‘ലോക’ നിർമിക്കാൻ ആഗ്രഹിച്ചിരുന്നു; മലയാള സിനിമയെ പ്രശംസിച്ച് അനന്യ ബിർള

','

' ); } ?>

അടുത്തിടെ കണ്ട സിനിമകളിൽ സ്വന്തം നിർമാണക്കമ്പനിയായ ബിർള സ്റ്റുഡിയോസ് നിർമിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയ ചിത്രം മലയാളത്തിലെ ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’യാണെന്ന് സംരംഭകയും ഗായികയുമായ അനന്യ ബിർള. കരൺ ജോഹർ അവതാരകനായെത്തുന്ന ‘കോഫി വിത്ത് കരൺ’ എന്ന പ്രശസ്ത ചാറ്റ് ഷോയിലാണ് അനന്യ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

കല്യാണി പ്രിയദർശനെ കേന്ദ്രകഥാപാത്രമാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക’, മലയാളത്തിലെ ശ്രദ്ധേയമായ സൂപ്പർഹീറോ ചിത്രങ്ങളിലൊന്നാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച ഈ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയമാണ് സ്വന്തമാക്കിയത്. മലയാളത്തിൽ ഒരു സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കമിട്ട ചിത്രം കൂടിയാണിത്.

ചിത്രത്തിൽ ‘ചന്ദ്ര’ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് കല്യാണി പ്രിയദർശൻ അവതരിപ്പിച്ചത്. നസ്ലെൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അഖിലേന്ത്യാ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള മലയാള സിനിമകളുടെ മേക്കിങ്ങിനോടുള്ള ബോളിവുഡ് നിർമാതാക്കളുടെ താൽപര്യമാണ് അനന്യയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.

ഇംതിയാസ് അലി സംവിധാനം ചെയ്ത ‘മേം വാപസ് ആവൂങ്ക’ എന്ന ചിത്രത്തിലൂടെ നിർമാണരംഗത്ത് സജീവമായ അനന്യ ബിർള, കല്യാണി പ്രിയദർശനെത്തന്നെ നായികയാക്കി പുതിയ ചിത്രവും ഒരുക്കുന്നുണ്ട്. രണവീർ സിങിനൊപ്പം കല്യാണി പ്രധാന വേഷത്തിലെത്തുന്ന ‘പ്രളയ്’ നിർമിക്കുന്നത് ബിർള സ്റ്റുഡിയോസാണ്. ‘ലോക’യുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് നിലവിൽ സിനിമാപ്രേമികൾ.