
ബോളിവുഡിലേക്കുള്ള ചുവടുവെപ്പും സിനിമാ കരിയറിലെ പുതിയ അനുഭവങ്ങളും പങ്കുവെച്ച് പ്രശസ്ത നടി കീർത്തി സുരേഷ്. ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കുക എന്നത് ത തന്റെ ആഗ്രഹമായിരുന്നുവെന്നും എന്നാൽ അവസരങ്ങൾക്കായി ആരെയും സമീപിക്കാതെ സ്വാഭാവികമായി തന്നെ അത് സംഭവിച്ചതാണെന്നും നടി വ്യക്തമാക്കി. പുതിയ നെറ്റ്ഫ്ലിക്സ് സീരീസായ ‘അക്ക’യുടെ പ്രചാരണത്തിന്റെ ഭാഗമായി വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ബോളിവുഡ് എൻട്രിയെക്കുറിച്ചും കഥാപാത്ര തിരഞ്ഞെടുപ്പുകളെക്കുറിച്ചും സംസാരിച്ചത്.
തുടക്കത്തിൽ ‘അക്ക’ എന്ന സീരീസിലൂടെയാണ് ഹിന്ദിയിലേക്ക് അവസരം ലഭിച്ചതെങ്കിലും ഇതിനിടയിൽ ‘ബേബി ജോൺ’ എന്ന ചിത്രം റിലീസിനെത്തുകയായിരുന്നു. തുടർന്ന് രാജ്കുമാർ റാവുവിനൊപ്പം ‘റഫ്താർ’ എന്ന ചിത്രത്തിലും താരം വേഷമിട്ടു. സിനിമകൾ ആരുടെയും മത്സരത്തിന്റെ ഭാഗമല്ലെന്നും തനിക്ക് ഇഷ്ടമുള്ള നല്ല കഥാപാത്രങ്ങൾ മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും കീർത്തി പറഞ്ഞു. തമിഴ് ചിത്രമായ ‘സാനി കയിദം’ എന്ന സിനിമയിലെ പ്രകടനം കണ്ടാണ് സംവിധായകൻ ധർമരാജ് ഷെട്ടി ‘അക്ക’യിലേക്ക് ക്ഷണിച്ചതെന്നും നടി കൂട്ടിച്ചേർത്തു.
ഇതോടൊപ്പം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഡൊറോത്തി’ക്ക് ലഭിച്ച വൻ സ്വീകാര്യതയിൽ നടി സന്തോഷം പ്രകടിപ്പിച്ചു. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലടക്കം ചിത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ചലച്ചിത്ര മേഖലയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് നൽകുന്ന പ്രാധാന്യത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. തുടക്കത്തിൽ പുരുഷകേന്ദ്രീകൃത സിനിമകളുടെ ഭാഗമായപ്പോൾ വളരെ കുറച്ച് ഇടം മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ നടി സാവിത്രിയുടെ ജീവിതം പ്രമേഹമാക്കിയ ‘മഹാനടി’ എന്ന ചിത്രം തന്റെ അഭിനയശേഷി തെളിയിക്കാൻ സഹായിച്ചു. നിലവിൽ തമിഴ്, മലയാളം എന്ന വ്യത്യാസമില്ലാതെ എല്ലാ ഭാഷകളിലും മികച്ച സ്ത്രീ കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ഇന്ത്യൻ സിനിമ മൊത്തത്തിൽ ഉയർന്ന നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ടെന്നും കീർത്തി സുരേഷ് പറഞ്ഞു.