“അത്ഭുതദ്വീപിന് ശേഷം ഉയരമുള്ള പെൺകുട്ടികളെ അവർ വിവാഹം കഴിച്ചു, സമൂഹത്തിന്റെ കാഴ്ചപ്പാട് മാറി”: ഗിന്നസ് പക്രു

','

' ); } ?>

‘അത്ഭുതദ്വീപിന്റെ‘ റിലീസിന് ശേഷം ചിത്രത്തിലഭിനയിച്ച നൂറിലധികം പേർക്ക് ഉയരമുളള സ്ത്രീകളെ കല്യാണം കഴിക്കാൻ കഴിഞ്ഞുവെന്ന് വെളിപ്പെടുത്തി നടൻ ഗിന്നസ് പക്രു. മുൻപ് വിവാഹം നടക്കാൻ ബുദ്ധിമുട്ടിയ പലർക്കും സിനിമയുടെ വിജയത്തോടെ നല്ലൊരു കുടുംബജീവിതം കെട്ടിപ്പടുക്കാൻ സാധിച്ചുവെന്നും, നിലവിൽ ഉയരം കുറഞ്ഞ സ്ത്രീകളെ ഉയരമുള്ള പുരുഷന്മാർ വിവാഹം കഴിക്കുന്ന രീതിയിലേക്ക് സമൂഹത്തിന്റെ കാഴ്ചപ്പാട് മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആനീസ് കിച്ചൺ പര്യാപടിയിൽ മൂത്ത മകൾ ദീപ്‌ത കീർത്തിയോടൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അത്ഭുതദ്വീപ് സിനിമ പുറത്ത് വന്നശേഷം അതിൽ അഭിനയിച്ച മുന്നൂറ് പേരിൽ നൂറ് പേരോളം കല്യാണം കഴിച്ചു. ചിലർ ഉയരമുള്ള പെൺകുട്ടികളെ തന്നെയാണ് വിവാഹം ചെയ്തത്. ഉയരം കുറഞ്ഞവരുടെ കല്യാണത്തിന്റെ പരമ്പര തന്നെയായിരുന്നു പിന്നീട്. സിനിമയുടെ ലൊക്കേഷനിൽ വെച്ച് പലരോടും ചോദിച്ചപ്പോൾ അവരെല്ലാം കല്യാണം കഴിക്കാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷെ പെണ്ണ് കിട്ടുന്നില്ലായിരുന്നു. ചിലർക്ക് തേപ്പും കിട്ടിയിട്ടുണ്ട്. അതെല്ലാം അത്ഭുതദ്വീപിന്റെ റിലീസോട് കൂടി മാറി. പലർക്കും നല്ല ജീവിതം കിട്ടി. നല്ല രീതിയിൽ കുടുംബം നോക്കുന്ന ഒരുപാട് പേർ അവർക്കിടയിലുണ്ട്. ഇപ്പോൾ ഉയരം കുറഞ്ഞ സ്ത്രീകളെ ഉയരമുള്ള ആൺകുട്ടികളും കല്യാണം കഴിക്കുന്നുണ്ട്.” ഗിന്നസ് പക്രു പറഞ്ഞു.

തനിക്ക് അഭിനയത്തോട് താല്പര്യമില്ലെന്നും സംവിധാന രംഗത്തോട് ആണ് ആഭിമുഖ്യമെന്നും പ്ലസ് വൺ വിദ്യാർത്ഥിനിയായ ദീപ്തയും വ്യക്തമാക്കി. പക്രുവിന്റെ ഭാര്യ ഗായത്രിയുടെ യൂട്യൂബ് ചാനലിനായി വീഡിയോകൾ എഡിറ്റ് ചെയ്യുന്നതും ദീപ്തയാണ്. അടുത്തിടെ തങ്ങളുടെ കുടുംബത്തിലേക്ക് വന്ന രണ്ടാമത്തെ മകളെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങളും താരം പങ്കുവെച്ചു. ഇളയ മകൾക്ക് താൻ ‘കൃഷ്ണൻ’ ആണെന്നും, വീട്ടിൽ തികച്ചും ആക്ടീവായ അവൾക്ക് സങ്കടം വന്നാൽ ആദ്യം ഓടിയെത്തുന്നത് ചേച്ചിയായ ദീപ്തയുടെ അടുത്തേക്കാണെന്നും പക്രു വെളിപ്പെടുത്തി. തന്റെ മക്കൾ രണ്ടുപേരും നല്ല മനുഷ്യത്വമുള്ളവരായി വളരണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞാണ് താരം സംഭാഷണം അവസാനിപ്പിച്ചത്.