“ശ്വേതയുടെ കത്ത് കിട്ടിയിട്ടില്ല, ശ്വേത കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്”; ഉഷ ഹസീന

','

' ); } ?>

അമ്മ സംഘടനയിലെ അംഗങ്ങൾക്ക് നടി ശ്വേതാ മേനോൻ അയച്ച തുറന്ന കത്തിനെതിരെ കടുത്ത വിമർശനവുമായി നടി ഉഷ ഹസീന രംഗത്ത്. അഡ്‌ഹോക്ക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസ് നിലവിൽ കോടതിയുടെ പരിഗണനയിലിരിക്കെ, ഭരണസമിതി ഇപ്പോൾ നടത്തുന്ന നീക്കങ്ങൾ കോടതി അലക്ഷ്യമാണെന്ന് ഉഷ ഹസീന മനോരമ ഓൺലൈനിനോട് പറഞ്ഞു. ഇത്തരം സാഹചര്യത്തിൽ മുന്നോട്ട് പോകാൻ ഭരണസമിതിക്ക് യാതൊരു അവകാശവുമില്ലെന്നും താരം വ്യക്തമാക്കി.

ശ്വേത മേനോൻ അംഗങ്ങൾക്കായി തയാറാക്കിയ കത്ത് തനിക്കോ സംഘടനയിലെ മറ്റ് പല അംഗങ്ങൾക്കോ ലഭിച്ചിട്ടില്ലെന്നും സുഹൃത്തുക്കളിൽ നിന്നാണ് ഇതേക്കുറിച്ച് താൻ അറിഞ്ഞതെന്നും ഉഷ ഹസീന വെളിപ്പെടുത്തി. തങ്ങൾക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് മാപ്പ് ചോദിക്കുന്ന രീതിയിലാണ് കത്തെന്നാണ് അറിയാൻ കഴിഞ്ഞത്. മുൻപ് നടന്ന ജനറൽ ബോഡിയിൽ കണക്കുകൾ ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോഴാണ് ഭരണസമിതി രാജി വച്ചു പോകുന്നു എന്ന് പറഞ്ഞത്. അതിനുശേഷം വീണ്ടും തിരിച്ചു വരുന്നു എന്ന് പ്രഖ്യാപിക്കുകയും, ഇപ്പോൾ കേസ് നിലനിൽക്കെ ഇത്തരമൊരു കത്തുമായി രംഗത്തെത്തുകയും ചെയ്ത നടപടി ജനറൽ ബോഡി അംഗീകരിക്കില്ലെന്നും ഉഷ ഹസീന കൂട്ടിച്ചേർത്തു.

“അമ്മയിലെ അംഗങ്ങൾക്ക് ശ്വേതാ മേനോൻ കത്തയച്ചു എന്ന് വാർത്തകളിൽ കണ്ടു. എനിക്കും അമ്മയിലെ മറ്റു പല അംഗങ്ങൾക്കും കത്ത് കിട്ടിയിട്ടില്ല. ശരിക്കും പറഞ്ഞാൽ ഇപ്പോൾ അമ്മയുടെ ഭരണവുമായി മുന്നോട്ട് പോകുന്ന ഭരണസമിതി ചെയ്യുന്നത് കോടതി അലക്ഷ്യമാണ്. അഡ്ഹോക്ക് കമ്മറ്റിയുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഇത്തരത്തിൽ നടപടികളുമായി മുന്നോട്ട് പോകാൻ പാടില്ലാത്തതാണ്. കോടതി അഡ്ഹോക്ക് കമ്മറ്റിക്ക് ഇടക്കാല വിലക്ക് ഏർപ്പെടുത്തിയതിനു ശേഷം ഈ മാസം 27-ാം തീയതി വിശദമായ വാദം കേൾക്കാനും എതിർ കക്ഷികൾ മറുപടി നൽകാനും വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. രമേഷ് പിഷാരടി കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിരിക്കുകയാണ് അതുപോലെ തന്നെ അൻസിബ കക്ഷി ചേരാൻ കൊടുത്ത ഹർജിയിലെ വാദം കേൾക്കാനിരിക്കുകയാണ്. കോടതി വിധിയിലെവിടെയും അമ്മ ഭരണസമിതിക്ക് തുടരാം എന്ന് പറഞ്ഞിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ശരിക്കും പറഞ്ഞാൽ ശ്വേത മേനോൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ജനറൽ ബോഡിയിൽ നടന്ന സംഭവങ്ങളുടെ മുഴുവൻ കാര്യങ്ങളും മിനിട്‌സിൽ എഴുതാതെ ഭരണകക്ഷിയുടെ വശത്ത് തെറ്റുകളൊന്നും ഇല്ല എന്നുപറഞ്ഞുകൊണ്ടാണ് മിനിട്‌സ് കോടതിയിൽ സമർപ്പിച്ചത്.

അംഗങ്ങൾക്ക് അയച്ച കത്തിനെക്കുറിച്ച് സുഹൃത്തുക്കളിൽ നിന്ന് ഞാൻ അറിഞ്ഞു. അവർക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന് അവർ സമ്മതിക്കുകയാണ്. ഞങ്ങൾക്ക് മാപ്പ് തരണം എന്നാണ് പറയുന്നത്. അത് ജനറൽ ബോഡി അംഗീകരിക്കില്ല, കണക്ക് ശരിയല്ല എന്ന് പറഞ്ഞതുകൊണ്ടാണല്ലോ അവർ രാജി വെച്ച് പോകുന്നു എന്ന് പറഞ്ഞത്. എന്നിട്ടാണ് വീണ്ടും തിരിച്ചു വരുന്നു എന്ന് പ്രഖ്യാപിച്ചത്. എന്നിട്ടാണ് ഇപ്പോൾ കോടതിയിൽ കേസ് നിലനിൽക്കെ ഇത്തരമൊരു കത്തുമായി വന്നിരിക്കുന്നത്,” ഉഷ ഹസീന പറഞ്ഞു.