“ചുറ്റുമുള്ളവർ മുഴുവൻ എന്റെ കഴിവിനെ സംശയിച്ചപ്പോൾ എന്നെ പൂർണ്ണമായി വിശ്വസിച്ചത് യാഷ് മാത്രം”; വൈകാരികമായി ഗീതു മോഹൻദാസ്

','

' ); } ?>

തന്റെ കഴിവിൽ മറ്റുള്ളവർ സംശയം പ്രകടിപ്പിച്ചപ്പോഴും തന്നിൽ പൂർണ്ണമായി വിശ്വസിച്ചത് നടൻ യഷ് മാത്രമായിരുന്നുവെന്ന് നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്. ടോക്‌സികിന്റെ സഹതിരക്കഥാകൃത്ത് കൂടിയായ യഷ്, ഈ സിനിമയുടെ യാത്രയിൽ തനിക്ക് നൽകിയ പ്രചോദനം വലുതാണെന്നും, സിനിമയ്ക്ക് ശേഷവും യാഷിന്റെ സ്വാധീനം തന്റെ ജീവിതത്തിലുണ്ടാകുമെന്നും ഗീതു പറഞ്ഞു. യാഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ടോക്‌സികിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു ഗീതു. കന്നഡയിൽ തയ്യാറാക്കിയ പ്രസംഗം മറന്നുപോയതോടെ മനസ്സിൽ തോന്നിയ കാര്യങ്ങൾ നേരിട്ട് പങ്കുവെക്കുകയാണെന്ന് പറഞ്ഞാണ് ഗീതു സംസാരിച്ചു തുടങ്ങിയത്.

സിനിമയുടെ ഓരോ ഘട്ടത്തിലും യഷ് നൽകിയ പിന്തുണയാണ് ചിത്രം പൂർത്തിയാക്കാൻ കരുത്തായത്. രാത്രി രണ്ടുമണിക്ക് വിളിച്ചാൽ പോലും താൻ അണിയറപ്രവർത്തകരുടെ സഹായത്തിന് ഒപ്പമുണ്ടാകുമെന്നും ഗീതു ഉറപ്പുനൽകി.

തന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ മകളെ സ്നേഹത്തോടെ പരിപാലിച്ച അമ്മയ്ക്ക് വേദിയിൽ ആദ്യമേ നന്ദി പറഞ്ഞ ഗീതു, കുടുംബത്തിന്റെ പിന്തുണ എത്രത്തോളം വലുതാണെന്ന് അടിവരയിട്ടു. സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച നൂറുകണക്കിന് ആളുകളുടെ അദൃശ്യമായ കഠിനാധ്വാനമാണ് ചിത്രത്തിന്റെ വിജയമെന്നും അവർ ചൂണ്ടിക്കാട്ടി. അഭിനേതാക്കളിൽ ഒരാളായ വെനൂത്സയുടെ സത്യസന്ധമായ സഹകരണത്തെയും ഇംഗ്ലീഷ് സംഭാഷണങ്ങൾ കൃത്യമായി പഠിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയും സംവിധായിക പ്രത്യേകം അഭിനന്ദിച്ചു.

ഗീതു മോഹൻദാസും യഷും ചേർന്ന് തിരക്കഥയൊരുക്കിയ ‘ടോക്സിക്’ ഓഗസ്റ്റ് 26-നാണ് തിയേറ്ററുകളിൽ എത്തുന്നത്. ‘റായ’, ‘ടിക്കറ്റ്’ എന്നീ ഇതുവരെ കാണാത്ത വ്യത്യസ്ത ലുക്കുകളിലാണ് ചിത്രത്തിൽ യഷ് പ്രത്യക്ഷപ്പെടുന്നത്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഗോപൻ ചിദംബരം മലയാള സംഭാഷണങ്ങളും രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവർ സംഗീതവും ഒരുക്കുന്നു. കെ.വി.എൻ. പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ നിർമിച്ച് മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത്.