അപ്പച്ചന്റെ ‘സ്വര്‍ഗ്ഗ ചിത്ര’ങ്ങള്‍

https://youtu.be/eIzeI5fMZyk

പുതുപ്പാടി ജയാ തിയേറ്ററില്‍ നിന്നാണ് മലയാള സിനിമാ ചരിത്രത്തില്‍ നിരവധി ഹിറ്റുകളൊരുക്കിയ പിണക്കാട്ട് ഡി. എബ്രഹാമെന്ന സ്വര്‍ഗചിത്ര അപ്പച്ചന്‍ സിനിമയുടെ ബാലപാഠങ്ങള്‍ പഠിച്ചെടുക്കുന്നത്. പുകവലിയോ മദ്യപാനമോ മറ്റ് ദുശീലങ്ങളോ ഇല്ലാതിരുന്ന അപ്പച്ചന്റെ ഏക ‘ദുശ്ശീലം’ മാറിമാറി വരുന്ന സിനിമകള്‍ മുടങ്ങാതെ കാണുകയെന്നതായിരുന്നു. സിനിമാ നിര്‍മ്മാതാവ് ആകണമെന്ന മോഹം കലശലായപ്പോള്‍ സുല്‍ത്താന്‍ബത്തേരി – ആലപ്പുഴ ഫാസ്റ്റ് പാസഞ്ചറില്‍ കയറി നേരെ ആലപ്പുഴയിലേക്ക്. ഇഷ്ട സംവിധായകന്‍ ഫാസിലിനെ കാണുകയായിരുന്നു ലക്ഷ്യം. ഫാസിലിനോട് കാര്യം അവതരിപ്പിച്ചു. ചാന്‍സ് തേടി വന്ന ഒരാളുടെ കൗശലമായി കണ്ട് ഫാസില്‍ അദ്ദേഹത്തെ മടക്കി അയച്ചു. ഫാസിലുമായുള്ള നാലാമത്തെ സന്ദര്‍ശനത്തോടെ തോറ്റു മടങ്ങാന്‍ തയ്യാറാകാത്ത അപ്പച്ചന് മുന്നില്‍ ‘പൂവിന് പുതിയ പൂന്തെന്നല്‍’ എന്ന ചിത്രത്തോടെ തുറന്നത് ഹിറ്റുകളുടെ ചരിത്രം.

ആദ്യ സിനിമ പരാജയമായെങ്കിലും രണ്ടാമത്തെ ചിത്രമായ മണിവത്തൂരിലെ ആയിരം ശിവരാത്രികളിലൂടെ ചെറിയ ലാഭം ഉണ്ടായി. തുടര്‍ന്ന് റാംജിറാവു സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, എന്റെ സൂര്യപുത്രിക്ക്, ഗോഡ്ഫാദര്‍, വിയറ്റ്നാംകോളനി, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ്, പപ്പയുടെ സ്വന്തം അപ്പൂസ് തുടങ്ങീ ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമായി നിരവധി സിനിമകള്‍ മലയാളത്തിലെത്തി. ഇതില്‍ ഗോഡ്ഫാദര്‍ തിരുവനന്തപുരം ശ്രീവിശാഖയില്‍ 405 ദിവസം ഓടി. മണിച്ചിത്രത്താഴ് 366 ദിവസവും അനിയത്തിപ്രാവ് 200 ദിവസവുമാണ് ഓടിയത്. നിര്‍മാണവും വിതരണവുമായി സ്വര്‍ഗചിത്രയുടെ ബാനറില്‍ 40 ചിത്രങ്ങള്‍ പിറന്നു. മണിച്ചിത്രത്താഴിന് മൂന്ന് ദേശീയ അവാര്‍ഡ് ലഭിച്ചു. മികച്ച സംവിധായകനും നടിക്കും കലാമൂല്യവും ജനപ്രതീ നേടിയ ചിത്രത്തിനുമുളളത്. അപ്പച്ചന്‍ നിര്‍മ്മിച്ച 25-ഓളം ചിത്രങ്ങള്‍ നൂറിലേറെ ദിവസങ്ങള്‍ ഓടിയ ചിത്രങ്ങളാണ്. തമിഴിലും തെലുങ്കിലും ഏതാനും ചിത്രങ്ങളും ചെയ്തു. അവസാനം നിര്‍മിച്ച ‘വേഷം’ എന്ന സിനിമയും സൂപ്പര്‍ ഹിറ്റായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം അപ്പച്ചന്‍ സിനിമയുമായി വീണ്ടും എത്തുമ്പോള്‍ സെല്ലുലോയ്ഡിനോട് മനസ്സുതുറക്കുകയാണ്…

  • കര്‍ഷകനില്‍ നിന്ന് നിര്‍മ്മാതാവിലേയ്ക്കുള്ള യാത്ര

.ചെറുപ്പം മുതലേ എനിക്ക് ഒരു ഹോബിയേ ഉണ്ടായിരുന്നുള്ളു അത് സിനിമ കാണലായിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ആ ഒരു സമയം മുതലാണ് സിനിമ എന്നിലേക്ക് കടന്നുകൂടിയത്. ആ കാലത്തെ സിനിമകള്‍ കണ്ട് കണ്ട് എന്റെ മനസ്സില്‍ തോന്നിയ ഒരാഗ്രഹമാണ് മരിക്കുന്നതിന് മുന്നേ ഒരു സിനിമയെങ്കിലും നിര്‍മ്മിക്കണമെന്നുള്ളത്. സിനിമയില്‍ അഭിനയിക്കണമെന്നോ, സംവിധാനം ചെയ്യണമെന്നോ എന്നൊന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. 1985 ആവുമ്പോഴേക്കും ചിത്രം നിര്‍മ്മിക്കാനായി ഞാന്‍ പണം സ്വരൂപിച്ചുവെച്ചു. പണം ഉണ്ടാക്കിയതിന് ശേഷം പിന്നെ ഞാന്‍ ചിന്തിച്ചത് ഒരു സംവിധായകനെ വേണമെന്നാണ്. അന്നെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകനായിരുന്നു ഫാസില്‍. അക്കാലത്തെ ചില ഫിലിം വീക്കിലിയില്‍ നിന്ന് ഇദ്ദേഹത്തിന്റെ വീട് ആലപ്പുഴയാണെന്നു മനസ്സിലാക്കി. സിനിമയിലെ ഒരു വ്യക്തിയെ ഞാന്‍ ആദ്യമായിട്ട് കാണുന്നതും പരിചയപ്പെടുന്നതും ഫാസില്‍ സാറെയാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ഞാന്‍ സാറിനോട് എന്റെ കാര്യങ്ങളെല്ലാം വിശദീകരിച്ച് പറഞ്ഞുകൊടുത്തു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമ കഴിഞ്ഞിട്ടിരിക്കുകയായിരുന്നു അദ്ദേഹം. സിനിമ നിര്‍മ്മിക്കാനായി ചെന്ന ആദ്യത്തെ മീറ്റിംഗില്‍ അദ്ദേഹം എനിക്ക് ഒരു അംഗീകാരവും തന്നിരുന്നില്ലെന്ന് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അങ്ങനെ ആദ്യത്തെ മീറ്റിംഗില്‍ അദ്ദേഹം പറഞ്ഞു എനിക്ക് ഒരുപാട് കമ്മിറ്റ്‌മെന്റുകള്‍ ഉണ്ട്, രണ്ട് വര്‍ഷം കഴിഞ്ഞിട്ട് വാ നമുക്ക് ആലോചിക്കാമെന്ന്. അപ്പോള്‍ എനിക്ക് മനസ്സിലായി എന്നെ ഒഴിവാക്കി വിട്ടതാണെന്ന്. പിന്നെയും ഞാന്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഫാസില്‍ സാറിനെ കാണാന്‍പോയി. ആദ്യം കണ്ടതിനേക്കാളും അല്‍പ്പം കൂടി അംഗീകാരം തരുന്ന രീതിയിലായിരുന്നു എന്നോട് പെരുമാറിയത്. പക്ഷെ അപ്പോഴും എന്നോട് പറഞ്ഞത് എനിക്ക് രണ്ട് മൂന്ന് സിനിമയും കൂടി ചെയ്യാനുണ്ട് അത് കഴിഞ്ഞിട്ട് നമുക്ക് ആലോചിക്കാമെന്നാണ്. ശേഷം കുറച്ച് മാസങ്ങള്‍ കഴിഞ്ഞ് വീണ്ടും ഞാന്‍ സാറെ കാണാന്‍ പോയി. അന്ന് ഞാന്‍ പതിനായിരം രൂപ കൈയ്യില്‍ കരുതിയാണ് പോയത്. കാരണം അദ്ദേഹം സമ്മതിക്കുകയാണെങ്കില്‍ പൈസ കൊടുക്കാമെന്നു കരുതിയിട്ടാണ്. ആ തവണയും അദ്ദേഹം സമ്മതിച്ചില്ല. അദ്ദേഹം വീണ്ടും വീണ്ടും എന്നെ തന്ത്രപരമായി ഒഴിവാക്കുകയായിരുന്നു. ഒടുവില്‍ ഞാന്‍ അദ്ദേഹത്തിനോട് സീരിയസ്സായി തന്നെ കാര്യങ്ങള്‍ പറഞ്ഞു. സാറെനിക്ക് വേണ്ടി സിനിമ ചെയ്തില്ലെങ്കിലും ജീവിതത്തില്‍ ഒരു സിനിമയെങ്കിലും ഞാന്‍ നിര്‍മ്മിച്ചിരിക്കും. ഞാന്‍ സീരിയസ്സായിട്ടാണ് പറഞ്ഞതെന്ന് അദ്ദേഹത്തിന് മനസ്സിലായി. അപ്പോള്‍ അദ്ദേഹം ചോദിച്ചു ആരാണ് അഭിനയിക്കേണ്ടത്, കഥയുണ്ടോ എന്നെല്ലാം. ഞാന്‍ പറഞ്ഞു ‘മമ്മൂട്ടി അഭിനയിച്ചാല്‍ കൊള്ളാമെന്നുണ്ട്, പക്ഷെ എന്റെ കയ്യില്‍ കഥയും കാര്യങ്ങളുമൊന്നുമില്ല, ചെയ്യാനുള്ള ബഡ്ജറ്റ് ഉണ്ട് എന്ന്. ഒരു മാസം കഴിഞ്ഞ് സാര്‍ എന്നോട് കാണാന്‍ വരാന്‍ പറഞ്ഞു. അവിടെ അദ്ദേഹത്തിന്റെ പിതാവ് ഉണ്ടായിരുന്നു. ഞാന്‍ ഓരോ തവണ ചെല്ലുമ്പോഴും ഫാസിലിന്റെ പിതാവ് എന്നെ ശ്രദ്ധിക്കാറുണ്ടായിരുന്നു. അദ്ദേഹം ഫാസില്‍ സാറിനോട് പറഞ്ഞു. ‘ഫാസിലേ അപ്പച്ചന്‍ മലബാറില്‍ നിന്ന് എത്രതവണയായി നിന്നെ കാണാന്‍ വരുന്നു..നീയൊരു സിനിമ ചെയ്ത്‌കൊടുക്ക്’ എന്ന്. അപ്പോള്‍ ഫാസില്‍ സാര്‍ ഓക്കെ പറഞ്ഞു. അങ്ങനെയാണ് പൂവിന് പുതിയ പൂന്തെന്നല്‍ എന്ന മമ്മൂട്ടി ചിത്രത്തിലേക്ക് ഞാന്‍ വരുന്നത്.

  • തുടക്കമിട്ട ‘പൂവിന് പുതിയ പൂന്തെന്നല്‍’

1986 സെപ്റ്റംബര്‍ നാലിനാണ് എന്റെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നത്. ആ സിനിമ ഇറങ്ങിയ ആഴ്ച്ചയില്‍ മമ്മൂട്ടിക്ക് ആറ് സിനിമയാണ് റിലീസുള്ളത്. അതില്‍ മമ്മൂട്ടിയുടെ ആവനാഴി മാത്രം സൂപ്പര്‍ഹിറ്റായി ഓടി. ബാക്കി അഞ്ച് സിനിമകളും ശ്രദ്ധിക്കപ്പെടാതെപോയി. 15 ലക്ഷം രൂപയാണ് ആ ചിത്രത്തിന് ചെലവായത്. 8 ലക്ഷം രൂപ എന്റെ സ്വന്തം കാശും 7 ലക്ഷം രൂപ സെന്റര്‍ പിക്‌ചേര്‍സിന്റെ റിലീസിന്റെ കാശുമാണ്. അതില്‍ എനിക്കാകെ ഒരു ലക്ഷം രൂപയെ തിരിച്ച് കിട്ടിയിട്ടുള്ളു. ബാക്കിയുള്ള പൈസ മുഴുവനും പോയി. വലിയൊരു നഷ്ടം തന്നെയായിരുന്നു അത്. ആദ്യ സിനിമ പരാജയമായപ്പോഴും സിനിമ നിര്‍മ്മിക്കണമെന്നുള്ള ആവേശവും ആഗ്രഹവും അല്‍പ്പംപോലും കുറഞ്ഞില്ല. മലബാറില്‍ നിന്ന് ഇവിടംവരെയെത്തി ആദ്യ സിനിമയില്‍തന്നെ നഷ്ടം വന്നല്ലോ എന്നൊരു ഫീലിംഗ് ഫാസില്‍ സാറിനും മമ്മൂട്ടിക്കും ഉണ്ടായിരുന്നു. ശേഷം ഫാസില്‍ സാറിനോട് മമ്മൂട്ടി പറഞ്ഞു നമുക്ക് അടുത്ത ഓണത്തിന് അപ്പച്ചന്റെ സിനിമ എടുക്കണം, അദ്ദേഹം സിനിമാ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കേണ്ട ഒരാളാണ് എന്ന്. ഫാസില്‍ സാര്‍ തന്നെ എന്നെ വിളിച്ച് ഈ കാര്യം പറഞ്ഞു. മമ്മൂട്ടി ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടുണ്ട് അപ്പച്ചന് താല്‍പ്പര്യമുണ്ടെങ്കില്‍ വന്നു ചെയ്യാം. അത്രയും സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നവെങ്കിലും ഞാന്‍ പൈസയും ശരിയാക്കി വന്നു. അന്നെനിക്ക് സ്വന്തമായി ഡിസ്ട്രിബ്യൂഷന്‍ ഇല്ല. 20 ലക്ഷം രൂപ ഡിസ്ട്രിബ്യൂഷനും 5 ലക്ഷം രൂപ എന്റെ ഇന്‍വെസ്റ്റ്‌മെന്റും. മമ്മൂട്ടിക്ക് ആദ്യത്തെ സിനിമയ്ക്ക് കൊടുത്ത ഒരു ലക്ഷം രൂപതന്നെ ഈ സിനിമയ്ക്കും കൊടുത്തു. മമ്മൂട്ടി കൂടുതലായി വാങ്ങിയില്ല. അന്ന് ഫാസില്‍ സാറോട് മമ്മൂട്ടി പറഞ്ഞിരുന്നു പാച്ചീ ഈ ഓണത്തിന് എന്റെ ഒറ്റ സിനിമയെ കാണൂ, വേറെ ചെയ്യുന്നില്ലെന്ന്. അന്നും മമ്മൂട്ടി തിരക്കുള്ള നടനായിരുന്നു. അങ്ങനെ ചെയ്ത ചിത്രമാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍. ചിത്രം ഹിറ്റായതോടെ എനിക്കൊരു ധൈര്യം വന്നു. ശേഷം സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രം ചെയ്തു. സെഞ്ചുറി ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്. ചിത്രം കുറേ ദിവസം ഓടിയിട്ടും വലിയൊരു ലാഭം കിട്ടിയിരുന്നില്ല. അതില്‍ നിന്ന് എനിക്കൊരു കാര്യം മനസ്സിലായി സിനിമ എത്ര ഓടിയാലും അതില്‍ നിന്ന് നമുക്കൊരു സാമ്പത്തിക നേട്ടമുണ്ടാവണമെങ്കില്‍ സ്വന്തമായിട്ട് ഒരു ഡിസ്ട്രബ്യൂഷന്‍ വേണമെന്ന്. അതിന് ശേഷം സിദ്ധിഖ്-ലാലിന്റെ തന്നെ ഇന്‍ ഹരിഹര്‍ നഗര്‍ ചെയ്തു. അതും സൂപ്പര്‍ ഹിറ്റായി. അവിടെ നിന്ന് തുടര്‍ച്ചയായിട്ട് സിനിമകള്‍ വന്നു.

  • കഥയുടെ തെരഞ്ഞെടുപ്പ്..

.ഫാസില്‍ സാറായാലും സിദ്ധിഖ്-ലാലായാലും അവസാനം വരെ എന്റെ അഭിപ്രായത്തിന് അവര്‍ വലിയ വില കൊടുത്തിരുന്നു. ഇവരുടെ അടുത്ത് ഒരു കഥ രൂപപ്പെട്ട് വരുമ്പോള്‍ അവര്‍ ആദ്യം തന്നെ എന്നോട് പറയുമായിരുന്നു. എന്റെ മുഖത്ത് അപ്പോള്‍ വരുന്ന ഭാവം അവര്‍ സൂക്ഷ്മനിരീക്ഷണം നടത്തും. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ ശരിയായിരിക്കില്ല. പക്ഷെ എന്തെങ്കിലും പോരായ്മ വരുമ്പോള്‍ പാച്ചിക്ക അത് പെട്ടെന്ന് കണ്ട് പിടിക്കും. ഇഷ്ടപ്പെട്ടില്ലെങ്കില്‍ അപ്പോള്‍ തന്നെ അത് മാറ്റി കളയും. ആ ഒരു ഒത്തൊരുമ കൊണ്ടായിരിക്കാം സിദ്ദിഖ് ലാലും ഞാനും ചേര്‍ന്ന് ചെയ്ത എല്ലാ സിനിമകളും ഹിറ്റാണ്. പാച്ചിക്കയും ഞാനും ചെയ്ത പതിനൊന്ന് സിനിമകളില്‍ ഏഴും ഹിറ്റാണ്.

  • ഗോഡ്ഫാദറിനെക്കുറിച്ച്..

405 ദിവസം പ്രദര്‍ശിപ്പിച്ച ചിത്രമായിരുന്നു ഗോഡ്ഫാദര്‍. കോഴിക്കോട് വെച്ച് അറുപത് ദിവസംകൊണ്ട് തീര്‍ത്ത സിനിമയാണ് ഇത്. ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, റാംജിറാവു സ്പീക്കിംഗ്, കാബൂളിവാലയൊക്കെ നല്ല പൂര്‍ണ്ണബോധ്യത്തോടെ എടുത്ത സിനിമയാണ്.

  • എന്‍.എന്‍ പിള്ളയുടെ നായക സമാനമായ കഥാപാത്രം. എങ്ങനെയാണ് ഈ ഒരു തീരുമാനത്തിലേക്കെത്തിയത്.

ആദ്യം മൂത്ത മകനായിട്ട് തിലകന്‍ ചേട്ടനെയാണ് തെരഞ്ഞെടുത്തത്. അപ്പോള്‍ ചിത്രത്തില്‍ തിലകന്‍ ചേട്ടന് അച്ഛന്‍ എന്ന് വിളിക്കാന്‍ ആളെ വേണം. തിലകന്‍ ചേട്ടനെക്കാള്‍ പ്രായം വേണം, കണ്ടാല്‍ തന്നെ റെസ്‌പെക്ട് തോന്നുന്ന ആളാവണം. അങ്ങനെയാണ് സിദ്ദിഖും ലാലും കൂടെ പിള്ള സാറെ തെരഞ്ഞെടുക്കുന്നത്. സാറിന് ആദ്യം താല്‍പ്പര്യമൊന്നുമില്ലായിരുന്നു. ഞങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അഭിനയിച്ചത്. പിന്നീട് അദ്ദേഹത്തിന് താല്‍പ്പര്യം വരുകയായിരുന്നു. എത്രയോ നാടകങ്ങളില്‍ അഭിനയിച്ച വലിയൊരു കലാകാരനാണ് അദ്ദേഹം. ഇന്നും ഗോഡ്ഫാദര്‍ എന്നാണ് അറിയപ്പെടുന്നത്. മലയാള സിനിമ ഉള്ളിടത്തോളം കാലം ഗോഡ്ഫാദറിനെയും എന്‍.എന്‍ പിള്ള സാറെയും ഓര്‍ത്തിരിക്കും

  • ഹ്യൂമറുകള്‍ വളരെ സീരിയസ്സായിട്ടാണ് ആര്‍ട്ടിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നത്. പക്ഷെ ഇന്നത്തെക്കാലത്ത് ഹ്യൂമറിന്റെ സെന്‍സ് മാറി. ഡബിള്‍ മീനിംഗ് വേണമെന്നായിട്ടുണ്ട്. അതിനെക്കുറിച്ച്…

ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ കാലത്തെ ഹ്യൂമറുകള്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ നിന്നുപോയി. ഗോഡ് ഫാദറിലെയും റാംജിറാവുവിലെയും ഹ്യൂമറുകള്‍ ഇന്നത്തെ ജനറേഷനിലും നിലനില്‍ക്കുന്നുണ്ട്. അക്കാലത്തെ ഹ്യൂമറുകള്‍ക്ക് ഇപ്പോഴും ക്ഷീണം സംഭവിച്ചിട്ടില്ല. അതിനും മുകളില്‍ ഒരു ഹ്യൂമര്‍ ഇപ്പോഴും കൊണ്ടുവരാന്‍ പറ്റിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

  • മണിച്ചിത്രത്താഴിലെ വിശേഷങ്ങളെക്കുറിച്ച്…

മധു മുട്ടം പാച്ചിക്കയുടെ അടുത്ത് ഒരു കഥ പറഞ്ഞു. ചാത്തനേറാണ് അതിന്റെ ത്രെഡ്. അപ്പോള്‍ പാച്ചിക്ക പറഞ്ഞു മധു അതില്‍ പിടിച്ചൊന്ന് നോക്കൂ എന്ന്. എല്ലാ ലൊക്കേഷനിലും മധു വരുമായിരുന്നു. അങ്ങനെ മൂന്ന് വര്‍ഷമെടുത്തുണ്ടായ കഥയാണിത്. അത്രയും സാവകാശത്തിലൂടെ വന്ന കഥ. പെട്ടെന്നൊന്നും ആര്‍ക്കും അത്തരമൊരു കഥ ഉണ്ടാക്കാന്‍ സാധ്യമല്ല. 25 വര്‍ഷം കഴിഞ്ഞിട്ടും ആ സിനിമ മനസ്സില്‍ ഓര്‍ക്കണമെങ്കില്‍ സമയമെടുത്ത് ചെയ്തതിന്റെ ഗുണവും കാസ്റ്റിംഗും പ്രമേയവുമാണ്. 366 ദിവസം തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററില്‍ റെഗുലര്‍ ഷോ ഉണ്ടായിരുന്നു. ഒപ്പം ചിത്രത്തിന് സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും ലഭിച്ചു. എല്ലാത്തിലും ഉപരിയായിട്ട് ആ ചിത്രത്തില്‍ ഒരു മെസേജ് ഉണ്ട്. ഒരു വാതിലിന്റെ പൂട്ടാണ് മണിച്ചിത്രത്താഴെന്നാണ് നമ്മള്‍ പെട്ടന്നെ് വിചാരിക്കുക. പക്ഷെ അത് മനസ്സിന്റെ പൂട്ടാണ്. ശോഭനയും മോഹന്‍ലാലുമെല്ലാം അസാധ്യമായിട്ട് ചിത്രത്തില്‍ അഭിനയിച്ചു. അത്രയും കഴിവുള്ളൊരു ഡയറക്ടര്‍ക്കേ അങ്ങനെയൊരു സിനിമ ചെയ്യാന്‍ സാധിക്കു. മോഹന്‍ലാല്‍ എന്ന ആര്‍ട്ടിസ്റ്റിന്റെ ഒരു മാജിക്കാണ് ഓഡിയന്‍സിനെ പിടിച്ചിരുത്തുക എന്നത്. ഡോ.സണ്ണിയുടെ കഥാപാത്രം എത്ര തവണ ഡബ്ബ് ചെയ്തിട്ടും അദ്ദേഹത്തിന് മതിയായിരുന്നില്ല. മോഹന്‍ലാല്‍ അതില്‍ പറയുന്ന നെടുനീളന്‍ ഡയലോഗാണ് ആ സിനിമ. അത് മനസ്സിലാക്കാനായില്ലെങ്കില്‍ ചിത്രത്തിന്റെ പ്രമേയം മനസ്സിലാകില്ല. മോഹന്‍ലാല്‍ എന്ന നടന്‍ വളരെ മനോഹരമായി എന്താണ് കഥാപാത്രം ആനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളെന്ന് പറഞ്ഞു ഫലിപ്പിച്ചത് തന്നെയാണ് ആ സിനിമയുടെ വിജയം.

‘ഹിറ്റുകളുടെ രസക്കൂട്ട്’ അപ്പച്ചനുമായുള്ള അഭിമുഖം തുടരും