നാനാ പടേക്കര്‍ക്കെതിരായ തനുശ്രീ ദത്തയുടെ മീടൂ ആരോപണം, കേസ് അവസാനിപ്പിച്ച് പൊലീസ്

നാനാ പടേക്കര്‍ക്കെതിരായ തനുശ്രീ ദത്തയുടെ മീടൂ ആരോപണത്തില്‍ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ്. തെളിവുകളുടെ അഭാവത്തില്‍ തനുശ്രീയുടെ പരാതിയിലുള്ള കേസന്വേഷണം മുംബൈ പോലീസ് അവസാനിപ്പിക്കുന്നുവെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. നിരവധി സ്ത്രീകള്‍ ലൈംഗികാരോപണം ഉന്നയിച്ച ഒരു മനുഷ്യന് നിയമസംവിധാനം ക്ലീന്‍ ചിറ്റ് കൊടുത്തിരിക്കുന്നെന്നായിരുന്നു തനുശ്രീയുടെ പ്രതികരണം.

2008ല്‍ ‘ഹോണ്‍ ഓകെ പ്ലീസ്’ എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ നാനാ പടേക്കര്‍ അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ പരാതിയിലുള്ളത്. അന്വേഷണത്തിനിടയില്‍ തനുശ്രീ ദത്തയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് സാമീ സിദ്ദിഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്ക് ഈ വിഷയം അറിയാമായിരുന്നുവെങ്കിലും അവര്‍ നാനാ പടേക്കറുടെ പക്ഷം ചേരുകയായിരുന്നു എന്നും തനുശ്രീ ആരോപിച്ചിരുന്നു. അതേസമയം തനിക്കെതിരെ ആരോപണം ഉന്നയിച്ച തനുശ്രീക്കെതിരെ നടന്‍ നാനാ പടേക്കര്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.

ചിത്രത്തിലെ ഒരു ഗാനചിത്രീകരണത്തിനിടെ നാന പടേക്കര്‍ തന്റെ കൈയില്‍ കടന്നുപിടിച്ചെന്നും നൃത്തം ചെയ്യേണ്ട രീതി ഇതാണെന്ന് പറഞ്ഞ് കാണിച്ചുതന്നുവെന്നും തനുശ്രീ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. പിന്നീട്, പോലീസില്‍ പരാതി എഴുതി നല്‍കുകയും ചെയ്യുകയായിരുന്നു.