
റിലീസ് ചെയ്ത് 18 ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 270 കോടി രൂപ നേടി മലയാള സിനിമയിലെ എക്കാലത്തെയും രണ്ടാമത്തെ വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. തിയേറ്ററുകളിൽ ചരിത്രക്കുതിപ്പ് തുടരുന്നതിനിടെ, ചിത്രത്തിലെ നായക കഥാപാത്രത്തെക്കുറിച്ചുള്ള കൗതുകകരമായ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ച പ്രധാന കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ആസിഫ് അലിയെയും ടൊവിനോ തോമസിനെയുമായിരുന്നുവെന്ന് എഡിറ്റർ ആകാശ് ജോസഫ് വർഗീസും തിരക്കഥാകൃത്ത് കിരൺ ജോഷിയും വെളിപ്പെടുത്തി. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്ന്-നാല് വർഷങ്ങൾക്ക് മുൻപ് മറ്റൊരു നിർമ്മാണ കമ്പനിക്ക് വേണ്ടിയാണ് ഈ സിനിമയുടെ പ്രാരംഭ ചർച്ചകൾ നടന്നിരുന്നത്. അക്കാലത്താണ് ആസിഫ് അലിയോടും ടൊവിനോ തോമസിന്റെ മാനേജരോടും കഥ സംസാരിച്ചത്. എന്നാൽ പിന്നീട് പ്രോജക്റ്റിൽ പല മാറ്റങ്ങളും സംഭവിക്കുകയും ചിത്രം ഭാവന സ്റ്റുഡിയോസിന്റെ കൈകളിൽ എത്തുകയുമായിരുന്നു. നിർമ്മാണ പങ്കാളികൾ മാറിയതോടെയാണ് നായക കഥാപാത്രം നിവിൻ പോളിയിലേക്ക് എത്തിയത്.
‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡി. ഒരുക്കിയ ഈ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. കേരളത്തിന് പുറമെ അന്യഭാഷാ മാർക്കറ്റുകളിലും പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിക്കാൻ ചിത്രത്തിന് സാധിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ.