
പ്രഭാസിന്റെ പുതിയ ചിത്രം ‘ഫൗജി’യുടെ ടീസറിൽ ചരിത്രപുരുഷനായ നേതാജി സുഭാഷ് ചന്ദ്രബോസിനെ അപമാനകരമായ രീതിയിൽ ചിത്രീകരിച്ചതിനെതിരെ വൻ പ്രതിഷേധം. സിനിമയിലെ നായക കഥാപാത്രത്തിന് പ്രാധാന്യം നൽകാൻ നേതാജിയെയും അഡോൾഫ് ഹിറ്റ്ലറെയും തെറ്റായ രീതിയിൽ ഉപയോഗിച്ചുവെന്നാരോപിച്ച് നേതാജിയുടെ സഹോദരപൗത്രൻ ചന്ദ്ര കുമാർ ബോസ് രംഗത്തെത്തി. വിവാദ ടീസർ ഉടൻ പിൻവലിക്കണമെന്നും ഇന്ത്യൻ ജനതയോട് സംവിധായകൻ ഹനു രാഘവപുഡി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒക്ടോബർ 23-ന് പുറത്തിറങ്ങിയ ടീസറിലെ ദൃശ്യങ്ങളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. 1942-ൽ ബെർലിനിൽ വെച്ച് നേതാജിയും ഹിറ്റ്ലറും നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് രംഗം ചിത്രീകരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തെ തകർത്ത തന്ത്രജ്ഞനായ ചാരൻ എന്ന രീതിയിൽ പ്രഭാസ് അവതരിപ്പിക്കുന്ന സാങ്കൽപ്പിക കഥാപാത്രത്തെ നേതാജി ഹിറ്റ്ലർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതായി ടീസറിലുണ്ട്. യഥാർത്ഥ ചരിത്ര വ്യക്തിത്വങ്ങളെ ഉപയോഗിച്ച് സിനിമയിലെ നായകന് ബിൽഡ്-അപ്പ് നൽകാൻ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.
ചരിത്രപരമായ വസ്തുതകളെ സിനിമയിലെ ഭാവനകളുമായി കൂട്ടിക്കലർത്തുന്നത് കുറ്റകരമാണെന്ന് ചന്ദ്ര കുമാർ ബോസ് എക്സിൽ കുറിച്ചു. തെറ്റായ ദൃശ്യങ്ങൾ ഒഴിവാക്കി പുതിയ ടീസർ പുറത്തിറക്കാൻ അണിയറപ്രവർത്തകർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, സ്വാതന്ത്ര്യസമര നേതാക്കളെ ചിത്രീകരിക്കുമ്പോൾ യാഥാർത്ഥ്യങ്ങൾ വളച്ചൊടിക്കരുതെന്നും ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഭൗമരാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായാണ് നേതാജി ജർമ്മനിയുടെ സഹായം തേടിയത്. എന്നാൽ ഇത്തരം വലിയ വ്യക്തിത്വങ്ങളുടെ വായിൽ സിനിമാ ഡയലോഗുകൾ തിരുകിക്കയറ്റുന്നത് അവരുടെ മഹത്വത്തെ ഇടിച്ചുതാഴ്ത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. നായക കഥാപാത്രത്തെ പുകഴ്ത്താൻ ദേശീയ നായകന്മാരെ ദുരുപയോഗം ചെയ്തതിനെതിരെ ആരാധകരും സിനിമാ പ്രേമികളും രോഷം പ്രകടിപ്പിച്ചു. എന്നാൽ മൈത്രി മൂവി മേക്കേഴ്സും ടി-സീരീസും ചേർന്ന് നിർമ്മിച്ച് 2027 മാർച്ച് 19-ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട ഈ വിവാദത്തിൽ പ്രഭാസോ നിർമ്മാതാക്കളോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
“ചരിത്രത്തെ സിനിമാ ഭാവനകളുമായി കൂട്ടിക്കലർത്തുന്നത് കുറ്റകൃത്യമാണ്. സംവിധായകൻ ഹനു രാഘവപുഡിയും അദ്ദേഹത്തിന്റെ ടീമും ഈ ടീസർ പിൻവലിക്കുമെന്നും, ചരിത്രത്തെ വളച്ചൊടിക്കാത്ത പുതിയൊരു ടീസർ പുറത്തിറക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. പ്രഭാസും ഇത് കാണുമെന്ന് കരുതുന്നു,” എന്ന് ചന്ദ്ര കുമാർ ബോസ് എക്സിൽ കുറിച്ചു.