ശ്രീജ രവിയുടെ ശബ്ദലോകം

പലപ്പോഴും കാവ്യ മാധവന്റെയും നയന്‍ താരയുടെയും റോമയുടെയും ശാലിനിയുടെയും സിനിമകള്‍ കാണുമ്പോള്‍ പ്രേക്ഷകന്റെ മനസ്സിലേയ്ക്ക് ഓടിയെത്തുന്ന ഒരു ചോദ്യമാണ് ആരാണ് ഈ മധുരമായ ശബ്ദത്തിന് ഉടമയെന്ന്. ഇന്ത്യന്‍ സിനിമാ ലോകത്തെ 1500ാളം കഥാപാത്രങ്ങളെ ശബ്ദം കൊണ്ട് അനശ്വരമാക്കിയ ശ്രീജ രവിയാണ് ഈ മധുര സ്വരത്തിന്റെ ഉടമ. മലയാളത്തിലെ ചെറിയ കുശുകുശുക്കലില്‍ നിന്നും സംഭാഷണ ശകലങ്ങളില്‍ നിന്നും തുടങ്ങി ഇന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന പല നായികമാര്‍ക്കും ശ്രീജച്ചേച്ചിയുടെ ശബ്ദമാണ് ജീവനേകിയത്. തന്റെ വ്യത്യസ്ഥമായ ഈ കഴിവ് കൊണ്ട് ശ്രീജ രവി മലയാള സിനിമയില്‍ നിറസാന്നിധ്യമായി നില്‍ക്കവെ മറ്റൊരു ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിനെയും നായികയെയും കൂടി ഈ പ്രതിഭ സമ്മാനിച്ചു. നിത്യഹരിത നായകന്‍ എന്ന ചിത്രത്തിലെ നായികയായെത്തിയ മലയാളി മനസ്സ് കീഴടക്കിയ സ്വന്തം മകള്‍ വീണ രവിയാണ് ശ്രീജയുടെ പിന്തുടര്‍ച്ചക്കാരിയായെത്തിയിട്ടുള്ളത്. ഒരു കഥാപാത്രത്തിന് പൂര്‍ണത നല്‍കുന്നതില്‍ ഒരു ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് നല്‍കുന്ന പങ്കിനെക്കുറിച്ച് പലപ്പോഴും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരം ചില ഓര്‍മ്മപ്പെടുത്തലുകളുമായി, ചില നല്ല ഓര്‍മ്മകളുമായി ശ്രീജ രവി സെല്ലുലോയ്ഡിനൊപ്പം ചേരുകയാണ്…

  • ഏതൊക്കെ ഭാഷകളിലാണ് ഡബ്ബിങ്ങ് എക്‌സ്പീരിയന്‍സ്…?

ഞാന്‍ തുടങ്ങിയത് മലയാളത്തിലാണ്. ചില മര്‍മറിങ്ങ് വോയ്‌സസ്, ചെറിയ ചെറിയ കലപില ശബ്ദങ്ങള്‍ അങ്ങനെയങ്ങനെ തുടങ്ങി പിന്നെ തമിഴില്‍ ചെയ്യാന്‍ തുടങ്ങി. തെലുങ്ക് ചെയ്തിട്ടുണ്ട്.. ഹിന്ദി ചെയ്തിട്ടുണ്ട്. ഇങ്ങനെ അഞ്ചു ഭാഷകളിലുമായി സമാന്തര സിനിമകളില്‍ മെയ്ന്‍ ഹീറോയിന്‍സിന് വരെ ഡബ്ബ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ബംഗാളി, ഇംഗ്ലീഷ് പരസ്യങ്ങളിലും ചെയ്തിട്ടുണ്ട്.

  • ദൃശ്യവും ശബ്ദവും ചേരുമ്പോഴാണ് ഒരു കഥാപാത്രത്തിന്റെ പൂര്‍ണത. പക്ഷെ ഒരു അഭിനേതാവിന്റെ കഴിവാണ് പലപ്പോഴും പ്രശംസിക്കപ്പെടുന്നത്. അത്തരത്തില്‍ നോക്കിയാല്‍ ഒരു ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ചേച്ചിയ്ക്ക് കിട്ടിയ ഫീഡ്ബാക്‌സ് എന്തൊക്കെയാണ്..?

ഞങ്ങളുടെ തുടക്കം മുതല്‍ ഈ അടുത്ത കാലം വരെ നോക്കിയാല്‍ സോഷ്യല്‍ മീഡിയയൊന്നും അത്ര സജീവമായിരുന്നില്ല. മാധ്യമങ്ങളുണ്ടായിരുന്നെങ്കിലും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അത്ര വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. ഇന്ന് ഒരു സിനിമയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ആരൊക്കെയുണ്ട്, ആര്‍ക്കൊക്കെയാണ് ശബ്ദം നല്‍കിയിരിക്കുന്നത് തുടങ്ങിയ എല്ലാ കാര്യങ്ങളുമറിയാം. കാരണം ഒരു സിനിമ ഇറങ്ങി കഴിയുമ്പോള്‍ തന്നെ നമ്മള്‍ ഫെയ്‌സ്ബുക്കിലോ, അല്ലെങ്കില്‍ ട്വിറ്ററിലോ പോസ്റ്റ് ചെയ്യുമ്പോള്‍, അത് ജനങ്ങളിലേക്കെത്തുന്നു. അത് പോലെ ഈ ശബ്ദം ഇന്നയാളുടെയാണെന്ന് തിരിച്ചറിയുന്നു. അന്നൊക്കെ ആരും നമ്മുടെ ഒരു അഭിമുഖം എടുക്കുമായിരുന്നില്ല. അതുപോലെ ഒരു അവാര്‍ഡിന്റെ നിലയിലാണെങ്കില്‍ പോലും തുടക്കത്തില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അവാര്‍ഡ് ഇല്ലായിരുന്നു. പിന്നീടത് ഒരുപാട് ഫൈറ്റ് ചെയ്ത് അംഗീകരിച്ച് തുടങ്ങിയപ്പോള്‍, സ്ത്രീകള്‍ക്ക് മാത്രമേയുള്ളു എന്ന് തുടങ്ങിയുള്ള പ്രശ്‌നങ്ങളായി. 1997ല്‍ എനിക്കും കൃഷ്ണചന്ദ്രനും അനിയത്തിപ്രാവിന് ഒരവാര്‍ഡ് കിട്ടിയപ്പോള്‍ ഞങ്ങള്‍ക്ക് അത് പങ്കിടേണ്ടി വന്നു. പലപ്പോഴും മെയില്‍ ആര്‍ട്ടിസ്റ്റിന് ലഭിക്കുമ്പോള്‍ ഫീമെയിലിനും നേരെ തിരിച്ചും അവാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. പിന്നീടുണ്ടായിരുന്ന ഒരു കാലഘട്ടത്തില്‍ അവാര്‍ഡുകള്‍ തന്നെയില്ലായിരുന്നു. ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റാണ് ശബ്ദം നല്‍കിയിരിക്കുന്നതെന്ന് അറിയില്ലെന്ന് പറഞ്ഞ ജൂറികള്‍ വരെയുണ്ടായിട്ടുണ്ട്. നമ്മുടെ ഒരു പ്രൊഫഷനില്‍ സത്യത്തിലിപ്പോഴും കൈ മലര്‍ത്തി നില്‍ക്കുന്ന അവസ്ഥയാണ്. ഇവരിത് ചെയ്തു, ഇവര്‍ ഇത് അര്‍ഹിക്കുന്നു എന്നുള്ള രീതിയില്‍ ഇപ്പോഴും ഒരവാര്‍ഡ് കിട്ടിയതായി എനിക്ക് തോന്നുന്നില്ല.

  • വൈശാലിയിലെ സുപര്‍ണയുടെ ശബ്ദം തൊട്ട് അമരത്തിലെ മാധുവിന്റെയും അനിയത്തിപ്രാവിലെ ശാലുവിന്റെയും കാവ്യ മാധവന്റെയും നയന്‍താരയുടെ മലയാളത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങള്‍ക്കും ശബ്ദം നല്‍കിയിരിക്കുന്നത് ചേച്ചിയാണ്. മലയാളികള്‍ അറിയാതെ പോയ, ചേച്ചി ശബ്ദം നല്‍കിയ ചില നടിമാരെക്കുറിച്ച്…?

ഞാന്‍ ദേവയാനിക്ക് വേണ്ടി ഒരുപാട് പടങ്ങള്‍ ചെയ്തിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി. അതുപോലെ ലൈല. തമിഴ്‌നാടില്‍ ലൈലയ്ക്കുവേണ്ടി ചെയ്ത ‘ദില്‍’ എന്ന ചിത്രത്തിന് ഒരു സ്‌റ്റേറ്റ് അവാര്‍ഡ് ഉണ്ട്. വാണി വിശ്വനാഥിന് ചെയ്തിട്ടുണ്ട്. റോജ, രംഭ, കത്രീന കൈഫ്, ഹരി കൃഷ്ണന്‍സില്‍ ജൂഹി ചൗളയ്ക്ക് വേണ്ടി.. അങ്ങനെ ഒരുപാട് പേര്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.

  • ചിലപ്പോള്‍ 1500ാളം കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് കൊണ്ടായിരിക്കാം ചേച്ചിക്ക് അതൊന്നും ഓരോന്നോരോന്നായി പറയാന്‍ കഴിയാത്തത്. ഒരു സിനിമയില്‍ തന്നെ പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം ചെറിയ കഥാപാത്രങ്ങള്‍ക്കും ശബ്ദം നല്‍കേണ്ടി വന്നിട്ടുണ്ടോ…?

പ്രിയം, ബട്ടര്‍ഫ്‌ളൈസ്.. പിന്നെ കാറ്റത്തെക്കിളിക്കൂട്, അങ്ങനെ ചില പടങ്ങളില്‍ ഹീറോയിനും ഒപ്പം അതിലെ കുട്ടികള്‍ക്കുവേണ്ടിയും ചെയ്തിട്ടുണ്ട്.

  • തുടക്കം 1975ല്‍ ‘ഉത്തരായനം’ എന്ന ജി അരവിന്ദന്‍ സാറിന്റെ ചിത്രത്തിലൂടെയാണ്. അവിടെനിന്ന് തുടങ്ങിയ നിലക്കാത്ത ഒരു ശബ്ദ പ്രവാഹമായി ശ്രീജച്ചേച്ചിയുടെ സ്വരമിങ്ങനെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. കാറ്റത്തെക്കിളിക്കൂട് എന്ന് പറയുന്ന ഭരതന്‍ സാറിന്റെ സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്…?

1984ല്‍ ആ ചിത്രത്തിലൂടെയാണ് ഹീറോയിന്‍ വോയ്‌സുമായിട്ട് ഞാന്‍ ശ്രദ്ധിക്കപ്പെടുന്നത്. രേവതിയുടെ ശബ്ദമാണ് നല്‍കിയത്. അതിന് മുമ്പ് ‘ഇളനീര്‍’ എന്ന് പറയുന്ന ഒരു പടം ഞാന്‍ ചെയ്തിരുന്നു. പക്ഷെ ആ പടം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ആ ഹിറോയിനും പിന്നീട് ഒരു പടമുണ്ടായിരുന്നില്ല. അത് കഴിഞ്ഞ് ‘കാറ്റത്തെ കിളിക്കൂട്’ തൊട്ടാണ് എനിക്ക് കൂടുതല്‍ ഹീറോയിന്‍സിന്റെ അവസരങ്ങള്‍ വന്ന് തുടങ്ങിയത്.

  • ശബ്ദം നല്‍കുന്നുവെന്നു പറയുമ്പോള്‍ പൊതുവെ ആളുകള്‍ക്ക് തോന്നുന്ന ഒരു സംശയമാണ് ഡയലോഗല്ലാത്ത ശബ്ദങ്ങള്‍, കരച്ചിലായും നെടുവീര്‍പ്പായിട്ടും നൊമ്പരമായിട്ടുമൊക്കെ എങ്ങനെ അത് സ്വരത്തിലൂടെ കണ്‍വിന്‍സ് ചെയ്യുകയെന്നുള്ളത്…?

ഒരു മൂളലാണെങ്കില്‍ പോലും അതിന് നേരിയ ശബ്ദ വ്യത്യാസം വന്നാല്‍ അര്‍ത്ഥം മാറിപ്പോകാം. നമ്മള്‍ സാധാരണ ജീവിതത്തില്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോഴുള്ള ശബ്ദവ്യത്യാസം തന്നെയാണ് സൗണ്ട് മോഡുലേഷന്‍. സിനിമയില്‍ ചിലപ്പോള്‍ ഭാഷയറിയാത്ത, അല്ലെങ്കില്‍ ആ സീന്‍ കൃത്യമായി മനസ്സിലാക്കാത്ത ഒരാളാണ് അത് ചെയ്യുന്നതെങ്കില്‍ ചിലപ്പോള്‍ ഡയറക്ടറുടെ മനസ്സിലുള്ള ഒരു മോഡുലേഷനായിരിക്കില്ല അവിടെ കിട്ടുക. അപ്പോള്‍ നമ്മള്‍ ആ കഥാപാത്രത്തിന് യോജിച്ച രീതിയില്‍ സ്വാഭാവികമായി വരുന്ന ശബ്ദം നല്‍കുന്നു എന്നു മാത്രം. ബാഹുബലിയെപ്പോലുള്ള ചില പ്രത്യേക ചിത്രങ്ങളില്‍ മാത്രമേ മറ്റൊരു രീതിയിലുള്ള അവതരണമുണ്ടാകൂ. പക്ഷെ അത് കൃത്യമായി കിട്ടണമെങ്കില്‍ നമ്മള്‍ കുറേ കാര്യങ്ങള്‍ ഉള്‍ക്കൊള്ളണം. ആ കഥാപാത്രം എന്താണെന്ന് മനസ്സിലാക്കണം, ഉദാഹരണത്തിന് അനിയത്തിപ്രാവ്.. ഒരിക്കലും എന്റെ ഒരു കഥാപാത്രമല്ല അത്. വളരെ സാധു, ഒരു പ്രാവിനെപ്പോലെ മാത്രമേ സംസാരിക്കൂ (ചിരിക്കുന്നു).. അത് ചെയ്യുമ്പോള്‍ ഫാസില്‍ സാര്‍ പറയും ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന്. അപ്പോള്‍ ഞാന്‍ ചോദിക്കും ശാലിനി അങ്ങനെയല്ലല്ലോ അഭിനയിച്ചിട്ടുള്ളത്.. ശാലിനി കുറച്ച് കൂടി കരഞ്ഞിട്ടുണ്ട്, കുറച്ച് കൂടി ഓപ്പണായിട്ടുണ്ട് എന്നൊക്കെ. സാര്‍ പറയും അതൊന്നും വേണ്ട ഇങ്ങനെ തന്നെ ചെയ്താല്‍ മതിയെന്ന്. അദ്ദേഹത്തിന്റെ മനസ്സില്‍ ആ കഥാപാത്രം പൂര്‍ണമായും ഉണ്ട്. നമ്മള്‍ വരുന്നു, ഡബ് ചെയ്യുന്നു അപ്പോള്‍ തന്നെ പോകുന്നു. ആ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സമയം കിട്ടില്ല. നിറം എന്ന് പറയുന്ന സിനിമയ്ക്ക് വേണ്ടി ഞാന്‍ രണ്ട് ദിവസം സമയമെടുത്തു. അതില്‍ ശാലിനിക്ക് അറുപത്തി അഞ്ച് സീന്‍സ് ഉള്ളത് കൊണ്ടാണ്.

  • നിറത്തില്‍ കുഞ്ചാക്കോ ബോബനെ ശാലിനി തന്നോടുള്ള ഇഷ്ടം മറച്ചുവെച്ചതില്‍ വന്ന് ദേഷ്യപ്പെടുന്ന ഒരു രംഗമുണ്ട്. ആ രംഗത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് കുറച്ചധികം പണിയുണ്ടെന്ന് തോന്നി…?

ഉണ്ട്.. എനിക്ക് തോന്നുന്നു ഒരു രണ്ട് രണ്ടരമണിക്കൂറോളമെടുത്തിട്ടുണ്ടാവും. ആ ഒരു രംഗത്തിന് മാത്രം. നല്ല സീനായിരുന്നു. ആ രംഗത്തിന് വേണ്ടി കമല്‍ക്ക ഇരുന്നാണ് ഡബ് ചെയ്യിപ്പിച്ചത്. ഞാനിരിക്കാം, ശ്രീ ഡബ്ബ് ചെയ്‌തോളു എന്ന പറഞ്ഞ് അദ്ദേഹം എന്റെ കൂടെയിരുന്നു.

  • ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുകളെപ്പറ്റി പറയുമ്പോള്‍ നമുക്ക് മറക്കാന്‍ പറ്റാത്ത ഒരാളാണ് മോഹന്‍ലാല്‍. ഡബ്ബിങ്ങില്‍ അദ്ദേഹം കാണിക്കുന്ന മികവ് എപ്പോഴും പ്രശംസിക്കപ്പെടാറുണ്ട്. ‘കാറ്റത്തെ കിളിക്കൂട്’ എന്ന സിനിമയില്‍ നിങ്ങള്‍ ഒരുമിച്ച് ഡബ്ബ് ചെയ്ത രംഗത്തേക്കുറിച്ച്..?

അന്നത്തെ കാലത്തൊക്കെ ഒരു പേജാണെങ്കില്‍ അത് ഫുള്‍ ബൈഹാര്‍ട്ട് ചെയ്ത് വേണം ഡബ്ബ് ചെയ്യാന്‍. ഇന്നത്തെ പഞ്ചിങ്ങ് സിസ്റ്റം പോലെയല്ല. ഇനിക്കിപ്പോഴും ഓര്‍മ്മയുണ്ട്, ഒരു ഗ്രീന്‍ കാര്‍പ്പറ്റ് വിരിച്ച മുറിയില്‍ രണ്ട് സൈഡിലായി രണ്ട് ബൂത്തുകളും ഉള്ള ഒരു മുറി. സുജാത സ്റ്റുഡിയോയില്‍ നില്‍ക്കുന്നുണ്ട്. രേവതിയുടെയും ലാലിന്റെയും നല്ലൊരു കോമ്പിനേഷന്‍ സീനാണ്. ഞാനിതിങ്ങനെ നിന്ന് പഠിക്കുകയാണ്. അപ്പോള്‍ ലാലേട്ടന്‍ വന്നിട്ട്, എന്റെ ബൂത്തിനടുത്ത് വന്ന് ”ഒന്ന് വേഗം..’ എന്ന് പറഞ്ഞ് എന്നെ കളിയാക്കുകയാണ്. പുള്ളിക്ക് ബൈഹാര്‍ട്ടാണല്ലോ.. അഭിനയിച്ച രംഗമായത്‌കൊണ്ട് പുള്ളിക്കതിന്റെ ടൈമിങ്ങ് അറിയാം, അത് മാത്രമല്ല നല്ലൊരു കലാകാരനും. നമ്മള്‍ അന്ന് തുടക്കക്കാരിയാണ്. വോയ്‌സ് ടെസ്‌റ്റൊക്കെ നടത്തി, വോയ്‌സ് ഓക്കെയാണെന്നുള്ള രീതിയിലാണ് നമ്മള്‍ ഡബ്ബ് ചെയ്യുന്നത്. അവസാനം കറക്ടായി ഡബ്ബ് ചെയ്തു. പക്ഷെ ഞാനിത് പഠിക്കുന്ന സമയത്ത് ലാലേട്ടന്‍ വിസിലടിച്ച്, മാറ്റിലൊക്കെ തലകുത്തി മറിഞ്ഞ് ഭയങ്കര തമാശയായിരുന്നു. ആ ലാലേട്ടനാണ് ഇന്ന് മഹാനടനായ മോഹന്‍ ലാല്‍ ആയി മാറിയിരിക്കുന്നത് എന്ന് നമ്മള്‍ പ്രതീക്ഷിക്കില്ല.

  • അതിന് ശേഷമാണ് ചേച്ചിക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഓര്‍മ്മയിലുള്ള പുരസ്‌കാരങ്ങളെക്കുറിച്ച്…?

വിവിധ ചിത്രങ്ങള്‍ എന്ന പേരില്‍ 1998ല്‍ ആകാശഗംഗയിലെ ദിവ്യ ഉണ്ണി, ചിപ്പി എന്ന് തുടങ്ങുന്ന മറ്റൊരു ചിത്രം, അത് പോലെ വാണി വിശ്വനാഥിന്റെ ഒരു ചിത്രം അങ്ങനെ മൂന്ന് സിനിമകളില്‍ മൂന്ന് ആര്‍ട്ടിസ്റ്റുകള്‍ക്ക് ശബ്ദം നല്‍കിയതിന് ആ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചു. പിന്നെ 2008ല്‍ ‘മിന്നാമിന്നുക്കൂട്ടം’ എന്ന ചിത്രത്തില്‍ റോമയ്ക്ക് ശബ്ദം നല്‍കിയതിനും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

  • നോട്ട്ബുക്ക് എന്ന സിനിമയിലും റോമയ്ക്ക് ശബ്ദം നല്‍കിയിട്ടില്ലേ…?

നോട്ട്ബുക്ക് മറ്റാരോ ആദ്യം ചെയ്തിരുന്നു, എന്നെ വെച്ച് ട്രൈ ചെയ്യാം എന്ന് പറഞ്ഞാണ് ആ ഡബ്ബ് ചെയ്തത്. സത്യം പറഞ്ഞാല്‍ ഞാന്‍ പേടിച്ചാണ് പോയത്. കാരണം, റോമ അന്ന് വളരെ ചെറുതാണ്. എനിക്ക് ആ ശബ്ദം ചേരുമോ ചേരില്ലയോ എന്ന പേടിയായിരുന്നു. പക്ഷെ റോമയുടെ മിക്ക ചിത്രങ്ങളും ഞാനാണ് ഡബ്ബ് ചെയ്തിട്ടുള്ളത്. കളേഴ്‌സ് എന്ന ചിത്രം മാത്രമേ എനിക്ക് മിസ്സായിട്ടുള്ളു.

  • മിന്നാമിന്നിക്കൂട്ടം എന്ന ചിത്രത്തിന് ശേഷം കിട്ടിയ അവാര്‍ഡിനെക്കുറിച്ച്…?

‘അയാള്‍’ എന്ന സിനിമയ്ക്കായിരുന്നു ആ അവാര്‍ഡ്. അതില്‍ ഇനിയക്ക് വേണ്ടിയാണ് ഞാന്‍ ശബ്ദം നല്‍കിയത്. അങ്ങനെ നാല് കേരള സംസ്ഥാന അവാര്‍ഡും ഒരു തമിഴ് നാട് സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

  • റോമയെപ്പോലെ തന്നെക്കാള്‍ പ്രായം കുറഞ്ഞവര്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യുമ്പോള്‍…?

ഞാന്‍ ഡബ്ബ് ചെയ്ത അധികം നടിമാരും എന്നെക്കാള്‍ പ്രായം കുറഞ്ഞവരാണ്. ഒരു പത്തിരുപത് വയസ്സ് വ്യത്യാസമുള്ള കുട്ടികള്‍ക്ക് വേണ്ടിവരെ ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്.

  • എം ജി ശ്രീകുമാര്‍-മോഹന്‍ലാല്‍ കൂട്ട്‌കെട്ട് വളരെ ശ്രദ്ധേയമാണ്. അതുപോലെ ചേച്ചിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ടീം?

ഞാന്‍ ഒരു ആര്‍ട്ടിസ്റ്റിന്റെ പെര്‍ഫോമന്‍സിനനുസരിച്ച് പോകാനുദ്ദേശിക്കുന്ന ആളാണ്. അവര്‍ ചെയ്തതിനേക്കാളും ഡയറക്ടര്‍ ആവശ്യപ്പെടുന്നതിനേക്കാളും നന്നായി ചെയ്യണമെന്നാണ് വിചാരിക്കാറ്. എന്റെ വോയ്‌സ് സ്യൂട്ടാവുമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുമ്പോഴാണ് എനിക്കത് ശെരിയാവുന്നത്. കാവ്യ മാധവനാണ് കൂടുതല്‍ സിങ്കായിട്ടുള്ളത്. കാവ്യയ്ക്ക് ഏറ്റവും മാച്ചാവുന്നത് ചേച്ചിയുടെ ശബ്ദമാണെന്ന് ദിലീപ് വരെ എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ കാവ്യയുടെ വോയ്‌സുമായാണ് എനിക്ക് കൂടുതല്‍ അംഗീകാരം കിട്ടിയിരിക്കുന്നത്. കാരണം അവര്‍ക്ക് വേണ്ടിയാണ് കൂടുതല്‍ ഫിലിംസ് ചെയ്തിട്ടുള്ളത്. അതുപോലെ റോമയ്ക്കും ശാലിനിയ്ക്ക് വേണ്ടിയും ചെയ്തപ്പോള്‍ അവര്‍ തന്നെയല്ലേ ഡബ്ബ് ചെയ്തത് എന്ന് ആരാധകര്‍ ചോദിച്ചതായി ഇരുവരും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഒരാര്‍ട്ടിസ്റ്റുമായി ജെല്ലായിട്ടുണ്ടെന്നല്ല അതിനര്‍ത്ഥം. എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും സ്യൂട്ടബിളായിട്ടാണ് എനിക്ക് ഫീഡ്ബാക്ക് കിട്ടിയിരിക്കുന്നത്.

  • ബോഡി ഗാര്‍ഡിന് ശേഷം മകളാണ് നയന്‍താരയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.. മകള്‍ അമ്മയുടെ പാത പിന്തുടരുകയാണോ..?

മോളുടെ പേര് രവീണ എന്നാണ്. രവീണ രവി. അവള്‍ ബിബിഎം കഴിഞ്ഞ് നില്‍ക്കുകയാണ്. പക്ഷെ ഒരിക്കലും ഈ ഫീല്‍ഡിലേയ്ക്ക് വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ചെറുതായിരിക്കുമ്പോള്‍ അവള്‍ ഒന്നേ മുക്കാല്‍ രണ്ട് വയസ്സില്‍ ‘തൊട്ടാച്ചിണുങ്ങി’ എന്ന് പറയുന്ന പടത്തിന്റെ റേഡിയോ ട്രെയ്‌ലറിന് വേണ്ടി വോയ്‌സ് കൊടുത്തിരുന്നു. ഞാനത് പറയാന്‍ വേണ്ടി പോയപ്പോള്‍ ‘സ്പാന്‍ വിഷന്‍ വണങ്ങും തൊട്ടാ ചിണുങ്ങി’ എന്ന വാചകം പ്രാക്ടീസ് ചെയ്യുന്നത് അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഈ വാചകം തന്നെ അവള്‍ സ്വന്തം ശൈലിയില്‍ ‘തൊട്ടാ ചിണുങ്ങി’ എന്ന് റിപ്പീറ്റ് ചെയ്യുകയായിരുന്നു. ഇത് കേട്ട ഡയറക്ടര്‍ ആദ്യമന്‍ സാറാണ് എന്നോട് ഒന്ന് മോളുടെ വോയ്‌സില്‍ റെക്കോര്‍ഡ് ചെയ്യിപ്പിക്കണം, നല്ല ക്യൂട്ടായിട്ടുണ്ട് എന്ന് പറയുന്നത്. അങ്ങനെ അത് എയറില്‍ പോയപ്പോള്‍ അവസാന ഭാഗം അവളുടെ ശബ്ദമാണ് വന്നത്. അതാണ് അവളുടെ മൈക്കിന്റെ മുമ്പിലെ തുടക്കം.

പിന്നെ നാല് വയസ്സ് ഉള്ളപ്പോഴാണ്, വാനപ്രസ്ഥം എന്ന സിനിമയില്‍ ലാലേട്ടന്റെ മകളായി അഭിനയിച്ച കുട്ടിക്ക് അവള്‍ ശബ്ദം നല്‍കിയത്. അതാണ് സിനിമയില്‍ അവള്‍ ആദ്യമായി നല്‍കിയ ശബ്ദം. അത് കഴിഞ്ഞ് എഫ് ഐ ആര്‍ എന്ന സിനിമയില്‍ അതേ ദിവസം തന്നെ വൈകുന്നേരം സുരേഷ് ഗോപിയുടെ മകളായ കുട്ടിക്ക് വേണ്ടിയും മോള്‍ ഡബ്ബ് ചെയ്തു. അതുപോലെ ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന സിനിമയിലും ഞാന്‍ ഡബ്ബ് ചെയ്യാനിരുന്നത് അവളാണ് ചെയ്തത്. അന്ന് നയന്‍ താരയുടെ ഒരു ഫിസിക്കും ഔട്ട് ലുക്കും ഭംഗിയുമൊക്കെ കണ്ടപ്പോള്‍ ഞാന്‍ ചെയ്യുന്നതിനേക്കാള്‍ അവളാണ് അനുയോജ്യയായത് എന്ന് എനിക്ക് തോന്നി. അങ്ങനെ ഞാന്‍ സിദ്ദിഖ് സാറിന്റെയടുത്ത് കാര്യം പറഞ്ഞു. അപ്പോള്‍ സിദ്ദിക്ക് ഇക്ക പറഞ്ഞു ” അയ്യോ.. അത് പക്വതയുള്ള റോളാണ്.. ഒരു കുട്ടിയുടെ അമ്മയായിട്ടാണ്. ശ്രീജ കുഞ്ഞല്ലേ ” എന്ന്. ഞാന്‍ പറഞ്ഞു ഒന്ന് ശ്രമിച്ച് നോക്കാം… ഞാനും കൂടി ഇവിടെ ഉണ്ടല്ലോ എന്ന്. അദ്ദേഹം ”ഒരു സീന്‍ ചെയ്ത് വെക്ക്.. ഞാനിപ്പോള്‍ വരാം” എന്ന് പറഞ്ഞുകൊണ്ട് എഡിറ്റിങ്ങ് ടേബിളിലേയ്ക്ക് പോയി. അങ്ങനെ അദ്ദേഹം പോയിട്ട് വരുമ്പോഴേക്കും ഞങ്ങള്‍ ഒരു സീന്‍ ഡബ്ബ് ചെയ്ത് വെച്ചു. വന്ന് കഴിഞ്ഞ് അദ്ദേഹം സീന്‍ കണ്ടപ്പോള്‍ അസിസ്റ്റന്റ്‌സിനെയൊക്കെ നോക്കി ”ആ കൊള്ളാമല്ലേ..! നമുക്ക് കണ്ടിന്യൂ ചെയ്യാമല്ലേ” എന്ന് പറഞ്ഞു. പുള്ളി ഹാപ്പിയായിരുന്നു.

  • ലവ് ആക്ഷന്‍ ഡ്രാമയില്‍ നയന്‍ താരയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് മകള്‍ തന്നെയാണോ..?

അതെ.. അതിന് മുമ്പ് അവള്‍ ‘നീന’ എന്ന സിനിമയിലെ കുട്ടിക്ക് വേണ്ടി ചെയ്തിട്ടുണ്ട് (ദീപ്തി സതി). ആ കുട്ടിക്ക് വേണ്ടി തന്നെ ഒന്ന് രണ്ട് പടത്തില്‍ കൂടി അവള്‍ ചെയ്തിട്ടുണ്ട്. പിന്നെ സാള്‍ട്ട് മാങ്കോ ട്രീയില്‍ നായികയ്ക്ക് വേണ്ടി ചെയ്തിട്ടുണ്ട്. പിന്നെ ഇപ്പോള്‍ നിത്യ ഹരിത നായകന്‍ എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു. അവളിപ്പോള്‍ ഏകദേശം എഴുപത്തഞ്ചോളം സിനിമകളില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. തമിഴില്‍ എമി ജാക്‌സണ് ഐ എന്ന സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. പിന്നെ കാജല്‍ അഗര്‍വാള്‍, മഡോണ അങ്ങനെ പോപ്പുലറായ കുറേ നായികമാര്‍ക്ക് ഡബ്ബ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.