നിങ്ങളെ പോലുള്ളവരാണ് യഥാര്‍ത്ഥ ഗുരുനാഥന്‍മാര്‍

പൂച്ചക്കുട്ടിയുടെയും കുരങ്ങന്റെയും കഥയുമായി വിക്ടേഴ്‌സ് ചാനലിലൂടെ കേരളത്തിന്റെ മനംകവര്‍ന്ന സായി ശ്വേത എന്ന അധ്യാപികയെ അഭിനന്ദിച്ച് ഹരീഷ് പേരടി. തിങ്കളാഴ്ചയാണ് സായിശ്വേത വിക്ടേഴ്‌സ് ചാനലിലൂടെ ക്ലാസെടുത്തത്. വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍ വി.വി.എല്‍.പി. സ്‌കൂളിലെ അധ്യാപകയാണിവര്‍. ഒന്നാംക്ലാസിലെ കുരുന്നുകള്‍ക്കായുള്ള ക്ലാസ് വൈറലായതോടെപരിഹാസവുമായും ചിലര്‍ രംഗത്തെത്തിയിരുന്നു. അത്തരം വിഡ്ഢികളെ സാംസ്‌കാരിക കേരളം തള്ളി കളയുമെന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

സായി ശ്വേത..പ്രിയപ്പെട്ട അനിയത്തി കുട്ടി നിങ്ങളാണ് നിങ്ങളെ പോലെയുള്ളവരാണ് യഥാർത്ഥ ഗുരുനാഥൻമാർ.. ഒരോ പ്രായത്തിലുംപ്പെട്ട വിദ്യാർത്ഥികളുടെ മനസ്സറിഞ്ഞ് വിദ്യ ഓതുന്നവർ …സ്കൂൾ കാലത്ത് നന്നായി പഠിച്ചിരുന്ന ഞാനൊക്കെ പ്രിഡിഗ്രി തോറ്റ ഒരുമരമണ്ടനാവാൻ കാരണം മലയാളം മീഡിയത്തിൽ നിന്നും വന്ന എന്നോടൊക്കെ ഇംഗ്ലീഷിൽ ക്ലാസെടുത്ത എന്റെ മനസ്സറിയാൻ ശ്രമിക്കാത്ത ശമ്പളം മാത്രം വാങ്ങാൻ അറിയുന്ന കൂറെ ഉദ്യോഗസ്ഥരാണ്…വേദം പഠിച്ച കാലം എന്റെ ജീവിതത്തിൽ ഇല്ല എന്ന് ഇം.എം.സ്. പറഞ്ഞതുപോലെ ആ പ്രിഡിഗ്രി കാലം എനിക്കൊന്നും തന്നിട്ടില്ല…പിന്നീട് ഉണ്ടാക്കിയെടുത്തതൊക്കെ ജീവിതമെന്ന സർവകലാശാലയിൽ കരണം കുത്തി മറിഞ്ഞിട്ടാണ്…ജയപ്രകാശ് കുളൂർ എന്ന നാടകാചര്യനെ കുളൂർ മാഷിനെ കണ്ടിട്ടില്ലായിരുന്നെങ്കിൽ നിങ്ങളിന്ന് കാണുന്ന ഹരീഷ് പേരടിയുണ്ടാവുമായിരുന്നില്ല…അതുകൊണ്ടാണ് ഞാനെവിടെയും ആ മനുഷ്യനെ എന്റെ ഗുരു എന്ന് അഭിമാനത്തോടെ പറയുന്നത്..കളിയാക്കുന്ന വിഡ്ഡികളെ സാസംകാരിക കേരളം തള്ളി കളയും…സായി ശ്വേത നിങ്ങൾ ഇന്നത്തെ ഡയറിയിൽ എഴുതി വെച്ചോളു നാളെ ഈ രാജ്യത്തിന്റെ സ്വപനങ്ങൾക്ക് നിറം പിടിപ്പിക്കാൻ പോകുന്ന ഒരു തലമുറക്കു വേണ്ടി ഞാൻ വിത്തെറിഞ്ഞിട്ടുണ്ടെന്ന് …അഭിവാദ്യങ്ങൾ സഹോദരി…