
ഹ്രസ്വചിത്രത്തിൽ പണം നിക്ഷേപിക്കാൻ വിസമ്മതിച്ച യുവാവിനെ മർദ്ദിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ടെലിവിഷൻ നടിയും റിയാലിറ്റി ഷോ താരവുമായ വർഷിണി വെങ്കട്ട് അറസ്റ്റിൽ. മൈലാപ്പൂർ ഡോ. രംഗ റോഡ് സ്വദേശിനിയായ വർഷിണിയെ ഗിണ്ടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കേസിൽ ഇവരിൽ നിന്ന് ഒരു ഐഫോണും പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കിയ നടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഗിണ്ടിയിലെ ഹോസ്റ്റലിൽ താമസിക്കുന്ന തരുൺ എന്ന യുവാവാണ് നടിക്ക് എതിരെയുള്ള പരാതിയുമായി പൊലീസിനെ സമീപിച്ചത്. വർഷിണിയുടെ സുഹൃത്തുകൂടിയാണ് പരാതിക്കാരനായ തരുൺ. താൻ സുഹൃത്തുക്കളോടൊപ്പം നിർമ്മിക്കുന്ന ഹ്രസ്വചിത്രത്തിൽ പണം നിക്ഷേപിക്കാൻ വർഷിണി നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ താൻ ഇത് നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നും തരുൺ പോലീസിനോട് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച പുലർച്ചെ പുറത്തുപോയി ഹോസ്റ്റലിൽ തിരിച്ചെത്തിയ തരുണുമായി വർഷിണി, സഞ്ജയ് ഉൾപ്പെടെയുള്ള നാലംഗ സംഘം തർക്കത്തിലേർപ്പെടുകയും മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി ഇവർ ആദ്യം 50,000 രൂപ കൈക്കലാക്കി. പിന്നീട് സഞ്ജയ് ഫോണിൽ വിളിച്ച് ഭീഷണി തുടർന്നതോടെ, തരുൺ 3 ലക്ഷം രൂപ വർഷിണിയുടെ ബാങ്ക് അക്കൗണ്ടിലേക്കും 2 ലക്ഷം രൂപ സഞ്ജയിന്റെ അക്കൗണ്ടിലേക്കും ഓൺലൈനായി മാറ്റി നൽകി.
ആകെ 5.5 ലക്ഷം രൂപ നൽകിയിട്ടും സംഘത്തിന്റെ ഭീഷണി അവസാനിച്ചില്ലെന്നും സഞ്ജയ് വീണ്ടും 27 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു. തരുണിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ ഗിണ്ടി പോലീസ്, ബാങ്ക് ഇടപാടുകൾ പരിശോധിച്ച് വർഷിണിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടി അറസ്റ്റിലായത്.