
‘പെദ്ദി’ എന്ന ചിത്രത്തിലെ ഗാനരംഗത്തെക്കുറിച്ചുണ്ടായ ചർച്ചകൾക്ക് മറുപടിയുമായി നടി ശ്രുതി ഹാസൻ രംഗത്ത്. ഗാനരംഗത്ത് ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടത് ആരെയും പ്രീതിപ്പെടുത്താനല്ലെന്നും അത്തരം വേഷങ്ങളും പ്രകടനങ്ങളും താൻ ആസ്വദിച്ചാണ് ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി. വിഷ്വൽ സെക്ഷ്വാലിറ്റി തനിക്ക് സ്വാതന്ത്ര്യം നൽകുന്ന കാര്യമാണെന്ന് ശ്രുതി പറഞ്ഞു. ഡാൻസ് ചെയ്യാനും ഒരുങ്ങാനും തനിക്ക് ഏറെ ഇഷ്ടമാണെന്നും ‘പെദ്ദി’യിലെ ഗാനത്തെയും സമീപിച്ചത് ഈ താൽപര്യത്തോടെയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഏത് വസ്ത്രം ധരിക്കണമെന്ന കാര്യത്തിൽ സ്വന്തം കംഫർട്ടിനാണ് എപ്പോഴും പ്രാധാന്യം നൽകാറുള്ളത്. അസൗകര്യമുണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിക്കില്ലെന്ന് സെറ്റുകളിൽ തുറന്നുപറയാറുണ്ടെന്നും അത്തരം വസ്ത്രങ്ങളിൽ ഇതുവരെ അഭിനയിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. ഇതിന്റെ പേരിൽ സെറ്റുകളിൽ തർക്കങ്ങളുണ്ടായിട്ടുണ്ടെന്നും തന്നെ ‘പ്രശ്നക്കാരിയെന്ന്’ വിളിച്ചിട്ടുണ്ടെന്നും എന്നാൽ അതെല്ലാം തനിക്ക് സ്വീകാര്യമാണെന്നും ശ്രുതി പറഞ്ഞു.
ചിത്രത്തിലെ സഹതാരം ജാൻവി കപൂറിന്റെ അനുഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ശ്രുതി തയ്യാറായില്ല. ഓരോരുത്തരുടെയും അനുഭവങ്ങളെക്കുറിച്ച് അവരാണ് സംസാരിക്കേണ്ടതെന്നും അവർ വ്യക്തമാക്കി. ‘ആകാശംലോ ഒക താര’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രുതി ഹാസന്റെ പ്രതികരണം.
ശ്രുതിയുടെ വാക്കുകൾ
ഡാൻസ് ചെയ്യാൻ എനിക്ക് വളരെയധികം ഇഷ്ടമാണ്. ഒരുങ്ങുന്നതും എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. പെഡിയിലെ സോങിനോടുള്ള എന്റെ സമീപനം അതായിരുന്നു. വിഷ്വൽ സെക്ഷ്വാലിറ്റി എനിക്ക് ലിബറേറ്റിങ് ആണ്.
എനിക്ക് ഏതെങ്കിലും വസ്ത്രം കംഫർട്ടബിളല്ല എന്നുണ്ടെങ്കിൽ ഇതെനിക്ക് ധരിക്കാനാവില്ലെന്ന് തുറന്നു പറയുന്ന ആളാണ് ഞാൻ. ഞാൻ അത് ചെയ്യുന്നുണ്ടെങ്കിൽ അതിനർഥം ഞാൻ അതിൽ കംഫർട്ടബിളാണ് എന്നാണ്. അത്തരത്തിൽ കംഫർട്ടബില്ലാത്ത വസ്ത്രങ്ങളിൽ ഞാനിതുവരെയും അഭിനയിച്ചിട്ടില്ല. അതിന്റെ പേരിൽ വാക്കുതർക്കങ്ങളുണ്ടായിട്ടുണ്ട്. എന്നെ പ്രശ്നക്കാരിയെന്നു വിളിച്ചിട്ടുമുണ്ട്. പക്ഷേ അതെല്ലാം എനിക്ക് ഓക്കെ ആണ്.
പെഡിയിലെ പാട്ടിനെക്കുറിച്ചുണ്ടായ ചർച്ചകളെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. അതെനിക്കു മനസ്സിലാകുന്നുമുണ്ട്. പക്ഷേ സത്യസന്ധമായും ഞാനാ വേഷം നന്നായി ആസ്വദിച്ചാണ് ചെയ്തത്. എനിക്ക് ഡാൻസ് ചെയ്യാനും കൊറിയോഗ്രാഫ് ചെയ്യാനും ഇഷ്ടമാണ്. സെക്സിയായിരിക്കുന്നതിൽ ഫൺ ഉണ്ട്, അതും എനിക്കിഷ്ടമാണ്. അല്ലാതെ ആരെയും പ്രീതിപ്പെടുത്താൻ വേണ്ടിയല്ല ചെയ്യുന്നത്.