
തങ്ങളുടെ ഏഴുവയസ്സുകാരിയായ മകൾ അരിൻ റെയ്ൻ ശർമയ്ക്ക് ഇതുവരെ സ്ക്രീൻ ടൈം നൽകിയിട്ടില്ലെന്നും വീട്ടിൽ ടിവിയോ മൊബൈൽ ഫോണുകളോ ഉപയോഗിക്കുന്നില്ലെന്നും ചലച്ചിത്ര താരം അസിന്റെ ഭർത്താവും മൈക്രോമാക്സ് സഹസ്ഥാപകനുമായ രാഹുൽ ശർമ. മൈഗവ് ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
വീട്ടിൽ സ്ക്രീനുകൾക്ക് പകരമായി നിറയെ പുസ്തകങ്ങളാണ് ഉള്ളതെന്ന് രാഹുൽ പറഞ്ഞു. സ്കൂളിലുള്ളതിനേക്കാൾ കൂടുതൽ പുസ്തകങ്ങൾ തങ്ങളുടെ വീട്ടിലുണ്ട്. രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൾക്കായി എട്ടും ഒൻപതും ക്ലാസുകളിലെ പുസ്തകങ്ങൾ വരെ വാങ്ങി വെച്ചിട്ടുണ്ടെന്നും മകളുടെ പഠനത്തിലും വളർച്ചയിലും പൂർണ ശ്രദ്ധ നൽകുന്നത് അസിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴു വയസ്സുകാരിയായ അരിൻ അസാധാരണമായ ഭാഷാശേഷിയാണ് പ്രകടിപ്പിക്കുന്നത്. കൊറിയൻ, ജാപ്പനീസ്, തായ്, ചൈനീസ് ഉൾപ്പെടെ ഏകദേശം 12 ഭാഷകൾ മനസ്സിലാക്കാനും സംസാരിക്കാനും മകൾക്ക് കഴിയുന്നുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്ന അസിൻ തന്റെ വലിയ കരുത്താണെന്നും രാഹുൽ അഭിമുഖത്തിൽ ഓർമിച്ചു.
രാഹുലിന്റെ വാക്കുകൾ
“അരിന് ഇതുവരെ സ്ക്രീനുകളൊന്നും നൽകിയിട്ടില്ല. വീട്ടിൽ ടിവിയും മൊബൈൽ ഫോണുകളുമില്ല. പകരം വായിക്കാൻ നിറയെ പുസ്തകങ്ങൾ മാത്രമാണുള്ളത്. അവളുടെ സ്കൂളിലുള്ളതിനേക്കാൾ കൂടുതൽ പുസ്തകങ്ങൾ ഞങ്ങളുടെ വീട്ടിലുണ്ടാകും. അരിൻ ഇപ്പോൾ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. എന്നാൽ എട്ടും ഒൻപതും ക്ലാസുകളിലെ പുസ്തകങ്ങൾ വരെ വീട്ടിൽ വാങ്ങി വെച്ചിട്ടുണ്ട്. മകൾക്ക് പത്താം ക്ലാസ് പരീക്ഷ ഇപ്പോൾ തന്നെ എഴുതിച്ചാലോ എന്ന് ഇടയ്ക്കൊക്കെ തമാശയായി പറയാറുണ്ട്. ഇതെല്ലാം മകളുടെ കാര്യത്തിൽ അസിൻ നൽകുന്ന വലിയ ശ്രദ്ധയുടെ ഫലമാണ്.
ഏഴു വയസ്സുകാരിയായ അരിന് കൊറിയൻ, ജാപ്പനീസ്, തായ്, ചൈനീസ് ഉൾപ്പെടെ ഏകദേശം 12 ഭാഷകൾ മനസ്സിലാക്കാനും സംസാരിക്കാനും കഴിയും. എനിക്ക് രണ്ട് ഭാഷകൾ സംസാരിക്കാൻ പോലും ബുദ്ധിമുട്ടാണ്. ഞങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും ഒതുങ്ങിപ്പോയി.
കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിൽ അസിൻ വഹിക്കുന്ന പങ്ക് വലുതാണ്. പുറത്തുള്ള കാര്യങ്ങൾ മാത്രമല്ല, വീട്ടിനുള്ളിലെ കാര്യങ്ങളും ഭംഗിയായി നേരിടേണ്ടതുണ്ട്. ഞങ്ങളുടെ വീട്ടിലെ ആ കാര്യങ്ങളെല്ലാം നോക്കുന്നത് അസിനാണ്. അവളെപ്പോലൊരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. അസിനെ വിവാഹം കഴിച്ചതാണ് എനിക്ക് ഏറ്റവും ഗുണം ചെയ്ത കാര്യം. അവളാണ് എന്റെ വലിയ കരുത്ത്.”
2016-ൽ രാഹുൽ ശർമയുമായുള്ള വിവാഹശേഷമാണ് അസിൻ സിനിമാലോകത്തുനിന്ന് ഇടവേള എടുത്തത്. മലയാളത്തിലൂടെ അഭിനയരംഗത്തെത്തി തമിഴ്, തെലുങ്ക്, ബോളിവുഡ് ഭാഷകളിൽ തിളങ്ങിയ താരം, സിനിമയിൽ നിന്ന് വിട്ടുനിന്നുകൊണ്ട് കുടുംബജീവിതത്തിലും കുട്ടിയുടെ വളർച്ചയിലും പുലർത്തുന്ന കരുതൽ ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.