാദന സംസ്കാരത്തിൽ സംഭവിച്ച ചരിത്രപരമായ വൻകരമാറ്റത്തിന്റെ വിളംബരം കൂടിയാണ്. ഒരുകാലത്ത് സ്ക്രീനിൽ നായകൻ കടന്നുവരുമ്പോൾ ആർപ്പുവിളിക്കുകയും വില്ലൻ പ്രത്യക്ഷപ്പെടുമ്പോൾ കൂവിവിളിക്കുകയും പല്ലുകടിക്കുകയും ചെയ്തിരുന്ന മലയാളി പ്രേക്ഷകൻ, ഇന്ന് വില്ലന്റെ തകർപ്പൻ എൻട്രിക്കും പെർഫോമൻസിനും തിയേറ്ററുകൾ കുലുങ്ങുന്ന കയ്യടികളോടെയാണ് ആദരവറിയിക്കുന്നത്. ഇരുട്ടും വെളിച്ചവും പോലെ നന്മയും തിന്മയും വ്യക്തമായി വേർതിരിക്കപ്പെട്ടിരുന്ന പഴയകാല സിനിമാ ബോധ്യങ്ങളിൽ നിന്ന്, തിന്മയുടെയും പ്രതിനായകത്വത്തിന്റെയും സങ്കീർണ്ണതകളെയും ചാരനിറങ്ങളെയും നെഞ്ചിലേറ്റുന്ന പുതിയൊരു സിനിമാ സംസ്കാരം ഇവിടെ പിറവിയെടുത്തിരിക്കുന്നു.
മലയാള സിനിമയുടെ തുടക്കകാലത്ത് വില്ലൻ എന്നാൽ പച്ചയായ ക്രൂരതയുടെയും അനീതിയുടെയും മാത്രം പ്രതിരൂപമായിരുന്നു. കൊട്ടാരക്കര ശ്രീധരൻ നായരും പി.ജെ. ആന്റണിയും മറ്റും നാടകീയമായ ഭാവങ്ങളിലൂടെയും ഗംഭീര ശബ്ദത്തിലൂടെയും പണിതുയർത്തിയ ആദ്യകാല വില്ലൻ പ്രതിച്ഛായ പിന്നീട് ജോസ് പ്രകാശ്, കെ.പി. ഉമ്മർ, ബാലൻ കെ. നായർ, ഗവിൻ പാക്കാർഡ് തുടങ്ങിയവരിലൂടെ കൂടുതൽ ശക്തിപ്പെട്ടു. സ്യൂട്ടണിഞ്ഞ്, സിഗരറ്റ് പുകച്ചു പറത്തി കസേരയിലിരിക്കുന്ന ജോസ് പ്രകാശിന്റെ സ്റ്റൈലിഷ് വില്ലന്മാരും, ഗ്രാമീണതയുടെ ക്രൂരത ആവാഹിച്ച ബാലൻ കെ. നായരുടെ കഥാപാത്രങ്ങളും ഒരുകാലത്ത് പ്രേക്ഷകരിൽ യഥാർത്ഥ ഭയവും അറപ്പും ഉളവാക്കിയിരുന്നു. അന്ന് നായകന്റെ വാളിനോ വെടിയുണ്ടക്കോ ഇരയായി വില്ലൻ വീഴുമ്പോൾ പ്രേക്ഷകർ തിയേറ്ററിൽ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.
എന്നാൽ മലയാള സിനിമയിലെ വില്ലൻ സങ്കൽപ്പത്തിന്റെ അടിത്തറ ഇളക്കിമറിച്ച ഒരു മഹാമാറ്റം സംഭവിച്ചത് 1980-ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയാണ്. അതിലെ നരേന്ദ്രൻ എന്ന കഥാപാത്രമായി മോഹൻലാൽ എന്ന പുതുമുഖ നടൻ സ്ക്രീനിലേക്ക് ചുവടുവെച്ചപ്പോൾ മലയാള സിനിമാ ചരിത്രം തിരുത്തിയെഴുതപ്പെടുകയായിരുന്നു. കറുപ്പും വെളുപ്പും കണ്ണടയും വച്ച്, അസാധ്യ ആത്മവിശ്വാസത്തോടെയും തന്റേടത്തോടെയും സംസാരിച്ച നരേന്ദ്രൻ, നായികയായ പ്രഭയോട് കാണിച്ച കടുത്ത വില്ലത്തരം കാണികളെ ഞെട്ടിച്ചു. അതേസമയം, വില്ലനെ വെറുക്കുന്നതിനേക്കാൾ ഉപരി, ആ കഥാപാത്രത്തെ അവതരിപ്പിച്ച നടന്റെ കാന്തികവലയത്തിലേക്ക് പ്രേക്ഷകർ ആകർഷിക്കപ്പെട്ടു. ഒരു വില്ലൻ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത്, പിന്നീട് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ മഹാനടനിലേക്ക് മോഹൻലാൽ വളർന്നത് ഈ നരേന്ദ്രൻ എന്ന വില്ലന്റെ കരുത്തിലായിരുന്നു.
തൊണ്ണൂറുകളോടെ മലയാളത്തിലെ വില്ലൻമാർ കൂടുതൽ പ്രൗഢിയും ഗാംഭീര്യവുമുള്ളവരായി മാറി. അഭിനയത്തിന്റെ കൊടുമുടികൾ കീഴടക്കിയ തിലകൻ, നരേന്ദ്രപ്രസാദ്, രാജൻ പി. ദേവ്, എൻ.എഫ്. വർഗ്ഗീസ്, ബാബു ആന്റണി, ഭീമൻ രഘു തുടങ്ങിയ പ്രഗത്ഭർ വില്ലത്തരത്തിന് മാസ് ഭാവങ്ങൾ നൽകി. ധ്രുവം ചിത്രത്തിലെ ഹൈദർ മരയ്ക്കാരായും ആറാം തമ്പുരാൻ സിനിമയിലെ കുളപ്പുള്ളി അപ്പനും സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ പ്രേക്ഷകർ ഭയഭക്തിബഹുമാനങ്ങളോടെ അത് കണ്ടിരുന്നു. ഇന്ദ്രജാലം സിനിമയിലെ കാർലോസ് ആയി രാജൻ പി. ദേവും, ലേലം, പത്രം തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്മാരായി എൻ.എഫ്. വർഗ്ഗീസും സ്ക്രീൻ കീഴടക്കി. തിലകന്റെ വില്ലൻ കഥാപാത്രങ്ങളാകട്ടെ, കേവലം ക്രൂരത മാത്രമല്ല, അധികാരത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും സങ്കീർണ്ണതകൾ പേറുന്നവയായിരുന്നു. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ പോളച്ചൻ മലയാളിയുടെ ഉറക്കം കെടുത്തിയ ക്രൂരനായ വില്ലനായിരുന്നു എങ്കിൽ, സ്ഫടികം പോലുള്ള സിനിമകളിൽ വില്ലത്തരത്തിന്റെ അതിരുകൾ തൊടുന്ന അച്ഛൻ കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കി.
കാലം മുന്നോട്ടുപോയതോടെ വില്ലത്തരം എന്നത് കേവലം “ജന്മനാ ഉള്ള തിന്മ” എന്ന സങ്കൽപ്പത്തിൽ നിന്നും വഴിമാറി. വില്ലൻ എന്ന് പറയുമ്പോൾ എന്തും ആകാം എന്ന അവസ്ഥയിലേക്ക് കഥാകൃത്തുക്കൾ മാറിചിന്തിച്ചു തുടങ്ങി. സാഹചര്യങ്ങൾ, പ്രതിനായകത്വം, പ്രണയം, ആരോഗ്യം, മാനസിക രോഗങ്ങൾ, സമൂഹത്തിൽ നിന്നുള്ള പാർശ്വവത്കരണം അങ്ങനെ വില്ലൻ പിറവിയെടുക്കുന്നതിന് പിന്നിലെ കാരണങ്ങളുടെ ലിസ്റ്റ് നീണ്ടു. തിന്മ ചെയ്യുന്നവന്റെ മനസ്സിലേക്ക് ക്യാമറ തിരിച്ചുപിടിച്ച സിനിമകൾ അവരെ ക്രൂരൻ എന്നതിലുപരി “മനുഷ്യൻ” ആയി കാണാൻ പ്രേക്ഷകരെ പഠിപ്പിച്ചു.
മിന്നൽ മുരളി എന്ന ചിത്രത്തിലെ ഷിബു എന്ന കഥാപാത്രം ഇതിനൊരു മികച്ച ഉദാഹരണമാണ്. നാടിന്റെ പരിഹാസങ്ങൾ ഏറ്റുവാങ്ങി ജീവിച്ച, താൻ പ്രാണനായി സ്നേഹിച്ച പെൺകുട്ടിക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഷിബുവിനോട് പ്രേക്ഷകന് തോന്നിയത് വെറുപ്പല്ല, മറിച്ച് സഹതാപവും അനുകമ്പയുമായിരുന്നു. നായകനായ മിന്നൽ മുരളിയേക്കാൾ ചിലപ്പോഴെങ്കിലും തിയേറ്ററിൽ കയ്യടി നേടിയത് ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന വില്ലനായിരുന്നു. പ്രണയവും നിരസിക്കപ്പെടലും എങ്ങനെ ഒരാളെ ലോകത്തിലെ ഏറ്റവും അപകടകാരിയായ വില്ലനാക്കുന്നു എന്ന് ഈ കഥാപാത്രം കാണിച്ചുതന്നു.
അതുപോലെ തന്നെ ആരോഗ്യം, മാനസിക വൈകല്യങ്ങൾ, സങ്കീർണ്ണമായ മനോനിലകൾ എന്നിവയും വില്ലന്മാരെ സൃഷ്ടിക്കുന്ന ഘടകങ്ങളായി മാറാൻ തുടങ്ങി. അഞ്ചാം പാതിരായിലെ സാത്താൻ സേവ്യറും, ഫോറൻസിക് പോലുള്ള സിനിമകളിലെ കഥാപാത്രങ്ങളും മനസ്സിന്റെ ഇരുണ്ട തലങ്ങളെ വെളിവാക്കി. മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളും കുട്ടിക്കാലത്തെ ആഘാതങ്ങളുമാണ് പലപ്പോഴും അവരെ കുറ്റവാളികളാക്കുന്നത് എന്ന യാഥാർത്ഥ്യം സിനിമകൾ തുറന്നുകാട്ടി.
ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ഷമ്മി മലയാള സിനിമയിലെ ട്രെൻഡ് സെറ്റർ വില്ലന്മാരിൽ ഒരാളാണ്. സൈക്കോ എന്ന വാക്കിന് പുതിയൊരു നിർവ്വചനം നൽകിയ ഷമ്മി, നമ്മൾ ജീവിക്കുന്ന സമൂഹത്തിലെ വ്യാജ പുരുഷാധിപത്യത്തിന്റെ അഹങ്കാര പ്രതിരൂപമായിരുന്നു. ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കൊടുമൺ പോറ്റി അധീശത്വത്തിന്റെയും അധികാരതൃഷ്ണയുടെയും ഭയപ്പെടുത്തുന്ന വില്ലത്തരമായിരുന്നു സമ്മാനിച്ചത്. സമാനമായി, കലാ ചിത്രത്തിൽ ടൊവിനോയും സുമേഷ് മൂറും തമ്മിലുള്ള ഏറ്റുമുട്ടലിൽ, ആരാണ് ശരി ആരാണ് തെറ്റ് എന്ന് വേർതിരിക്കാൻ പറ്റാത്ത വിധം വില്ലത്തരവും നായകത്വവും കൂട്ടിക്കലർത്തപ്പെട്ടു.
ആവേശം പോലുള്ള ചിത്രങ്ങളിലെ സമീപകാല കഥാപാത്രങ്ങളിലേക്ക് എത്തുമ്പോൾ, വില്ലത്തരം എന്നത് ഡ്രമാറ്റിക്കും ക്രൂരവും മാത്രമായിരിക്കണം എന്നില്ലെന്ന് തെളിയുന്നു. അത് തമാശയും മാസ്സും ദുരൂഹതയും സ്റ്റൈലും കലർന്ന ഒന്നായി മാറിയിരിക്കുന്നു. ഇന്ന് വില്ലന്മാർക്ക് തനതായ പശ്ചാത്തല സംഗീതവും, വ്യത്യസ്തമായ ഗെറ്റപ്പുകളും, കയ്യടി നേടുന്ന ഡയലോഗുകളുമുണ്ട്. മലയാളത്തിൽ ഒടുവിലിറങ്ങിയ തുടക്കത്തിലെ ആശിഷ് വരെ മലയാള സിനിമയുടെ വില്ലൻ കഥാഗതികളുടെ പരിണാമ മാറ്റമാണ്. ഒരൊറ്റ ഡയലോഗ് കൊണ്ട് മാത്രം ആശിഷ് തീർത്ത വില്ലനിസം പ്രശംസിനീയമാണ്.
ഇന്നത്തെ പ്രേക്ഷകൻ സ്ക്രീനിലെ വില്ലനെ നോക്കുന്നത് ഒരുകാലത്തെപ്പോലെ വെറുപ്പോടെയല്ല, മറിച്ച് അഭിനയകലയുടെയും കഥാപാത്ര സൃഷ്ടിയുടെയും മികവോടെയാണ്. ഓരോ വില്ലനും അവന്റെ സ്വന്തം കഥയിലെ നായകനാണ് എന്ന സത്യം പ്രേക്ഷകൻ അംഗീകരിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് വില്ലൻ കഥാപാത്രങ്ങൾക്ക് തിയേറ്ററുകളിൽ കയ്യടിയും വിസിലടിയും ഒരുപോലെ ഉയരുന്നത്. കറുപ്പിനും വെളുപ്പിനുമിടയിലെ ചാരനിറമുള്ള മനുഷ്യരെ നെഞ്ചിലേറ്റുന്ന, കഥാപാത്രങ്ങളുടെ ആഴമളക്കുന്ന ആധുനിക സിനിമയുടെ മാറിയ കാഴ്ച്ചപ്പാടിന്റെ ഏറ്റവും വലിയ അടയാളപ്പെടുത്തലാണിത്.