“യഷ് ഫോണിൽ വിളിച്ച് ക്ഷണിച്ചതുമാത്രം മതിയായിരുന്നു ഈ വേദിയിലേക്ക് വരാൻ, ഗീതവുമായി 20 വർഷം മുന്നേയുള്ള ബന്ധം”; നയൻ‌താര

','

' ); } ?>

സിനിമകളുടെ പ്രമോഷൻ വേദികളിൽ നിന്ന് വിട്ടു നിന്നതിന്റെ കാരണം തുറന്നു പറഞ്ഞ് നടി നയൻ‌താര. ഇത്തരം പ്രൊമോഷണൽ ചടങ്ങുകളിൽ നിന്ന് മാറിനിൽക്കുന്നത് താത്പര്യമില്ലാത്തതുകൊണ്ടല്ലെന്നും, ഇത്തരം വലിയ വേദികളിൽ സംസാരിക്കാനുള്ള പ്രാവീണ്യം തനിക്കില്ലെന്ന സ്വയം വിലയിരുത്തൽ കൊണ്ടാണെന്നും നയൻതാര വ്യക്തമാക്കി. യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം. സംവിധായിക ഗീതു മോഹൻദാസുമായി തനിക്കുള്ള രണ്ട് പതിറ്റാണ്ടിലേറെയായുള്ള ആത്മബന്ധവും നായകൻ യഷിന്റെ വ്യക്തിപരമായ ക്ഷണവുമാണ് ടോക്‌സികിന്റെ പ്രൊമോഷ വേദിയിലേക്ക് വർഷങ്ങൾക്ക് ശേഷം തന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്നും നയൻ‌താര കൂട്ടിച്ചേർത്തു.

സംവിധായിക ഗീതു മോഹൻദാസിനെക്കുറിച്ചും തങ്ങൾ തമ്മിലുള്ള അഗാധമായ സൗഹൃദത്തെക്കുറിച്ചും ഏറെ വൈകാരികമായാണ് നയൻതാര വേദിയിൽ സംസാരിച്ചത്. 20 വർഷം മുൻപ് മമ്മൂട്ടി നായകനായ ‘രാപ്പകൽ’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിലൂടെ തുടങ്ങിയ സൗഹൃദമാണ് ഇരുവർക്കുമുള്ളത്. ഒന്നിലധികം താരങ്ങൾ അണിനിരക്കുന്ന ചിത്രമായതുകൊണ്ടുതന്നെ ‘ടോക്സിക്’ എന്ന ചിത്രത്തിലേക്ക് ആദ്യം ക്ഷണിച്ചപ്പോൾ ‘ഇല്ല’ എന്നായിരുന്നു തന്റെ മറുപടി. എന്നാൽ ഗീതു നിർബന്ധിച്ച് കഥ കേൾപ്പിച്ചതോടെ കാര്യങ്ങൾ മാറി. ഗീതുവിന്റെ അവിശ്വസനീയമായ കാഴ്ചപ്പാടും സിനിമയോടുള്ള സമീപനവും തന്നിൽ വലിയ അത്ഭുതമുണ്ടാക്കി. ഒരു മികച്ച സംവിധായിക എന്നതിലുപരി, ഓരോ അഭിനേതാവിന്റെയും കൈപിടിച്ച് പ്രയാസകരമായ ഘട്ടങ്ങളിൽ കൂടെനിൽക്കുന്ന അപൂർവ വ്യക്തിത്വമാണ് ഗീതുവെന്നും, ഒപ്പം ജോലി ചെയ്യുന്ന എല്ലാവരോടും വലിയ കരുതലാണ് അവർക്കുള്ളതെന്നും നയൻതാര എടുത്തുപറഞ്ഞു.

ചിത്രത്തിലെ നായകനായ യഷിന്റെ കഠിനാധ്വാനത്തെയും പ്രതിബദ്ധതയെയും താരം വാനോളം പുകഴ്ത്തി. സ്ക്രീനിലെ വലിയ ‘റോക്കി’ പ്രതിച്ഛായ യഥാർത്ഥ ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് യഷ്. തന്റെ വ്യക്തിജീവിതവും കുടുംബത്തോടൊപ്പമുള്ള സമയവും മാറ്റിവെച്ച് നാലര വർഷമാണ് അദ്ദേഹം ഈ സിനിമയ്ക്കായി നൽകിയത്. ഒരു നടൻ, നിർമാതാവ്, കുടുംബനാഥൻ എന്നീ നിലകളിൽ യഷിനോട് വലിയ ബഹുമാനമുണ്ടെന്ന് പറഞ്ഞ നയൻതാര, യഷിന്റെ സ്വപ്നത്തിന് കരുത്തായി ഒപ്പം നിന്ന ഭാര്യ രാധികാ പണ്ഡിറ്റിന്റെ ത്യാഗങ്ങളെയും പ്രത്യേകം അഭിനന്ദിച്ചു.

സഹതാരങ്ങളായ രുക്മിണി വസന്ത്, കിയാര അദ്വാനി, താര സുതാരിയ, ഹുമ ഖുറേഷി എന്നിവരുമൊത്തുള്ള അനുഭവങ്ങളും നയൻതാര പങ്കുവെച്ചു. കിയാരയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി ‘ടോക്സിക്’ മാറുമെന്നും, സെറ്റിൽ താര സുതാരിയ ഡിസ്നി രാജകുമാരിയെപ്പോലെയായിരുന്നുവെന്നും നയൻതാര കൂട്ടിച്ചേർത്തു.

യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയൊരുക്കിയ ‘ടോക്സിക്’ കെ.വി.എൻ. പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവർ സംഗീതവും നിർവഹിച്ച ഈ ചിത്രം ഓഗസ്റ്റ് 26-ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും.