
തന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ബയോപിക് സിനിമയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബോക്സിങ് താരം മേരി കോം. പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിലെത്തിയ ചിത്രം തന്റെ കഷ്ടപ്പാടുകളുടെയും കഠിനാധ്വാനത്തിന്റെയും വെറും 10 ശതമാനം മാത്രമാണ് അവതരിപ്പിച്ചതെന്നും, കഥയിലെ പല ഭാഗങ്ങളും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും അവർ വെളിപ്പെടുത്തി. ചിത്രം പുറത്തിറങ്ങി 12 വർഷം തികയുന്ന വേളയിലാണ് താരത്തിന്റെ പ്രതികരണം.
തന്റെ ജീവിതത്തിന്റെ പൂർണ്ണരൂപം മനസ്സിലാക്കാൻ ‘അൺബ്രേക്കബിൾ’ എന്ന ആത്മകഥ വായിക്കുക തന്നെ വേണമെന്നും മേരി കോം വ്യക്തമാക്കി. നിലവിൽ ചിത്രത്തിന് ഒരു രണ്ടാം ഭാഗത്തിന്റെ ആവശ്യകതയില്ലെന്ന് തള്ളിക്കളഞ്ഞ താരം, ഭാവിയെക്കുറിച്ച് പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി. ഒൻലർ കോമുമായുള്ള വേർപിരിയലും സാമ്പത്തിക വഞ്ചനാ ആരോപണങ്ങളും മൂലം അടുത്തിടെ മേരി കോമിന്റെ വ്യക്തിജീവിതം വാ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ‘ബിഗ് ബോസ് 20’ ഷോയിലും താരം പങ്കാളിയായിരുന്നു.
2014-ൽ ഒമുങ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിലൂടെ പ്രിയങ്ക ചോപ്രയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നെങ്കിലും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരു നടിയെ ആയിരുന്നു ആ വേഷത്തിലേക്ക് തിരഞ്ഞെടുക്കേണ്ടിയിരുന്നതെന്ന് പ്രിയങ്കയും മുൻപ് തുറന്നുപറഞ്ഞിരുന്നു.
മേരി കോമിന്റെ വാക്കുകൾ
“സിനിമയ്ക്ക് ഇനി ഒരു രണ്ടാം ഭാഗം ഉണ്ടാകേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല; എല്ലാവർക്കും എന്റെ കഥ അറിയാം. എന്റെ കരിയറും യാത്രയും സിനിമയിലും എന്റെ ‘അൺബ്രേക്കബിൾ’ എന്ന പുസ്തകത്തിലും ഇതിനോടകം കാണിച്ചിട്ടുള്ളതാണ്. എന്നിരുന്നാലും, ആ ബയോപിക് യഥാർത്ഥമായിരുന്നില്ല. കഥയുടെ ചില ഭാഗങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് എനിക്ക് തോന്നി. എന്റെ കഷ്ടപ്പാടുകളുടെയും കഠിനാധ്വാനത്തിന്റെയും 10 ശതമാനം മാത്രമാണ് അതിൽ കാണിച്ചത്. നിങ്ങൾ പുസ്തകം വായിച്ചാൽ മാത്രമേ എന്റെ കഷ്ടപ്പാടുകളും കഠിനാധ്വാനവും കാണാൻ കഴിയൂ. ബാക്കി ജീവിതത്തിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, എങ്കിലും ഭാവി സുഗമവും സന്തോഷകരവുമായിരിക്കുമെന്ന് ഞാൻ കരുതുന്നു. എന്റെ ജീവിതത്തിൽ പ്രണയത്തിന് ഇടമുണ്ടാകുമോ എന്നറിയാൻ ആളുകൾ ആഗ്രഹിക്കുന്നുണ്ട്. ഭാവിയിൽ അങ്ങനെ സംഭവിച്ചാൽ അപ്പോൾ ഞാൻ അതനുസരിച്ചുള്ള തീരുമാനമെടുക്കും.” മേരി കോമിന്റെ വാക്കുകൾ.
താൻ ഒരു ജീവനുള്ള കായിക ഐക്കൺ ആണെന്നും നിരവധി വനിതാ അത്ലറ്റുകൾക്ക് ഇടം ഉണ്ടാക്കിക്കൊടുത്ത വ്യക്തിയാണെന്നുമുള്ളതിനാൽ, മേരി കോമിന്റെ വേഷം സ്വീകരിക്കുന്നതിൽ തനിക്ക് ആദ്യം സംശയമുണ്ടായിരുന്നതായി 2022-ൽ നൽകിയ ഒരു അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞിരുന്നു. മേരിയോടുള്ള തന്റെ ആരാധനയാണ്, ആ വേഷം ചെയ്യാൻ അണിയറപ്രവർത്തകർ നിർബന്ധിച്ചപ്പോൾ ചിത്രം സ്വീകരിക്കാൻ തന്നെ പ്രേരിപ്പിച്ചത്. തനിക്ക് അവരുമായി യാതൊരു സാദൃശ്യവുമില്ലെന്നും ആ വേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആർക്കെങ്കിലും നൽകേണ്ടതായിരുന്നുവെന്നും അന്ന് പ്രിയങ്കാ ചോപ്ര തുറന്നുപറഞ്ഞിരുന്നു.
ഒമുങ് കുമാർ സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പ്രിയങ്കയായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡും പ്രിയങ്കയെ തേടിയെത്തി.
2025-ൽ ഭർത്താവ് ഒൻലർ കോമുമായുള്ള വേർപിരിയൽ പരസ്യമായതിനെത്തുടർന്ന് മേരിയുടെ വ്യക്തിജീവിതം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. താൻ സാമ്പത്തികമായി വഞ്ചിക്കപ്പെട്ടുവെന്നും തനിക്ക് അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും മേരി പിന്നീട് ആരോപിച്ചു. എന്നാൽ ഒൻലർ ഈ ആരോപണങ്ങൾ നിഷേധിക്കുകയും മേരിയുടെ ബന്ധങ്ങളെക്കുറിച്ച് പ്രത്യാരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. അടുത്തിടെ ‘ബിഗ് ബോസ് 20’ ഷോയിലും 2012 ലെ ലണ്ടൻ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ താരം പങ്കെടുത്തിരുന്നു.