സ്വന്തം കുഞ്ഞിന് ഒരു നീതി, നാട്ടുകാർക്ക് മറ്റൊരു നീതി?; കാജൾ അഗർവാളിന്റെ മാതൃത്വ നിലപാടുകൾക്കെതിരെ കടുത്ത വിമർശനം

','

' ); } ?>

സോഷ്യൽ മീഡിയയിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ കാജൾ അഗർവാളിന്റെ മാതൃത്വ നിലപാടുകൾ ഇപ്പോൾ കടുത്ത വിമർശനങ്ങൾക്ക് വഴിമാറുന്നു. സ്വന്തം കുഞ്ഞിന്റെ കാര്യത്തിൽ പുലർത്തുന്ന കടുത്ത ആരോഗ്യ ജാഗ്രത, മുൻപ് നടി തന്നെ അഭിനയിച്ച പരസ്യങ്ങളുമായി വൈരുദ്ധ്യം പുലർത്തുന്നതാണ് പുതിയ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്.

തന്റെ മകന് കടകളിൽ നിന്ന് വാങ്ങുന്ന പാൽ ഉൽപ്പന്നങ്ങളോ, പാക്കറ്റ് ഭക്ഷണങ്ങളോ, റിഫൈൻഡ് ഓയിൽ ഉപയോഗിച്ചുള്ള ആഹാരങ്ങളോ നൽകാറില്ലെന്നും അവ അനാരോഗ്യകരമാണെന്നും കാജൾ അടുത്തിടെ ചില അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞിരുന്നു. എന്നാൽ, മുൻകാലങ്ങളിൽ റിഫൈൻഡ് ഓയിലിന്റെയും, കുട്ടികൾക്ക് പാൽ ഉൽപ്പന്നങ്ങൾ നല്ലതാണെന്ന് സമർത്ഥിക്കുന്ന ബ്രാൻഡുകളുടെയും, പാക്കറ്റ് ഭക്ഷണങ്ങളുടെയും പരസ്യങ്ങളിൽ കാജൾ സജീവമായി പ്രത്യക്ഷപ്പെട്ടിരുന്നു. സ്വന്തം കുഞ്ഞിന് നൽകാത്തതും അനാരോഗ്യകരമെന്ന് കരുതുന്നതുമായ ഉൽപ്പന്നങ്ങൾ പണത്തിനുവേണ്ടി മറ്റുള്ളവരുടെ കുട്ടികൾക്കായി പ്രൊമോട്ട് ചെയ്തത് ഇരട്ടത്താപ്പാണെന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന വിമർശനം. തന്റെ കുഞ്ഞ് ആരോഗ്യത്തോടെ വളരണം, നാട്ടുകാരുടെ കുട്ടികൾ എന്തും കഴിച്ച് എങ്ങനെയും വളരട്ടെ എന്നതാണോ നടിയുടെ നിലപാടെന്ന് പലരും ചോദ്യമുയർത്തുന്നു.

അമ്മയായ ശേഷം മകനൊപ്പം ചെലവഴിക്കുന്ന ഗുണനിലവാരമുള്ള സമയം ത്യാഗം ചെയ്താണ് താൻ സിനിമയിലേക്ക് വരുന്നതെന്നും, അതുകൊണ്ട് ഇനി പ്രശസ്തിക്കോ പണത്തിനോ വേണ്ടിയല്ല, മികച്ച കഥാപാത്രങ്ങൾക്കായി മാത്രമേ ക്യാമറയ്ക്ക് മുന്നിലെത്തൂ എന്നും കാജൾ വ്യക്തമാക്കിയിരുന്നു. വസ്ത്രധാരണത്തിൽ പോലും അമ്മ എന്ന നിലയിൽ ശ്രദ്ധിക്കുമെന്ന നടിയുടെ മുൻ പ്രസ്താവനകളെ ഇരു കൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരുന്നത്. എന്നാൽ, വ്യക്തിജീവിതത്തിൽ പുലർത്തുന്ന കർശന നിലപാടുകൾക്ക് വിപരീതമായ കാര്യങ്ങൾ പൊതുസമൂഹത്തിൽ പരസ്യങ്ങളിലൂടെ പ്രചരിപ്പിച്ചു എന്ന ചർച്ചകൾ സജീവമായതോടെ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്. കാലം മാറുമ്പോൾ കാഴ്ചപ്പാടുകൾ മാറാമെങ്കിലും, സ്വന്തം വീടും കുട്ടിയും എന്ന് വരുമ്പോൾ മാത്രം നിലപാടുകൾ മാറ്റുന്നത് ശരിയല്ലെന്നാണ് സോഷ്യൽ മീഡിയയിലെ ഭൂരിപക്ഷ അഭിപ്രായം.