
ഈ തലമുറയിലെ കുട്ടികൾക്ക് വലിയ രീതിയിലുള്ള വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും തങ്ങളൊക്കെ വിവാഹം കഴിച്ച് പോകുന്നിടത്ത് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ വേണ്ടി മാത്രം വളർന്നു വന്നവരാണെന്നും നടി ഉർവശി. തന്റെ പുതിയ ചിത്രമായ ‘ആശ’യുടെ പ്രൊമോഷന്റെ ഭാഗമായി റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. സ്വന്തം മകൾ തേജലക്ഷ്മിയുടെ (കുഞ്ഞാറ്റ) ചിന്താഗതികളെ മുൻനിർത്തിയാണ് മുൻതലമുറയും പുതിയ തലമുറയും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ഉർവശി സംസാരിച്ചത്.
തനിക്കോ തന്റെ അമ്മയ്ക്കോ ലഭിക്കാത്ത തരത്തിലുള്ള സ്വാതന്ത്ര്യവും വ്യക്തതയുമാണ് ഇന്നത്തെ തലമുറയ്ക്കുള്ളതെന്ന് ഉർവശി പറയുന്നു. ഏത് ജോലിയും തലയുയർത്തി പിടിച്ച് ചെയ്യാനുള്ള സ്വാതന്ത്ര്യം അച്ഛനും അമ്മയും നൽകിയിരുന്നെങ്കിലും, അക്കാലത്ത് താൻ വാങ്ങിയ പ്രതിഫലം എത്രയാണെന്നോ അത് എന്തിനൊക്കെ ചെലവാക്കിയെന്നോ പോലും അറിയുമായിരുന്നില്ല. എന്നാൽ ഇന്നത്തെ കുട്ടികൾക്ക് അവരുടെ കാര്യങ്ങളിൽ കൃത്യമായ ധാരണയുണ്ട്. അതുകൊണ്ടുതന്നെ മകളെ ഉപദേശിക്കുന്നതിന് പകരം അവളിൽ നിന്ന് പല കാര്യങ്ങളും പഠിക്കുകയാണ് താൻ ചെയ്യുന്നതെന്നും, അവളുടെ എല്ലാ നിലപാടുകൾക്കും തൻ്റെ പൂർണ്ണ പിന്തുണയുണ്ടെന്നും ഉർവശി വ്യക്തമാക്കി.
പഴയകാലത്തെ ആചാരങ്ങളോടും നിബന്ധനകളോടും പുതിയ തലമുറ പുലർത്തുന്ന സമീപനത്തെക്കുറിച്ചും ഉർവശി ചൂണ്ടിക്കാട്ടി. അമാവാസി ദിവസങ്ങളിൽ മാംസാഹാരം ഒഴിവാക്കുകയോ ചില വാക്കുകൾ സംസാരിക്കാൻ ഭയക്കുകയോ ചെയ്യുന്ന തരത്തിലുള്ള കർശനമായ ആചാരങ്ങൾ പണ്ടത്തെ വീടുകളിൽ നിലനിന്നിരുന്നു. എന്നാൽ ‘മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞാൽ നമുക്കെന്ത് സംഭവിക്കാനാണ്’ എന്ന് ചോദിച്ച് അത്തരം കാര്യങ്ങളെ നിസ്സാരമായി കാണാനും മുന്നോട്ട് പോകാനുമുള്ള മനസ്സുറപ്പ് ഇന്നത്തെ തലമുറയ്ക്കുണ്ടെന്നും, അത് ഈ ജനറേഷന്റെ വലിയൊരു സവിശേഷതയാണെന്നും ഉർവശി കൂട്ടിച്ചേർത്തു.