സൈറ കാണിച്ചത് നന്ദികേട്- രൂക്ഷ വിമര്‍ശനവുമായി രവീണ ടണ്ടന്‍

മതവിശ്വാസത്തിനു തടസ്സമാകുന്നതിനാല്‍ അഭിനയം നിര്‍ത്തുകയാണെന്ന് വ്യക്തമാക്കി ബോളിവുഡ് താരം സൈറ വസീം കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. സൈറയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ നടിയും നിര്‍മ്മാതാവുമായ രവീണ ടണ്ടനും വിഷയത്തില്‍ വിയോജിപ്പു പ്രകടിപ്പിച്ചിരിക്കുകയാണ്. ട്വീറ്ററിലൂടെയാണ് തന്റെ അഭിപ്രായം പങ്കുവെച്ചത്

‘രണ്ടു ചിത്രത്തില്‍ മാത്രം അഭിനയിച്ച ഒരാള്‍ സിനിമയോടു നന്ദികേട് കാണിച്ചത് ഒരു വലിയ പ്രശ്‌നമല്ല. അവരുടെ കാഴ്ചപ്പാടുകള്‍ കയ്യില്‍ത്തന്നെ വച്ച്, മാന്യതയോടെ അവര്‍ ഇറങ്ങിപ്പോകട്ടെ എന്നു മാത്രമാണ് ആശംസിക്കാനുള്ളത്.’എന്ന് രവീണ അഭിപ്രായപ്പെട്ടു. ഇതിനെതിരെ നിരവധി പേര്‍ രംഗത്തു വന്നിരുന്നു. സൈറയുടേത് തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും അതു മാനിക്കാതെ, കുറ്റം മാത്രം കണ്ടെത്തുന്നതില്‍ എന്തു കാര്യമെന്നും പലരും ചോദിച്ചു. ട്വീറ്റ് വിവാദമായതോടെ രവീണ നിലപാടു മയപ്പെടുത്തി. സൈറയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും അത് അവരുടെ തിരഞ്ഞെടുപ്പാണെന്നും പിന്നീട് രവീണ പ്രതികരിച്ചു. എന്നാല്‍, സിനിമ തന്നെ വിശ്വാസത്തില്‍ നിന്ന് വേര്‍പെടുത്തിയെന്ന തരത്തില്‍ പ്രതികരിച്ചത് വേദനിപ്പിച്ചെന്നും രവീണ ട്വീറ്റില്‍ കുറിച്ചു. ‘ആത്മീയത കണ്ടെത്തുന്നത് മനോഹരമാണ്. എന്നാല്‍ മറ്റുള്ളവരെ തരംതാഴ്ത്തുന്നത് ശരിയല്ല. സിനിമയിലെ പെണ്‍കുട്ടികളോട് അനീതി കാണിക്കുകയാണെങ്കില്‍ അതിനെതിരെ ആദ്യം പ്രതികരിക്കുന്നത് ഞാന്‍ തന്നെയാകും’എന്ന് രവീണ വ്യക്തമാക്കി.

അഭിനയം ഉപേക്ഷിക്കാനുള്ള തീരുമാനം സമൂഹമാധ്യമത്തിലൂടെയാണ് സൈറ പ്രഖ്യാപിച്ചത്. സിനിമയിലൂടെ പ്രശസ്തി ലഭിച്ചെങ്കിലും അഭിനയം തന്നെ വിശ്വാസത്തില്‍നിന്നു വേര്‍പെടുത്തിയെന്നാണ് സൈറ പറയുന്നത്. അഞ്ച് വര്‍ഷം മുന്‍പ് താനെടുത്ത ഒരു തീരുമാനം തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്നും അത് തനിക്ക് പ്രശസ്തിയും ശ്രദ്ധയും നേടിത്തന്നെന്നും പറഞ്ഞുകൊണ്ടാണ് സൈറ കുറിപ്പ് തുടങ്ങിയത്. എന്നാല്‍ അത്തരത്തില്‍ മുന്നോട്ടുപോകുന്നതില്‍ താന്‍ സന്തോഷവതിയല്ലെന്നും വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിച്ചെന്നും സൈറ പറയുന്നു.