ജനപ്രിയ നായകന്‍ ഇന്ന് കോഴിക്കോട്

വ്യാസന്‍ കെ. പി യുടെ സംവിധാനത്തില്‍ ദിലീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. ചിത്രത്തിന്റെ ഒഫിഷ്യല്‍ മൂവി ലോഞ്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ഹൈലൈറ്റ് മാളില്‍വെച്ച് നടക്കും. പരിപാടിയില്‍ ദിലീപ്, അനു സിത്താര, സിദ്ദിഖ്, നാദിര്‍ഷ, സംവിധായകന്‍ വ്യാസന്‍ തുടങ്ങീ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിലെ രസികനായ വിക്കന്‍ വക്കീലിന്റെ വേഷത്തിന് ശേഷം, ദിലീപ് ഒരു പക്വതയാര്‍ന്ന കഥാപാത്രവുമായെത്തുന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും ആകര്‍ഷകമായ സവിശേഷത. ദിലീപിന്റെയും സിദ്ദിഖിന്റെയും മികവുറ്റ അഭിനയവും അനു സിത്താര-ദിലീപ് ജോഡിയുമാണ് ചിത്രത്തിന്റെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍. ദിലീപ് അവതരിപ്പിക്കുന്ന കൃഷ്ണന്‍ എന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവുകളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. നാദിര്‍ഷയും ചിത്രത്തില്‍ ഒരു വ്യത്യസ്ഥ കഥാപാത്രവുമായെത്തുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് നാദിര്‍ഷ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്.

നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെ.പി.എ.സി ലളിത, തെസ്നി ഖാന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസന്‍ കെ.പി. (വ്യാസന്‍ എടവനക്കാട്) രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. സംഗീതം ബിജിബാല്‍. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.