കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മരണാനന്തര ചടങ്ങ് എഡിറ്റ് ചെയ്യേണ്ടി വന്നു, പണവും കിട്ടിയില്ല: സംഗീത് പ്രതാപ്

','

' ); } ?>

കരിയറിന്റെ തുടക്കകാലത്തുണ്ടായ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടർന്ന് മരണാനന്തര ചടങ്ങിന്റെ വീഡിയോ വരെ എഡിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ ആ ജോലിയുടെ പ്രതിഫലം പോലും തനിക്ക് ലഭിച്ചില്ലെന്നും വെളിപ്പെടുത്തി നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. ‘പ്രേമലു’ എന്ന ചിത്രത്തിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം കാർത്തിക് സൂര്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ മുൻകാല അനുഭവങ്ങൾ പങ്കുവെച്ചത്.

ജീവിതത്തിൽ വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ സ്റ്റുഡിയോ ഉടമ വഴിയാണ് ഫ്യൂണറൽ വീഡിയോ എഡിറ്റിങ് ജോലി ലഭിക്കുന്നത്. രാത്രി 11 മണിക്കും രാവിലെ ഏഴ് മണിക്കും ഇടയിലുള്ള സമയത്താണ് ഈ വർക്ക് ചെയ്തിരുന്നത്. ഭയം കാരണം വലിയ മാനസിക സമ്മർദ്ദം അനുഭവിച്ചാണ് എഡിറ്റിങ് പൂർത്തിയാക്കിയത്. പേടി കുറയ്ക്കാൻ ഹെഡ്സെറ്റിൽ മറ്റ് പാട്ടുകൾ കേട്ടുകൊണ്ടാണ് ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതെന്നും, പിന്നീട് ഇതിലേക്ക് ചടങ്ങുകൾക്ക് അനുയോജ്യമായ സംഗീതം ചേർക്കുകയായിരുന്നുവെന്നും സംഗീത് പറഞ്ഞു.

വലിയൊരു സമ്പന്ന കുടുംബത്തിന്റെ ചടങ്ങായിരുന്നു എഡിറ്റ് ചെയ്തതെങ്കിലും ആ വർക്കിന്റെ പണം തനിക്ക് ലഭിച്ചില്ലെന്ന് സംഗീത് വ്യക്തമാക്കുന്നു. കരിയറിന്റെ ആരംഭത്തിൽ പണം ലഭിക്കാതെ നഷ്ടപ്പെട്ടുപോയ വർക്കുകളുടെ കൂട്ടത്തിലാണ് ഇതും ഉൾപ്പെടുന്നത്. ഇത്രയും പേടിച്ച് രാത്രിയിരുന്ന് ചെയ്ത ജോലിയുടെ പണമെങ്കിലും തരണമെന്ന് പിന്നീട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും താരം കൂട്ടിച്ചേർത്തു.