സ്വിമ്മിംഗ് പൂളില്‍ മകനൊപ്പം നീന്തുന്ന ചിത്രം പങ്കുവെച്ച സൗന്ദര്യ രജനീകാന്തിനെതിരെ രൂക്ഷവിമര്‍ശനം; മാപ്പ് പറഞ്ഞ് നടി

ചൈന്നെയിലെ കൊടുംവരള്‍ച്ചയില്‍ പെട്ട് നിവാസികള്‍ വലയുമ്പോള്‍ സ്വിമ്മിംഗ്പൂളില്‍ മകനൊപ്പം നീന്തുന്ന ചിത്രങ്ങള്‍ പങ്കുവെച്ച സൗന്ദര്യരജനീകാന്തിനെതിരെ രൂക്ഷ വിമര്‍ശനം. തന്റെ മക്കള്‍ക്കൊപ്പം ഒഴിവുദിനം പങ്കിട്ട വേളയില്‍ ചെറിയ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ ട്വിറ്ററില്‍ താരം പങ്കുവെച്ച ചിത്രങ്ങള്‍ക്കെതിരെ ഏറെ വിമര്‍ശനം ഉയരുകയും പിന്നീട് സൗന്ദര്യ തന്നെ ചിത്രങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. ഒപ്പം താരം പ്രേക്ഷകരോട് മാപ്പ് പറയുകയും ചെയ്തു.
വിമര്‍ശനത്തെ ഉള്‍ക്കൊണ്ട് ചിത്രം പിന്‍വലിക്കുകയാണെന്നും ചെന്നൈയിലെ ജല ദൗര്‍ലഭ്യത ഗൗരവമായി മനസ്സിലാക്കുന്നുവെന്നും സൗന്ദര്യ പിന്നീട് ട്വീറ്റ് ചെയ്തു.

‘എന്റെ അവധിയാഘോഷത്തില്‍ നിന്നും പകര്‍ത്തിയ സദുദ്ദേശ്യത്തോടെ പങ്കുവച്ച ചിത്രങ്ങള്‍ നീക്കം ചെയ്തു. നമ്മള്‍ നേരിടുന്ന ജലക്ഷാമത്തിന്റെ ഗൗരവം കണക്കിലെടുക്കുന്നു. കുട്ടികള്‍ക്ക് ചെറുപ്പം മുതലേ ശാരീരികമായ കായികാധ്വാനം നല്‍കേണ്ടതിന്റെ പ്രാധാന്യം പറയുന്നതിനു വേണ്ടിയായിരുന്നു ആ ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കുവച്ചത്.’-സൗന്ദര്യ ട്വീറ്റ് ചെയ്തു.