
പുരുഷന്മാർ കരയുന്നത് ബലഹീനതയാണെന്ന മുൻവിധികളോടെ വളർന്നതുമൂലം ജീവിതത്തിലും സിനിമയിലും സങ്കടങ്ങൾ പ്രകടിപ്പിക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്ന് നടൻ അജു വർഗീസ്. കെ.പി.എസി ലളിതയുടെ വിയോഗം മാത്രമാണ് തന്നെ മാനസികമായി തളർത്തുകയും കണ്ണീരണിയിക്കുകയും ചെയ്ത ഏക സംഭവമെന്നും താരം വെളിപ്പെടുത്തി. ഫറ ഷിബ്ലയുമായുള്ള ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചാം ക്ലാസ് മുതൽ ബോർഡിങ് സ്കൂളിൽ പഠിച്ച താൻ, ആണുങ്ങൾ കരുത്താണ് കാണിക്കേണ്ടതെന്നും കരയാൻ പാടില്ലെന്നുമുള്ള സമൂഹത്തിന്റെ തെറ്റായ ബോധ്യങ്ങൾ കേട്ടാണ് വളർന്നത്. ഈ ചിന്താഗതി മനസ്സിൽ ഉറച്ചുപോയതു കൊണ്ടുതന്നെ പെട്ടെന്നൊരു മാറ്റം ഉൾക്കൊള്ളാൻ സാധിച്ചില്ല. പുരുഷന്മാരും വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്ന സാമൂഹിക മാറ്റം വന്നിട്ട് ഏതാനും വർഷങ്ങളെ ആയിട്ടുള്ളൂവെന്നും, ചെറുപ്പത്തിലേ ശീലിച്ച കാര്യങ്ങൾ പെട്ടെന്ന് മാറ്റിയെടുക്കാൻ കഴിയില്ലെന്നും അജു വർഗീസ് പറഞ്ഞു.
കെ.പി.എസി ലളിതയോടൊപ്പം ഇനിയും അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ‘വെള്ളിമൂങ്ങ’, ‘അരവിന്ദന്റെ അതിഥികൾ’, ‘സു സു സുധി വാത്മീകം’ എന്നീ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചപ്പോൾ ഏറെ സമയം ഒന്നിച്ച് ചെലവഴിക്കാൻ കഴിഞ്ഞിരുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളായ ലളിത ചേച്ചിയുടെ മരണം തന്നെ അത്രമേൽ തളർത്തിയെന്നും, താൻ കരയുന്നത് മക്കൾ കണ്ടത് അപ്പോൾ മാത്രമാണെന്നും അജു ഓർത്തെടുത്തു.
ഇത്തരമൊരു ശീലം ഉള്ളതുകൊണ്ട് സിനിമകളിൽ വൈകാരിക രംഗങ്ങൾ അഭിനയിക്കാൻ തനിക്ക് വലിയ പ്രയാസമാണെന്നും താരം തുറന്നുപറഞ്ഞു. തനിക്ക് ഇമോഷണൽ രംഗങ്ങൾ വളരെ കുറച്ചേ ലഭിച്ചിട്ടുള്ളൂ. അപൂർവ്വമായി അത്തരം രംഗങ്ങൾ വരുമ്പോൾ ഒന്നുകിൽ കൈകൊണ്ട് മുഖം പൊത്തുകയോ, അല്ലെങ്കിൽ അമിതമായി ഗ്ലിസറിൻ ഉപയോഗിക്കുകയോ ചെയ്യേണ്ടി വരാറുണ്ടെന്നും അജു വർഗീസ് വ്യക്തമാക്കി. കരച്ചിൽ അടക്കിപ്പിടിക്കേണ്ട ഒന്നല്ലെന്ന് വൈകിയാണ് മനസ്സിലായതെന്നും അജു വർഗീസ് കൂട്ടിച്ചേർത്തു.