അന്ന് ‘ഹണി ബീ’ കണ്ട് ആളുകൾ ബാറിൽ പോയതിൽ അഭിമാനിച്ചു, ഇന്ന് ആ ചിന്ത മാറി; ജീൻ പോൾ ലാലിന്റെ മാറ്റത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ

','

' ); } ?>

സിനിമയുടെ ലക്ഷ്യം ആളുകളെ മദ്യപിപ്പിക്കുക എന്നതല്ലെന്ന സംവിധായകനും നടനുമായ ജീൻ പോൾ ലാലിന്റെ തുറന്നു പറച്ചിലിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. തന്റെ ആദ്യ ചിത്രമായ ‘ഹണി ബീ’ കണ്ടിട്ട് ആളുകൾ ബാറിലേക്ക് പോയെന്ന് പറഞ്ഞപ്പോൾ അഭിമാനം തോന്നിയിരുന്ന ഒരു കാലത്തുനിന്നും, കൂടുതൽ പക്വതയോടെയുള്ള അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ചിന്താഗതിയെ പ്രശംസിച്ചുകൊണ്ട് അനു ചന്ദ്ര എന്ന വ്യക്തി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഈ മാറ്റത്തെ അവസരവാദമായി കാണാതെ മനുഷ്യന്റെ അനുഭവങ്ങളിൽ നിന്നുണ്ടാകുന്ന ‘മൂല്യപരമായ പരിണാമം’ ആയി വിലയിരുത്തണമെന്നാണ് കുറിപ്പിൽ പറയുന്നത്.

മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു ജീൻ പോൾ തന്റെ സിനിമാ ജീവിതാനുഭവങ്ങളും കാഴ്ചപ്പാടിലുണ്ടായ മാറ്റങ്ങളും തുറന്നുപറഞ്ഞത്. കഞ്ചാവ് വലിക്കുന്നവരെയും മദ്യപിക്കുന്നവരെയും താടി വെച്ചവരെയുമൊക്കെ ഗുണ്ടകളായി മാത്രം കണ്ടിരുന്ന കാലത്താണ് താൻ ‘ഹണി ബീ’ ചെയ്തതെന്ന് ജീൻ പറയുന്നു. ഇതൊക്കെ യുവാക്കൾക്കിടയിൽ സാധാരണമാണെന്ന് കാണിക്കുക മാത്രമായിരുന്നു അന്നത്തെ ഉദ്ദേശം. എന്നാൽ ഇന്ന് ആലോചിക്കുമ്പോൾ സിനിമ ചെയ്തതിൽ കുറ്റബോധമില്ലെങ്കിലും, ഇപ്പോഴാണ് ആ സിനിമ ചെയ്യുന്നതെങ്കിൽ മറ്റൊരു രീതിയിലാകും അവതരിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമ കഴിയുമ്പോൾ പ്രേക്ഷകർ മദ്യപാനം നിർത്തുന്ന രീതിയിലുള്ള മാറ്റങ്ങളോ, അല്ലെങ്കിൽ ലഹരി ഉപയോഗിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതോ ആയ കാര്യങ്ങൾ ഉൾപ്പെടുത്തി സിനിമ ബാലൻസ് ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. ലഹരിയോ മദ്യപാനമോ സമൂഹത്തിലുള്ളതായതുകൊണ്ട് പൂർണ്ണമായി ഒഴിവാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഹണി ബീ’ കണ്ടിട്ട് മദ്യപിക്കാൻ പോയെന്ന് പലരും പറഞ്ഞപ്പോൾ അന്ന് അഭിമാനം തോന്നിയിരുന്നുവെങ്കിലും, ഇനിയത് ചെയ്യരുത് എന്നാണ് ഇന്ന് തോന്നുന്നതെന്നും ജീൻ പോൾ അഭിമുഖത്തിൽ വ്യക്തമാക്കി.

മഞ്ഞുമ്മൽ ബോയ്‌സ്, അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെ ബാലൻ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ സംവിധായകൻ എന്നതിലുപരി മികച്ച നടൻ എന്ന നിലയിലും ജീൻ പോൾ ലാൽ ഇപ്പോൾ വലിയ പ്രേക്ഷകപ്രീതി നേടിയിരിക്കുകയാണ്. അഭിനയരംഗത്തെ ഈ മികച്ച പ്രകടനങ്ങൾ ആഘോഷിക്കപ്പെടുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പക്വതയാർന്ന വാക്കുകളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സാമൂഹിക ഉത്തരവാദിത്തമുള്ള ഒരു കലാകാരനിലേക്കുള്ള ജീൻ പോളിന്റെ ഈ വളർച്ചയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചർച്ചയായിരിക്കുന്നത്.