ഡെലിഗേറ്റ് പാസുകളുടെ വിതരണം ബുധനാഴ്ച്ച മുതല്‍

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ബുധനാഴ്ച്ച ആരംഭിക്കും. രാവിലെ 11 മണി മുതല്‍ ടാഗോര്‍ തിയേറ്ററില്‍ നിന്ന് പാസുകള്‍ ലഭ്യമാകും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി ഡെലിഗേറ്റ് പാസുകള്‍ കൈപ്പറ്റാം.

പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറില്‍ ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങള്‍ക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. പാസുകള്‍ക്കായി ഡെലിഗേറ്റുകള്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കാനായി 10 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിനും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണ 10500 പാസ്സുകളാണ് വിതരണം ചെയ്യുക.

12000ലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവര്‍ത്തകരെയും ചലച്ചിത്രപ്രേമികളെയും വരവേല്‍ക്കാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങിക്കഴിഞ്ഞു. പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററടക്കം14 തിയേറ്ററുകളിലായി 73 രാജ്യങ്ങളില്‍ നിന്നുള്ള 186 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

വിവിധ തിയേറ്ററുകളിലായി 8998 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. 3500 സീറ്റുകള്‍ ഉള്ള ഓപ്പണ്‍ തിയേറ്റര്‍ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദര്‍ശനവേദി. മിഡ്‌നെറ്റ് സ്‌ക്രീനിംഗ് ചിത്രമായ ഡോര്‍ലോക്ക് ഉള്‍പ്പടെ പ്രധാന ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും.

മേളയുടെ നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുക. ബാര്‍ക്കോ ഇലക്‌ട്രോണിക്‌സിന്റെ നൂതനമായ ലേസര്‍ ഫോസ്ഫര്‍ ഡിജിറ്റല്‍ പ്രോജക്ടറാണ് ഇത്തവണ നിശാഗന്ധിയില്‍ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നത്. അതേ ഗുണനിലവാരമുള്ള പുതിയ സ്‌ക്രീനും ഉപയോഗിക്കും. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനസമാപന ചടങ്ങുകള്‍ നടക്കുന്നതും നിശാഗന്ധിയിലാണ്.