പ്രതിഫലം കുറയ്ക്കാം…അഭിനേതാവും നിര്‍മ്മാതാവും തീരുമാനിക്കും

പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ ശതമാനക്കണക്കുകള്‍ വേണ്ടെന്നും സിനിമയുടെ സാഹചര്യംനോക്കി നിര്‍മാതാവിനും അഭിനേതാവിനും അക്കാര്യം തീരുമാനിക്കാമെന്നും അമ്മ. റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ എല്ലാവരുടെയും അഭിപ്രായങ്ങളനുസരിച്ച് ചെയ്യാം. എന്നാല്‍, അതില്‍ അഭിനയിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്താനാകില്ലെന്നും താരസംഘടന പറയുന്നു. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പ്രതിഫലം പകുതിയായി കുറയ്ക്കണമെന്നായിരുന്നു നിര്‍മാതാക്കളുടെ ആവശ്യം. അത്തരമൊരു ശതമാനക്കണക്കിന്റെ ആവശ്യമില്ലെന്നാണ് ‘അമ്മ’യുടെ എക്‌സിക്യുട്ടീവ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. എന്നാല്‍, സാഹചര്യം മനസ്സിലാക്കി സിനിമയുടെ തിരിച്ചുവരവിന് എത്രമേല്‍ സഹകരിക്കാനും അംഗങ്ങള്‍ തയ്യാറാകണമെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഈ നിലപാട് വ്യക്തമാക്കി അമ്മ നിര്‍മാതാക്കളുടെ അസോസിയേഷന് കത്തയച്ചു.

അഭിനേതാക്കളുടെ ഫോണ്‍ നമ്പര്‍ കൈമാറുന്നതടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും ‘അമ്മ’ അയച്ച കത്തില്‍ പറയുന്നു. ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസിന്റെ പശ്ചാത്തലത്തിലാണിത്. ചിത്രീകരണം പൂര്‍ത്തിയായതും പൂര്‍ത്തിയാകാറായതുമായ 66 സിനിമകളുടെ റിലീസിനു ശേഷംമതി പുതിയ സിനിമകളെന്നാണ് നിര്‍മാതാക്കളുടെ അസോസിയേഷന്‍ പറയുന്നത്. എന്നാല്‍, അതിന്റെപേരില്‍ പുതിയ സിനിമകളില്‍ അഭിനയിക്കുന്നതില്‍നിന്ന് അംഗങ്ങളെ വിലക്കാനാകില്ല.