‘പ്രശ്‌നങ്ങള്‍ക്ക് സ്‌നേഹത്തോടെ പരിഹാരം കാണും’-മോഹന്‍ലാല്‍

ഷെയ്ന്‍ നിഗത്തിനെ വിലക്കിയ സംഭവത്തില്‍ പ്രതികരിച്ച് നടനും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍. പ്രശ്‌നപരിഹാരത്തിന് അമ്മ നീക്കം തുടങ്ങിയതിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ പ്രതികരണം. പ്രശ്‌നങ്ങള്‍ക്ക് സ്‌നേഹത്തോടെ പരിഹാരം കാണുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വീണ്ടും ചര്‍ച്ചകള്‍ നടത്തുകയും എല്ലാവരുമായും സംസാരിക്കുകയും ചെയ്യും. സംഘടനകള്‍ക്ക് നിലപാടുകള്‍ എടുക്കേണ്ടി വരും. അവരോട് വീണ്ടും സംസാരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. അതിലൂടെയാണ് പരിഹരിക്കാനാകുക എന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

ബുധനാഴ്ചയാണ് ഷെയ്ന്‍ നിഗവുമായി അമ്മയുടെ ഭാരവാഹികള്‍ ചര്‍ച്ച നടത്തുക. ഇതിന് ശേഷമാകും അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ കൂടിക്കാഴ്ച്ച. അമ്മയുമായുളള മീറ്റിങ്ങിനായി അജ്മീറിലുളള ഷെയ്ന്‍ നിഗത്തോട് കൊച്ചിയില്‍ എത്തിച്ചേരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഒത്തുതീര്‍പ്പ് ചര്‍ച്ച ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്തയച്ചിരുന്നു. വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിച്ച തീരുമാനം പിന്‍വലിക്കണമെന്നും ഇതിലെ നായകനായ ഷെയ്ന്‍ നിഗവുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ഷെയ്‌ന്റെ വിലക്കുമായി ബന്ധപ്പെട്ട് താരസംഘടനയും നേരത്തെ നിര്‍മ്മാതാക്കള്‍ക്ക് കത്ത് കൈമാറിയിരുന്നു.