
സംവിധായകൻ ജിത്തു മാധവൻ മോഹൻലാലിനെ നായകനാക്കി പ്ലാൻ ചെയ്തിരുന്ന ബിഗ് ബജറ്റ് ചിത്രം ഉപേക്ഷിച്ചു. ഒരു സാധാരണ മലയാള സിനിമയ്ക്ക് ആവശ്യമായതിനേക്കാൾ കൂടുതൽ ചിത്രീകരണ ദിവസങ്ങൾ വേണമായിരുന്നു എന്നതും, തുടർച്ചയായ പ്രോജക്റ്റുകൾ കാരണം മോഹൻലാൽ നൽകിയ ഡേറ്റുകളുടെ പരിമിതിയുമാണ് സിനിമ യാഥാർഥ്യമാകാതിരിക്കാൻ പ്രധാന കാരണം. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ജിത്തു മാധവൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ധാരാളം ആക്ഷൻ രംഗങ്ങളുള്ള ചിത്രമായതിനാൽ ഷൂട്ടിങ് ദിവസങ്ങൾ കുറയ്ക്കുന്നത് പ്രായോഗികമായിരുന്നില്ലെന്ന് ജിത്തു വ്യക്തമാക്കി. മോഹൻലാലിനെ മാത്രം മനസ്സിൽ കണ്ട് തയാറാക്കിയ തിരക്കഥയായതിനാൽ മറ്റൊരാളെ വെച്ച് ഈ സിനിമ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും, അതിനാൽ പ്രോജക്റ്റ് പൂർണ്ണമായും ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ മോഹൻലാൽ തന്നെ ഈ കൂട്ടുകെട്ടിനെക്കുറിച്ച് സൂചന നൽകിയിരുന്നെങ്കിലും, തന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ നിരയിൽ നിന്ന് ജിത്തു മാധവൻ പ്രോജക്റ്റ് ഒഴിവായതോടെ ആരാധകർക്കിടയിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. അതിനാണ് ഇപ്പോൾ ഔദ്യോഗിക സ്ഥിരീകരണമായിരിക്കുന്നത്.
ജിത്തുവിന്റെ വാക്കുകൾ
“മോഹൻലാൽ സിനിമ ഉപേക്ഷിക്കേണ്ടിവന്നു. മറ്റൊരാളെ വെച്ച് ചെയ്യുന്നത് എളുപ്പമല്ല. മോഹൻലാലിനെ മനസിൽവെച്ചാണ് എഴുതിയത്, അതിൽ മറ്റൊരാളെ സങ്കൽപ്പിച്ച് മാറ്റിയെഴുതാൻ പറ്റില്ല. സാധാരണ ഒരു മലയാളം സിനിമയെക്കാൾ, ഷൂട്ടിനായി ഒരുപാട് ദിവസം ആവശ്യമായിരുന്നു. അതുകൊണ്ടാണ് ചിത്രം നടക്കാതെ പോയത് എന്നാണ് ഞാൻ മനസിലാക്കിയത്. ദിവസങ്ങൾ കുറയ്ക്കാൻ ഞാൻ ശ്രമിച്ചെങ്കിലും ആ സിനിമയ്ക്ക് അത് സാധ്യമായിരുന്നില്ല. കുറെ ആക്ഷൻ സീനുകൾ ഉൾപ്പെടെ ഉണ്ടായിരുന്നു. അതിനാൽ ഷൂട്ടിന് കൂടുതൽ ദിവസം ആവശ്യമായിരുന്നു. ലാലേട്ടൻ തുടർച്ചയായി സിനിമകൾ ചെയ്യുന്നുണ്ട്. അതിനാൽ അത്രയും ദിവസം മാറ്റിവെക്കാൻ കഴിയാത്തതുകൊണ്ടാണ് സിനിമ നടക്കാത്തത് എന്നാണ് ഞാൻ മനസിലാക്കിയത്. ഒരു അഭിമുഖത്തിൽ പറയാൻ കഴിയുന്ന കാര്യമാണോ ഇത് എന്നെനിക്ക് അറിയില്ല.”
‘രോമാഞ്ചം’, ‘ആവേശം’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ തിരക്കഥയൊരുക്കുന്ന അടുത്ത ചിത്രം സൂര്യയെ നായകനാക്കി ചിദംബരം സംവിധാനം ചെയ്യുന്ന ‘സീൻ’ ആണ്. നസ്രിയ നസീം, നസ്ലിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.
തരുൺ മൂർത്തിയുടെ ‘അതിമനോഹരം’, വിഷ്ണു മോഹന്റെ ‘ഓപ്പറേഷൻ ഗംഗ’, അനൂപ് സത്യൻ ചിത്രം, പ്രിയദർശന്റെ നൂറാം ചിത്രം, ദിലീഷ് പോത്തന്റെ ‘നെടുങ്കണ്ടം മിറാക്കിൾ’, സത്യൻ അന്തിക്കാട്, ജൂഡ് ആന്റണി ജോസഫ്, ജീത്തു ജോസഫ് എന്നിവരുടെ പ്രോജക്റ്റുകളുമായി വലിയ തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ.