‘മോഹൻലാലിനെ സെക്കൻഡറി ആർട്ടിസ്റ്റെന്ന് വിളിച്ചു’; ബോളിവുഡ് ചിത്രം വേണ്ടെന്നുവെച്ചതിന്റെ കാരണം വെളിപ്പെടുത്തി ജൂഡ് ആന്റണി

','

' ); } ?>

മോഹൻലാലിനെയും ആയുഷ്മാൻ ഖുറാനെയെയും പ്രധാന കഥാപാത്രങ്ങളാക്കി ആസൂത്രണം ചെയ്ത ഹിന്ദി ചിത്രത്തിൽ നിന്ന് പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ ജൂഡ് ആന്തണി. ഏറ്റവും മികച്ച നടന്മാരിലൊരാളായ മോഹൻലാലിനെ ‘സെക്കന്ററി ആക്ടർ’ എന്ന് വിശേഷിപ്പിച്ചതാണ് പിന്മാറ്റത്തിന്റെ കാരണമെന്ന് ജൂഡ് പറഞ്ഞു. ആദ്യം തിരക്കഥ പൂർത്തിയാകട്ടെ, അതിനുശേഷമേ ‘സെക്കൻഡറി ആർട്ടിസ്റ്റുകളെ’ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ എന്നായിരുന്നു നിർമാതാക്കളുടെ പ്രതികരണമെന്നും ജൂഡ് കൂട്ടിച്ചേർത്തു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അതിന്റെ ഏകദേശ സ്‌ക്രിപ്റ്റ് പൂർത്തിയായതായിരുന്നു. പ്രൊഡക്ഷന്‍ ഹൗസുമായി കഥയും ഡിസ്‌കസ് ചെയ്തിരുന്നു. അന്ന് ആ കഥയില്‍ ലാല്‍ സാറിനും റോളുണ്ടായിരുന്നു. പ്രധാനപ്പെട്ട റോളിലായിരുന്നു ലാല്‍ സാറിന്റെ ക്യാരക്ടര്‍. പക്ഷേ, തിരക്കഥ പൂർത്തിയാക്കി വരാനായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ ഞാന്‍ അവരുടെ മുന്നിലേക്ക് ഒരു ഡിമാന്‍ഡ് വെച്ചു. സ്‌ക്രിപ്റ്റ് കംപ്ലീറ്റ് ചെയ്യാം. പക്ഷേ, ലാല്‍ സാറിനെക്കൊണ്ട് ഈ പ്രൊജക്ട് കംപ്ലീറ്റ് ചെയ്യിക്കണം എന്നായിരുന്നു എന്റെ ഡിമാന്‍ഡ്.” ജൂഡ് ആന്റണി പറഞ്ഞു

“അപ്പോള്‍ അവര്‍ പറഞ്ഞത് ‘ആദ്യം സ്‌ക്രിപ്റ്റ് ഇഷ്ടമാകണം, എന്നിട്ടേ സെക്കന്‍ഡറി ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് ചിന്തിക്കുള്ളൂ’ എന്നാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച നടനായ ലാല്‍ സാറിനെ അവര്‍ സെക്കന്‍ഡറി ആര്‍ട്ടിസ്‌റ്റെന്ന് വിളിച്ചത് എനിക്ക് ഇഷ്ടമായില്ല. ഞാന്‍ ആ പ്രൊജക്ടില്‍ നിന്ന് പിന്മാറി. ഇ മെയിലിലൂടെയായിരുന്നു ഈ കോണ്‍വര്‍സേഷന്‍. അവര്‍ ഒരു മെയില്‍ ഇങ്ങോട്ടയക്കും, ഞാനൊരെണ്ണം തിരിച്ചയക്കും. അങ്ങനെ എന്റെ ലോയറിനെ കൂടെക്കൂട്ടിയാണ് അതില്‍ നിന്ന് പിന്മാറിയത്. അവസാനം അവരെക്കൊണ്ട് ഒരു നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് ഒപ്പുവെപ്പിച്ചു.” ജൂഡ് ആന്റണി കൂട്ടിച്ചേർത്തു.

അതേ സമയം വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് സംവിധാനം ചെയ്ത ‘തുടക്കം’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ ദിന കളക്ഷനായി ആഗോളതലത്തിൽ 3 കോടിയോളം ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. നിർമാതാവും നടനുമായ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും തുടക്കത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാലും ചിത്രത്തിന്റെ ഭാഗമാണ്.