
തന്റെ രണ്ടാം വിവാഹത്തിന് വഴിയൊരുക്കിയ സംഭവങ്ങളെക്കുറിച്ച് മനസ് തുറന്ന് നടിയും മിനിസ്ക്രീൻ താരവുമായ യമുന റാണി. ഭർത്താവ് ദേവനുമായുള്ള കൂടിക്കാഴ്ചയും വിവാഹത്തിലേക്ക് എത്തിച്ച സാഹചര്യങ്ങളുമാണ് താരം പങ്കുവെക്കുന്നത്.
വാടകയും കുട്ടികളുടെ പഠനച്ചെലവുകളും താങ്ങാനാകാതെ വന്നപ്പോൾ ഒരു ചെറിയ ഭൂമി വാങ്ങി വീടുവെക്കാൻ സുഹൃത്ത് രജിനിയോടൊപ്പം ശ്രമിച്ചപ്പോഴാണ് ദേവനെ പരിചയപ്പെടുന്നത്. കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ദേവൻ തന്റെ സ്ഥലം വിൽക്കാൻ രജിനിയെ ഏൽപ്പിക്കുകയായിരുന്നു. അങ്ങനെ ആ സ്ഥലം വാങ്ങിയതിന് ശേഷമാണ് രജിനി യമുനയോട് വിവാഹാലോചനയെക്കുറിച്ച് സംസാരിക്കുന്നത്.
കോവിഡ് കാലത്ത് പ്രതിസന്ധികൾ നേരിട്ടപ്പോൾ തനിക്കും കുട്ടികൾക്കും കൂട്ടിന് ഒരാവശ്യമുണ്ടായിരുന്നെന്നും, ആ ചിന്ത തന്റെയും മക്കളുടെയും ഉള്ളിൽ ഉണ്ടാക്കിയത് സുഹൃത്ത് രജിനിയാണെന്നും താരം വ്യക്തമാക്കുന്നു. ഈ ആലോചന വന്നതോടെയാണ് ദേവനെ വിവാഹം കഴിക്കാൻ തയ്യാറായതെന്നും യമുന റാണി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
യമുന റാണിയുടെ വാക്കുകൾ
”നാല് സെന്റ് സ്ഥലം എവിടെയെങ്കിലും വാങ്ങാൻ വേണ്ടി ഞാനും എന്റെ സുഹൃത്ത് രജിനിയും നോക്കുന്ന സമയമായിരുന്നു. കാരണം വാടകയും പിള്ളേരുടെ പഠിത്തവുമെല്ലാം കൂടെ നടക്കുന്നില്ല. ഈ ജോലിക്ക് സ്ഥിരതയില്ല. ലോണെടുത്ത് വീട് വെക്കാം, വാടകയ്ക്കുള്ള തുക ലോണായി അടയ്ക്കാം എന്ന് തീരുമാനിച്ചു. സ്ഥലം നോക്കുമ്പോൾ ഏരിയ നല്ലതാണോ അയൽക്കാർ നല്ലതാണോ എന്നൊക്കെ നോക്കണമായിരുന്നു. രജിനിക്ക് റിയൽ എസ്റ്റേറ്റ് പരിപാടിയുണ്ട്. അങ്ങനെ ദേവേട്ടന്റെ സ്ഥലം വിൽക്കാൻ ഏൽപ്പിച്ചത് രജിനിയെ ഏൽപിച്ചു. എനിക്കപ്പോൾ ദേവേട്ടനെ അറിയില്ല. അന്ന് എനിക്ക് കല്യാണ ആലോചനകൾ വരുന്നുണ്ട്. രജിനി എന്നോട് സംസാരിച്ചു. ഉള്ളൂരുള്ള സ്ഥലം ഒരാൾ എന്നെ വിൽക്കാൻ ഏൽപ്പിച്ചിട്ടുണ്ട്. നമുക്കതിൽ നിന്ന് മൂന്ന് സെന്റ് വാങ്ങാം, എന്റെ കമ്മീഷൻ കുറച്ച് നിനക്കത് വാങ്ങാം എന്ന് പറഞ്ഞു. എനിക്ക് ആ സമയത്ത് രജിനി മാത്രമേയുള്ളൂ. അവളെയൊന്നും ഒരിക്കലും എനിക്ക് മറക്കാൻ പറ്റില്ല. എന്റെ ഭാഗ്യമോ പുള്ളിയുടെ ദൗർഭാഗ്യമോ എന്നറിയില്ല. പുള്ളിക്ക് കാശിന് ആവശ്യമുണ്ടായിരുന്നു. കോടികളുമായി ഇരുന്നവർക്ക് പോലും ബുദ്ധിമുട്ട് വന്ന സമയമായിരുന്നല്ലോ കൊവിഡ് സമയം. പുള്ളിക്ക് സ്ഥലം എങ്ങനെയെങ്കിലും വിറ്റേ പറ്റൂ.
സംസാരിച്ച് ഒരു പരുവത്തിലെത്തിച്ച് സ്ഥലം വാങ്ങി. ഒരു മാസം കഴിഞ്ഞാണ് രജിനി കല്യാണ ആലോചനക്കാര്യം പറയുന്നത്. കൊവിഡ് സമയത്ത് ഞങ്ങൾക്ക് ആരും ഇല്ലാത്ത സാഹചര്യം വന്നു. കാശുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആളിന് ആൾ തന്നെ വേണം. എനിക്ക് വയ്യാതിരിക്കുമ്പോൾ പത്ത് വയസും ഏഴ് വയസുമുള്ള കുട്ടികൾക്ക് എടുത്ത് കൊണ്ട് പോകാൻ പറ്റുമോ. രജിനി അന്ന് ദുബൈയിലാണ്. കല്യാണം കഴിക്കണമെന്ന ചിന്ത എന്റെയും മക്കളുടെയും ഉള്ളിൽ കൊണ്ടിടുന്നത് രജിനിയാണ്. അങ്ങനെയാണ് ദേവേട്ടന്റെ വിവാഹാലോചന വന്നപ്പോൾ വിവാഹം ചെയ്യാൻ തയ്യാറായത്.”