ദര്‍ബാറില്‍ രജനികാന്തിനൊപ്പം അഭിനയിക്കാന്‍ അവസരം ചോദിച്ച് ഹോളിവുഡ് നടന്‍ ബില്‍ ഡ്യൂക്ക്..

ഹോളിവുഡില്‍ അഭിനയിക്കാനുള്ള അവസരത്തെ ഒരു ഭാഗ്യമായി കാണുന്നവരാണ് ഇന്ത്യയിലെ പല നടന്മാരും. എന്നാല്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കാര്യത്തില്‍ അത് നേരെ തിരിച്ചാണ്. രജനികാന്ത് പ്രധാനവേഷത്തില്‍ എത്തുന്ന ‘ദര്‍ബാര്‍’ എന്ന ചിത്രത്തില്‍ അവസരം ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹോളിവുഡ് നടന്‍ ബില്‍ ഡ്യൂക്ക്. എ.ആര്‍ മുരുഗദോസ് ഒരുക്കുന്ന ചിത്രത്തില്‍ തനിക്കും ഒരു വേഷം നല്‍കണമെന്നാണ് നടന്റെ അഭ്യര്‍ത്ഥന.

‘എ.ആര്‍ മുരുഗദോസ് എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല. എന്നിരുന്നാലും എറെക്കാലമായി അമേരിക്കയില്‍ ജീവിക്കുന്ന രജനികാന്തിന്റെ ബന്ധുവായിട്ടോ അല്ലെങ്കില്‍ നയന്‍താരയുടെ അമ്മാവനായിട്ടോ എനിക്ക് അഭിനയിക്കാന്‍ സാധിക്കും. ശ്രീകര്‍ പ്രദാസ്, സന്തോഷ് ശിവന്‍ എന്നിവര്‍ക്ക് എന്നെ ഉള്‍പ്പെടുത്താന്‍ സാധിക്കും. അനിരുദ്ധിന് എല്ലാതാരങ്ങള്‍ക്കും വേണ്ടി ഹിറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ സാധിക്കും. നിങ്ങള്‍ എന്ത് പറയുന്നു?’- ബില്‍ ഡ്യൂക്ക് ചോദിച്ചു.

ബില്‍ ട്യൂക്കിന്റെ ട്വീറ്റ് പങ്കുവെച്ച മുരുഗദോസ് അതിശയത്തോടെ ‘സര്‍, ഇത് താങ്കള്‍ തന്നെയാണോ’ എന്ന് ചോദിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് വന്നിരിക്കുന്നത്. ഒരു ഹോളിവുഡ് താരം തന്റെ സിനിമയില്‍ അവസരം ചോദിച്ചത് മുരുഗദോസിന് വിശ്വസിക്കാനായില്ല. എന്നാല്‍ അക്കൗണ്ട് തന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് ബില്‍ ഡ്യൂക്ക് തനിക്ക് 76 വയസ്സായെന്നും നിക്കൊളാസ് കേജ് നായകനായി എത്തിയ മാന്‍ഡിയിലാണ് അവസാനം അഭിനയിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. ഒപ്പം ഒരുമിച്ച്‌ വര്‍ക്ക് ചെയ്യാന്‍ ഒരു വഴി കണ്ടെത്തണമെന്നും അദ്ദേഹം മുരുഗദോസിനോട് പറഞ്ഞു.

അര്‍ണോള്‍ഡ് ശ്വാസ്‌നെഗര്‍ പ്രധാനവേഷത്തില്‍ എത്തിയ കമാന്റോ, പ്രിഡേറ്റര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ബില്‍ ഡ്യൂക്ക്.

27 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. 1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തില്‍ എത്തിയത്.

സംഗീതം അനിരുദ്ധ് രവിചന്ദര്‍. ഛായാഗ്രഹണം സന്തോഷ് ശിവന്‍. നിര്‍മാണം ലൈക പ്രൊഡക്ഷന്‍സ്. രജനിയുടെ 167ാം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒന്നിക്കുന്നത്. എസ്.ജെ. സൂര്യ വില്ലന്‍ കഥാപാത്രത്തിലെത്തുന്നു. നയന്‍താരയാണ് നായിക.