
‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അന്തരിച്ച നടി സാവിത്രി ശ്രീധരന് വിടചെല്ലി ചിത്രത്തിലെ നായകൻ സാമുവൽ അബിയോള റോബിൻസൺ. സിനിമയിലെ ക്ലൈമാക്സ് രംഗത്തിലെ ചിത്രം പങ്കുവെച്ചാണ് സാമുവൽ ആദരവറിയിച്ചത്.
“ഇപ്പോൾ അവർ സ്വർഗത്തിലെ മാലാഖയായിരിക്കുന്നു, സുഖമായി വിശ്രമിക്കൂ സാവിത്രി മാഡം,” എന്നാണ് സാമുവൽ കുറിച്ചത്. വിയോഗവാർത്ത തന്നെ തകർത്തു കളഞ്ഞെന്നും മികച്ച വ്യക്തിയും അതുല്യയായ അഭിനേത്രിയുമായിരുന്നു സാവിത്രിയെന്നും അദ്ദേഹം മലയാളത്തിലുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
സാവിത്രിയുടെ വിയോഗവാർത്ത ഇപ്പോഴാണ് അറിഞ്ഞത്. വാർത്ത കേട്ടു തകർന്നുപോയി. സാവിത്രി മികച്ച വ്യക്തിയും അതുല്യയായ അഭിനേത്രിയുമായിരുന്നു. അവർ ഇപ്പോൾ സ്വര്‍ഗത്തിലെ മാലാഖയാണ്’, സാമുവൽ സ്റ്റോറിയിൽ കുറിച്ചു.
ചിത്രത്തിൽ ജമീല എന്ന കഥാപാത്രത്തെയാണ് സാവിത്രി അവതരിപ്പിച്ചത്. നൈജീരിയൻ താരമായ സാമുവലും സാവിത്രിയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അഞ്ചു പതിറ്റാണ്ടോളം പ്രൊഫഷണൽ നാടകരംഗത്ത് സജീവമായിരുന്ന സാവിത്രി, നാടകപ്രവർത്തനത്തിലൂടെയാണ് അഭിനയജീവിതം ആരംഭിക്കുന്നത്. മികച്ച നാടക നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്. സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’യിലെ പ്രകടനത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശവും സാവിത്രി ശ്രീധരനെ തേടിയെത്തിയിരുന്നു.