
രാജ്യത്തിന്റെ ഭാവിക്ക് വേണ്ടി തെരുവിൽ പൊരുതുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടി റിമ കല്ലിങ്കൽ. ഡിവൈഎഫ്ഐ തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച ജന്തർ മന്തർ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. വിദ്യാർത്ഥികൾ അനുഭവിക്കുന്ന മർദ്ദനങ്ങൾക്ക് എതിരെ ഓരോ വീടും ജന്തർ മന്തർ ആയി മാറണമെന്ന് റിമ കല്ലിങ്കൽ ആഹ്വാനം ചെയ്തു.
കഴിഞ്ഞ കുറേക്കാലമായി നിർജീവമായ ജീവിതമാണ് നാം നയിച്ചുകൊണ്ടിരിക്കുന്നതെന്നും എന്നാൽ വിദ്യാർത്ഥികളുടെ പോരാട്ടമാണ് തങ്ങൾക്ക് ഊർജ്ജം പകർന്നതെന്നും റിമ പറഞ്ഞു. അവകാശങ്ങൾക്കായി എഴുന്നേറ്റു നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നന്ദി അറിയിച്ച നടി, നമുക്കും ഒരു നട്ടെല്ലുണ്ടെന്ന് ഓർമ്മപ്പെടുത്തിയ ഈ പോരാളികൾക്കൊപ്പം ചേർന്ന് മുന്നോട്ട് പോകണമെന്നും കൂട്ടിച്ചേർത്തു.
റിമ കല്ലിങ്കലിന്റെ വാക്കുകൾ;
“ഇത്രയും വർഷം ഒരു പത്ത് പതിനഞ്ച് വർഷമായിട്ട് ചത്തു കിടന്ന് ജീവിച്ചു കൊണ്ടിരിക്കുകയാണ് നമ്മളെന്നാണ് എനിക്ക് തോന്നുന്നത് ആ കുട്ടികളെ കാണുമ്പോൾ. ഇന്ന് അവരെഴുന്നേറ്റ് നിന്ന് അവരുടെ അവകാശങ്ങൾക്ക് വേണ്ടി, അവരുടെ നാളേക്ക് വേണ്ടി പൊരുതിയപ്പോഴാണ് നമ്മൾക്ക് ഇങ്ങനെ കൂടിയിരിക്കാനുള്ള ഊർജം കിട്ടിയത്.
അവർ കിടന്ന് വാങ്ങുന്ന ഈ അടിക്കും എല്ലാ രീതിയിലുമുള്ള അക്രമങ്ങൾക്കുമെതിരെ നമുക്കിതെങ്കിലും ചെയ്യാൻ കഴിയണം. ഓരോ വീടും ജന്തർ മന്തർ ആകണം എന്നാണ് എനിക്ക് തോന്നുന്നത്. നേഹ ബോറയൊക്കെ സംസാരിക്കുന്നത് കേൾക്കുമ്പോൾ രോമാഞ്ചം ആണ് തോന്നുന്നത്. അത് നമുക്ക് ഉൾക്കൊള്ളാൻ കഴിയണം.
നമുക്കെഴുന്നേറ്റ് നിന്ന് നമ്മുടെ അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം ഉണ്ടാകണം. ഇവിടുത്തെ വിദ്യാർഥികൾക്കും വിദ്യാർഥി പ്രസ്ഥാനങ്ങളോടും ഞാനൊരുപാട് നന്ദി പറയുന്നു. നമുക്ക് വേണ്ടി പോരാടുന്ന ഓരോ വിദ്യാർഥികൾക്കും വേണ്ടി നമുക്കെഴുന്നേറ്റ് നിൽക്കാൻ കഴിയട്ടേ, ഇങ്ങനെ ചത്ത് ജീവിക്കാതിരിക്കാൻ നമുക്ക് കഴിയട്ടേ.
നമുക്കും ഒരു നട്ടെല്ല് ഉണ്ടെന്ന് ഓർമിപ്പിച്ച ഇനിയും നമുക്ക് പ്രതീക്ഷയുണ്ട്, പോരാടാം നമുക്കിനിയും മുന്നോട്ട് ഒരുമിച്ച് പോകാം എന്ന് നമ്മളെ ഓർമിപ്പിച്ച നമ്മുടെ വിദ്യാർഥികൾക്ക് വേണ്ടി നമുക്ക് എഴുന്നേറ്റ് നിന്ന് ഇനിയും അവർക്കൊപ്പം നമുക്കും പോരാടാം.”