ശ്രദ്ധ നേടി യുവ നടനും മോഹൻലാലിന്റെ മകനുമായ പ്രണവ് മോഹൻലാലിനെ കുറിച്ചുള്ള തമിഴ് മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ. ‘ദൃശ്യം’ സിനിമയുടെ തമിഴ് റീമേക്ക് ആയ ‘പാപനാശം’ സിനിമയുടെ ചിത്രീകരണ വേളയിലെ പ്രണവിന്റെ പെരുമാറ്റത്തെ കുറിച്ചാണ് മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ. താനൊരു സൂപ്പർതാരത്തിന്റെ മകനാണെന്ന യാതൊരു ഭാവവുമില്ലാതെയാണ് സെറ്റിൽ ഒരു അസിസ്റ്റന്റ് ഡയറക്ടറായി പ്രണവ് പ്രവർത്തിച്ചിരുന്നതെന്ന് മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തി.
“ദൃശ്യം സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ ഒരു അസിസ്റ്റന്റ് ഡയറക്റ്റർ വളരെ ഡെഡിക്കേറ്റഡ് ആയി അവിടെയും ഇവിടെയും ഓടി നടന്ന് എല്ലാ പണികളും ചെയ്യുന്നത് കണ്ടു. അയാൾ മലയാളവും തമിഴും ചേർന്ന ഭാഷയിലാണ് സംസാരിച്ചത്. തമിഴ് വളരെ നന്നായി സംസാരിക്കുന്നുണ്ടായിരുന്നു. യൂണിറ്റിലെ പലർക്കും അത് ആരാണെന്ന് അറിയില്ല. പക്ഷേ, കമൽ സാറിന് മാത്രം അറിയാം അത് ആരാണെന്ന്.
ഇടയ്ക്ക് ബ്രേക്ക് സമയത്ത് അയാൾ ഒരു തമിഴ് പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നത് കണ്ടു. കമൽ സാർ അയാളെ അടുത്തേക്ക് വിളിച്ചു, അദ്ദേഹം ഈ പയ്യനെ കെട്ടിപ്പിടിച്ചു. യൂണിറ്റിലെ എല്ലാവരും അന്തംവിട്ടുപോയി. പിന്നെയാണ് അറിഞ്ഞത്, അത് മോഹൻലാലിൻ്റെ മകൻ, പ്രണവ് മോഹൻലാൽ ആണെന്ന്. ആരാലും അറിയപ്പെടാതെ യൂണിറ്റിൽ കഷ്ടപ്പെട്ട് ജോലിയെടുത്ത്, യൂണിറ്റിലെ എല്ലാവരും കഴിക്കുന്ന ഭക്ഷണവും കഴിച്ചാണ് പ്രണവ് അവിടെ കഴിഞ്ഞത്. അത് അദ്ദേഹത്തിന്റെ അച്ഛൻ പകർന്നുകൊടുത്ത എളിമയാണ്,’ മാധ്യമപ്രവർത്തകൻ പറഞ്ഞു.