
ലൈംഗിക പീഡനക്കേസിൽ പ്രമുഖ ബോളിവുഡ് ചലച്ചിത്ര നിർമാതാവും സംവിധായകനുമായ ഷക്കീൽ നൂറാനി മാൽവാനി അറസ്റ്റിൽ. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് നടപടി. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ഇയാളെ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലുള്ള മേധയിലെ ഫാം ഹൗസിൽ നിന്നാണ് ശനിയാഴ്ച പുലർച്ചെ പോലീസ് അറസ്റ്റ് ചെയ്തത്. ‘ബഡേ ദിൽ വാലാ’, ‘ജോരു കാ ഗുലാം’ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനാണ് നൂറാനി.
2016-ൽ ലോഖണ്ഡവാലയിൽ വെച്ച് നടന്ന ഒരു അവാർഡ് ചടങ്ങിൽ വെച്ചാണ് പരാതിക്കാരിയായ നടിയും ഷക്കീൽ നൂറാനിയും ആദ്യമായി പരിചയപ്പെടുന്നത്. തുടർന്ന് തന്റെ പുതിയ ചിത്രത്തിൽ അവസരം നൽകാം എന്ന് വാഗ്ദാനം നൽകി തിരക്കഥ വായിക്കാനെന്ന വ്യാജേന നടിയെ മാൽവാനിയിലുള്ള വസതിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെവെച്ച് ലഹരി കലർത്തിയ പാനീയം നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയും, ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി തുടർച്ചയായി
പീഡനത്തിനിരയാക്കുകയുമായിരുന്നു എന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. കൂടാതെ, തുടർച്ചയായി ഗർഭനിരോധന ഗുളികകൾ നൽകിയതായും നടിയുടെ പരാതിയിലുണ്ട്. പീഡനത്തെത്തുടർന്ന് ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട നടി ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം തേടിയാണ് 2026-ൽ വീണ്ടും മുംബൈയിലെത്തി പോലീസിനെ സമീപിച്ചത്.
ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്.) 64(2)(എം), 123, 351(2), 88 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കേസിലെ കൂടുതൽ അന്വേഷണങ്ങൾക്കും ഇയാൾ മറ്റു സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനുമായി പോലീസ് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന്, ബോറിവിലി ഹോളിഡേ കോടതി പ്രതിയെ ഓഗസ്റ്റ് 12 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എന്നാൽ, ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും ഷക്കീൽ നൂറാനിയെ മനഃപൂർവം കേസിൽ കുടുക്കിയതാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകനായ വികാസ് സിങ് ഗോർ കോടതിയിൽ വാദിച്ചത്.