
ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്സ് ഇതിഹാസവുമായ എം.എസ്. ധോനിക്ക് ഹൃദയസ്പർശിയായ കുറിപ്പുകളുമായി തമിഴ് സിനിമാ താരങ്ങളായ ധനുഷും കാർത്തിയും. ധോനിയില്ലാതെ ക്രിക്കറ്റ് ഇനി പഴയതുപോലെയാകില്ലെന്ന് ധനുഷ് കുറിച്ചപ്പോൾ, ജീവിതം എവിടേക്ക് കൊണ്ടുപോയാലും ധോനി എന്നും തങ്ങളുടെ ‘തല’ ആയിരിക്കുമെന്ന് കാർത്തി പ്രതികരിച്ചു.
എക്സിലൂടെയാണ് ഇരുവരും തങ്ങളുടെ വികാരനിർഭരമായ കുറിപ്പുകൾ പങ്കുവെച്ചത്. വെറുമൊരു കളിക്കാരനപ്പുറം ജനങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ വ്യക്തിത്വമാണ് ധോനിയെന്ന് ധനുഷ് ഓർമ്മിപ്പിച്ചു. “ചില കളിക്കാർ നമ്മളെ രസിപ്പിക്കും, മറ്റു ചിലർ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീരും. എം.എസ്. ധോനി നമുക്ക് ഇത് രണ്ടുമായിരുന്നു. സമ്മാനിച്ച എല്ലാ ഓർമ്മകൾക്കും നന്ദി. നിങ്ങളില്ലാത്ത കളി ഇനി ഒരിക്കലും പഴയതുപോലെയായിരിക്കില്ല,” ധനുഷ് കുറിച്ചു.
ധോനിയുടെ ഉപദേശങ്ങളും അറിവും ആയിരക്കണക്കിന് യുവതാരങ്ങൾക്ക് പ്രയോജനപ്പെട്ടിട്ടുണ്ടെന്നും, വരും തലമുറയ്ക്കും ഇത് പ്രചോദനമേകുന്നത് തുടരുമെന്നും ധനുഷ് പ്രത്യാശ പ്രകടിപ്പിച്ചു. കളിക്കളത്തിന് പുറത്ത് ധോനിയെ കാണാനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ‘യാത്ര പറയട്ടെ ചാംപ്യനേ’ എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.
ഒരു സാധാരണ യുവാവ് കൺമുന്നിൽ വെച്ച് ഇതിഹാസമായി വളരുന്നത് കാണാൻ ഭാഗ്യം ലഭിച്ച തലമുറയാണ് തങ്ങളുടേതെന്ന് നടൻ കാർത്തി കുറിച്ചു. “ധോനി സാബ്… ‘നമ്പർ 7’ എന്നത് വെറുമൊരു സംഖ്യയല്ല, അതിനപ്പുറം മറ്റെന്തോ ആണ്. ചെന്നൈയെ സംബന്ധിച്ചിടത്തോളം അത് അസംഖ്യം വികാരങ്ങളെയും മറക്കാനാവാത്ത വിജയങ്ങളെയുമാണ് കുറിക്കുന്നത്. ‘അവസാന നിമിഷം വരെ ഒന്നും അവസാനിക്കുന്നില്ല’ എന്ന് ദശലക്ഷക്കണക്കിന് ആളുകളെ വിശ്വസിപ്പിച്ച ആ മാന്ത്രിക നിമിഷങ്ങളാണത്,” കാർത്തി വ്യക്തമാക്കി.
കളിയിലൂടെ മാത്രമല്ല, വിനയം കൊണ്ടും മനുഷ്യത്വം കൊണ്ടും കളിക്കളത്തിനകത്തും പുറത്തുമുള്ള പെരുമാറ്റം കൊണ്ടും ഒരു തലമുറയെ മുഴുവൻ ധോനി പ്രചോദിപ്പിച്ചുവെന്നും കാർത്തി കൂട്ടിച്ചേർത്തു. ധോനിയുടെ വിരമിക്കൽ വാർത്തയ്ക്ക് പിന്നാലെ നിരാശ പ്രകടിപ്പിച്ച് നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. ഇതിനിടെ താരങ്ങളുടെ കുറിപ്പുകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.