“പ്രഭുദേവ തോളിൽ കയറിട്ട് വലിച്ചപ്പോൾ കയർ ബ്ലൗസ് സ്ട്രാപ്പിൽ കുടുങ്ങി പുറം പൊട്ടി ചോര വന്നു”; റോജ

','

' ); } ?>

വലിയൊരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ സിനിമകളിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് പ്രിയനടി റോജ. ഈയൊരു സാഹചര്യത്തിൽ, വർഷങ്ങൾക്ക് മുമ്പ് താൻ അഭിനയിച്ച ഒരു സൂപ്പർഹിറ്റ് ഗാനത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. പ്രഭുദേവ നായകനായി കെ. സുബാഷ് സംവിധാനം ചെയ്ത് 2000-ത്തിൽ പുറത്തിറങ്ങിയ ‘ഈഴൈയിൻ സിരിപ്പിൽ’ എന്ന ചിത്രത്തിലെ ‘കറു കറു കറുപ്പായി…’ എന്ന ഗാനത്തിന്റെ ഷൂട്ടിങ്ങിനിടെ തനിക്ക് പരിക്കേറ്റിരുന്നുവെന്നാണ് റോജ വെളിപ്പെടുത്തിയത്. കടുത്ത വേദനയുണ്ടായിരുന്നിട്ടും ആ രംഗം മികച്ചതാക്കണമെന്ന ചിന്ത മാത്രമാണ് അന്ന് മനസ്സിലുണ്ടായിരുന്നതെന്നും താരം ഓർത്തെടുത്തു. സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോജ ഇക്കാര്യം വ്യക്തമാക്കിയത്.

നടൻ വിജയ് നായകനായ ‘ലിയോ’ എന്ന ചിത്രത്തിൽ ഈ ഗാനം വീണ്ടും ഉപയോഗിച്ചതോടെയാണ് പാട്ട് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. റിലീസ് ചെയ്ത സമയത്തും വലിയ ഹിറ്റായിരുന്ന പാട്ട്, ഇത്രയും വർഷങ്ങൾക്ക് ശേഷം വിജയ് സാർ ലിയോയിൽ ഉൾപ്പെടുത്തിയതോടെയാണ് പുതിയ തലമുറയ്ക്കിടയിലും വീണ്ടും ട്രെൻഡിങ്ങായതെന്നും അതിൽ ഏറെ സന്തോഷമുണ്ടെന്നും റോജ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

എനിക്ക് ആ പാട്ടിന്റെ മ്യൂസിക് ഒരുപാട് ഇഷ്ടമാണ്. പ്രഭുദേവ സാർ അതിൽ ഡാൻസ് ചെയ്യുമ്പോൾ ഭയങ്കര ക്യൂട്ട് ആയിട്ടാണ് എനിക്ക് തോന്നിയത്. ഞാൻ നന്നായി ആസ്വദിച്ച് ചെയ്ത പാട്ടാണത്. ആ പാട്ടിന്റെ അർഥത്തെക്കുറിച്ചൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. പ്രഭുദേവയുടെ കൂടെ ഡാൻസ് ഉണ്ടെങ്കിൽ ഞാൻ ഭയങ്കര സന്തോഷത്തോടെ അത് ചെയ്യും.

എനിക്ക് എന്ത് സ്റ്റൈൽ ആണോ ഇഷ്ടം അത് അ​ദ്ദേഹം ചെയ്യും. എനിക്ക് ഡാൻസ് അറിയില്ല. പ്രഭുദേവയുടെ കൂടെ തുടരെ തുടരെ ചെയ്തപ്പോൾ എനിക്ക് അദ്ദേഹത്തിന്റെ സ്റ്റൈൽ മനസിലായി. ആ പാട്ടിൽ എന്റെ തോളിൽ കയറിട്ട് വലിക്കുന്ന ഒരു രം​ഗമുണ്ട്. കയർ വലിച്ചു കൊണ്ടാണ് ഡാൻസ് കളിക്കുന്നത്. ബ്ലൗസിന്റെ സ്ട്രാപ് കഴുത്തിൽ ചുറ്റുന്ന തരത്തിലുള്ളതായിരുന്നു.

കയർ ബ്ലൗസ് സ്ട്രാപ്പിൽ കുടുങ്ങി എന്റെ പുറം പൊട്ടി ചോര വന്നു. അങ്ങനെയായിരുന്നെങ്കിലും എനിക്ക് ആ ഷോട്ട് നന്നാകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. കാരണം, ഒരു രംഗം ചിത്രീകരിച്ചാൽ, 100 അല്ലെങ്കിൽ 200 വർഷങ്ങൾക്ക് ശേഷവും അത് സ്‌ക്രീനിൽ മായ്‌ക്കപ്പെടില്ല.

അതുകൊണ്ട് തന്നെ എനിക്ക് പരിക്കുണ്ടായാലും പനി വന്നാലും എന്ത് സംഭവിച്ചാലും ഷൂട്ടിന് വന്ന് കഴിഞ്ഞാൽ ഓൺ സ്ക്രീനിൽ ഏറ്റവും നന്നായി ഇരിക്കണമെന്ന് എനിക്കുണ്ട്. ഇന്ന് ഞാൻ ആ പാട്ട് കാണുമ്പോഴെല്ലാം, എന്റെ പുറത്തെ ആ മുറിവും ചോര വന്നതുമൊക്കെ ഞാൻ ഓർക്കും. ഓരോ സിനിമയിലും ഓരോ സീനിലും പിന്നിൽ നടന്ന കഥ ഞാനിങ്ങനെ ഇടയ്ക്ക് ഓർക്കാറുണ്ട്. ആ സമയത്ത് ഞാൻ എന്താണ് ചെയ്തത്. എന്തൊക്കെയാണ് സംഭവിച്ചത് എന്നൊക്കെ ഞാനോർക്കാറുണ്ട്”. – റോജ പറഞ്ഞു.