അനശ്വര രാജൻ അതിശയിപ്പിക്കുന്ന അഭിനേത്രി; തെലുങ്ക് സിനിമാലോകം ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്നു: ചിരഞ്ജീവി

','

' ); } ?>

മലയാളി നടി അനശ്വര രാജനെ വാനോളം പ്രശംസിച്ച് തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി. അനശ്വര അതിശയിപ്പിക്കുന്ന അഭിനേത്രിയാണെന്നും തെലുങ്ക് സിനിമയിൽ താരത്തിന് വലിയൊരു ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനശ്വരയുടെ പുതിയ തെലുങ്ക് ചിത്രം ‘ഇറ്റ്ലു അർജുന’യുടെ വിജയാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചിരഞ്ജീവി.

അനശ്വരയുടെ ചിരിയെയും അഭിനയശൈലിയെയും ചിരഞ്ജീവി പ്രത്യേകം എടുത്തുപറഞ്ഞു. അനശ്വരയുടെ ചിരി തനിക്ക് ഏറെ ഇഷ്ടമാണെന്നും അതിൽ നിഷ്കളങ്കതയും പരിശുദ്ധിയും കാണാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമിതാഭിനയമില്ലാതെ ഓരോ രംഗത്തിനും ആവശ്യമായത് മാത്രം കൃത്യമായി നൽകാൻ അനശ്വരയ്ക്ക് സാധിക്കുന്നുണ്ടെന്നും, താരത്തിന്റെ നൃത്തവും മികച്ചുനിൽക്കുന്നുവെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു. തെലുങ്ക് സിനിമാലോകം അനശ്വരയെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുകയാണെന്നും വലിയൊരു ഇടം സ്വന്തമാക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

‘ഇറ്റ്ലു അർജുന’യിൽ വ്യത്യസ്ത സ്വഭാവങ്ങളുള്ള രണ്ട് ഷേഡുകളിലാണ് അനശ്വരയുടെ കഥാപാത്രമെത്തുന്നത്. ഒരു ഭാഗത്ത് സാധാരണക്കാരിയായ പാവപ്പെട്ട പെൺകുട്ടിയായും മറുഭാഗത്ത് തികച്ചും വ്യത്യസ്തമായ ഭാവത്തിലുമെത്തുന്ന കഥാപാത്രത്തെ അനശ്വര അതിമനോഹരമായി അവതരിപ്പിച്ചു. ചിത്രത്തിലെ വിനോദത്തിന്റെ വലിയൊരു ഭാഗം അനശ്വരയുടെ കഥാപാത്രത്തിലൂടെയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി.

ചിരഞ്ജീവിയും അനശ്വരയും ഒന്നിച്ചഭിനയിക്കുന്ന ‘കാക്ക’ എന്ന പുതിയ ചിത്രത്തെക്കുറിച്ചും ചടങ്ങിൽ അദ്ദേഹം സൂചിപ്പിച്ചു. സസ്പെൻസ് നിലനിർത്തേണ്ടതിനാൽ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ ‘കതിരി കാളിദാസ്’ എന്ന സിനിമയുടെ വിവരങ്ങൾ തന്റെ ഭാഗത്തുനിന്ന് ചോർന്നുപോയ അനുഭവമുള്ളതിനാൽ ഇത്തവണ കൂടുതൽ ശ്രദ്ധിക്കുന്നുണ്ടെന്നും ചിരഞ്ജീവി തമാശയായി പറഞ്ഞു. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ, സംക്രാന്തി റിലീസായാണ് ‘കാക്ക’ തിയേറ്ററുകളിലെത്തിക്കാൻ ആലോചിക്കുന്നത്. സദസ്സിൽനിന്ന് ഉയർന്ന വലിയ ആർപ്പുവിളികൾക്കിടെയായിരുന്നു ചിരഞ്ജീവിയുടെ ഈ വാക്കുകൾ.

ചിരഞ്ജീവിയുടെ വാക്കുകൾ

“അനശ്വര രാജൻ ഇപ്പോൾ എനിക്കൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. അവർ അതിശയിപ്പിക്കുന്ന ഒരു അഭിനേത്രിയാണ്. പ്രത്യേകിച്ച് അവരുടെ ചിരി എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആ ചിരിയിൽ നിഷ്കളങ്കതയും പരിശുദ്ധിയും കാണാനാകും. വളരെ മികച്ച രീതിയിൽ അഭിനയിക്കുന്ന താരമാണ് അനശ്വര.

ഞങ്ങൾ ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ‘കാക്ക’ എന്ന ചിത്രത്തെക്കുറിച്ച് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സിനിമയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് കഥയുടെ വിവരങ്ങൾ പുറത്താകാൻ കാരണമാകും. അതുകൊണ്ട് ഇപ്പോൾ ഒന്നും പറയാനാകില്ല, ചിത്രത്തിന്റെ സസ്പെൻസ് നിലനിർത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ, സംക്രാന്തി റിലീസായി സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെയും ‘കതിരി കാളിദാസ്’ എന്ന സിനിമയുടെ വിവരങ്ങൾ എന്റെ ഭാഗത്തുനിന്ന് പുറത്തുപോയിട്ടുണ്ട്. അതുകൊണ്ട് ഇത്തവണ ഞാൻ കൂടുതൽ ശ്രദ്ധിക്കുകയാണ്.

‘ഇറ്റ്ലു അർജുന’ എന്ന ചിത്രത്തിലെ അനശ്വരയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. വ്യത്യസ്ത സ്വഭാവങ്ങളുള്ള രണ്ട് ഷേഡുകളിലാണ് അതിൽ അനശ്വരയുടെ കഥാപാത്രമെത്തുന്നത്. ഒരു ഭാഗത്ത് സാധാരണക്കാരിയായ, പാവപ്പെട്ട പെൺകുട്ടിയായും മറുഭാഗത്ത് തികച്ചും വ്യത്യസ്തമായ സ്വഭാവത്തോടെയുമാണ് കഥാപാത്രം എത്തുന്നത്. ഈ രണ്ട് ഭാവങ്ങൾക്കിടയിലുള്ള വ്യത്യാസം അനശ്വര മികച്ച രീതിയിൽ അവതരിപ്പിച്ചു. ചിത്രത്തിലെ എന്റർടെയ്ൻമെന്റിന്റെ വലിയൊരു ഭാഗം അനശ്വരയുടെ കഥാപാത്രത്തിലൂടെയാണ് ലഭിക്കുന്നത്. അമിതാഭിനയമില്ലാതെ ഓരോ രംഗത്തിനും ആവശ്യമായത് മാത്രം നൽകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

അനശ്വരയുടെ നൃത്തവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. തെലുങ്ക് സിനിമയിൽ അനശ്വരയ്ക്ക് മികച്ച ഭാവിയുണ്ട്. തെലുങ്ക് സിനിമാലോകം താരത്തെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുകയാണ്. ഇവിടെ വലിയൊരു ഇടം സ്വന്തമാക്കാൻ അനശ്വരയ്ക്ക് കഴിയട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.”