
ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച മോഹൻലാലിനെ സർക്കാർ ആദരിച്ച വേദിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിൽ അടൂരിന് മറുപടിയുമായി പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ. “ജനങ്ങൾ നെഞ്ചോട് ചേർത്ത കലാകാരന്മാർക്ക് പുരസ്‌കാരങ്ങൾ ലഭിക്കുമ്പോൾ മാത്രമേ ആളും ആരവവും അഭിനന്ദനങ്ങളും ആഘോഷങ്ങളും ആർപ്പുവിളികളും ഉണ്ടാവുകയുള്ളുയെന്നും. ജനങ്ങൾ ഒന്നാകെ അംഗീകരിക്കുമ്പോഴും ചിലർക്ക് അത് ഉൾക്കൊള്ളാൻ വലിയ ബുദ്ധിമുട്ടാണെന്നും” സിദ്ദു പനയ്ക്കൽ പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“വ്യക്‌തിപരമായി പറയുകയാണെങ്കിൽ എനിക്കിഷ്‌ടം തന്റേ്റേടമുള്ള ക്യാരക്‌ടറുകളെ അവതരിപ്പിക്കുന്ന താരങ്ങളെയാണ്. അതായത് അല്പസ്വല്പം റൗഡിസം ഒക്കെയുള്ള ക്യാരക്‌ടറുകൾ അവതരിപ്പിക്കുന്നവരെ!. റൗഡിസത്തിൽ നിന്ന് നേരെ കഥകളിയിലേക്ക്, കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയെ ലാഭേച്‌ഛ കൂടാതെ വെള്ളിത്തിരയിൽ എത്തിക്കാൻ നവരസങ്ങളുടെ ഈ രാജാവ് തന്നെ അവതരിക്കേണ്ടിവന്നു. അവാർഡുകൾ അംഗീകാരങ്ങളാണ്. ലഭിക്കുന്നവർക്ക് അഭിമാനവുമാണ്. അവാർഡുകൾ വാങ്ങണമെങ്കിൽ മനുഷ്യൻ കാണാത്ത സിനിമയിൽ അഭിനയിക്കണമെന്നില്ല. വാണിജ്യമൂല്യം ഉള്ള സിനിമയിൽ അഭിനയിച്ചിട്ടാണ് ലാലേട്ടന് മിക്കവാറും പുരസ്‌കാരങ്ങളെല്ലാം ലഭിച്ചിട്ടുള്ളത്.
സ്വന്തം നേട്ടത്തിനല്ലാതെ, സിനിമാപ്രവർത്തകർക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത സിനിമകൾ എടുക്കുന്നവരേക്കാൾ എനിക്കിഷ്ടം 10 പേർക്ക് തൊഴിൽ കൊടുക്കുന്ന സിനിമ എടുക്കുന്ന വരെയാണ്”. സിദ്ദു പനയ്ക്കൽ കുറിച്ചു.
“തുടക്കകാലത്ത് പലതരം അവമതിപ്പുകൾക്കും പാത്രമാകുന്നവർ പ്രശസ്തരാകുമ്പോൾ മുൻപ് അവഗണിച്ചവരും അപമാനിച്ചവരും ഇവരെ പുകഴ്ത്താൻ തുടങ്ങും. ചില നേട്ടങ്ങൾ തങ്ങളുടെ ശ്രമഫലമായാണ് എന്നും അവകാശപ്പെടും. ലാലേട്ടന്റെ കാര്യവും വ്യത്യസ്തമല്ല. ആദ്യകാലങ്ങളിൽ ഭംഗിയുടെ കാര്യത്തിലും ചരിഞ്ഞ നടത്തത്തിന്റെ പേരിലും ഒക്കെ അദ്ദേഹം വിമർശിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് അഭിനയത്തിലും പ്രശസ്‌തിയിലും ലോകനിലവാരത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ വളർച്ച, ഉയർച്ച നമ്മൾ കണ്ടതാണ്. ജനങ്ങൾ നെഞ്ചോട് ചേർത്ത, തങ്ങളിൽ ഒരാളായി കരുതുന്ന കലാകാരന്മാർക്ക് പുരസ്‌കാരങ്ങൾ ലഭിക്കുമ്പോൾ മാത്രമേ ആളും ആരവവും അഭിനന്ദനങ്ങളും ആഘോഷങ്ങളും ആർപ്പുവിളികളും ഉണ്ടാവുകയുള്ളു. ജനങ്ങൾ ഒന്നാകെ അംഗീകരിക്കുമ്പോഴും ചിലർക്ക് അത് ഉൾക്കൊള്ളാൻ വലിയ ബുദ്ധിമുട്ടാണ്. മനസ്സിൽ പതിഞ്ഞുപോയ ഇമേജുകളെ മാറ്റി ചിന്തിക്കാൻ പറ്റാത്തവരെ കൊണ്ടുപോലും പൊതുവേദിയിൽ ‘തന്നെ’ അംഗീകരിപ്പിക്കുക എന്നുള്ളത് വലിയ കാര്യമാണ്”. സിദ്ദു പനയ്ക്കൽ കൂട്ടിച്ചേർത്തു.
ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച മോഹൻലാലിനെ സർക്കാർ ആദരിച്ച വേദിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശം വലിയ ചർച്ചയായിരുന്നു. ഫാൽക്കെ പുരസ്‌കാരം അടൂരിന് ലഭിച്ചപ്പോൾ അന്നൊന്നും സർക്കാർ അനുമോദന ചടങ്ങ് സംഘടിപ്പിച്ചില്ലായിരുന്നു എന്ന പരാമർശമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.