“അന്നെന്നെ ഒരാളു പോലും തിരിഞ്ഞു നോക്കിയില്ല, അതോടെ എന്റെ അഹങ്കാരം തീർന്നു”; രജനികാന്ത്

','

' ); } ?>

ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ് അന്താരാഷ്ട്ര കേന്ദ്രത്തിൽ നടന്ന ശ്രീ ശ്രീ രവിശങ്കറിന്റെ എഴുപതാം ജന്മദിനാഘോഷങ്ങളിലും ആശ്രമത്തിന്റെ നാൽപ്പത്തഞ്ചാം വാർഷികത്തിലും മുഖ്യാതിഥിയായി രജനികാന്ത്. സിനിമയിലെ താരപദവിയെക്കാൾ വലുതാണ് ആത്മീയതയെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളെക്കുറിച്ച് വേദിയിൽ സംസാരിച്ച താരം, തന്നിലെ അഹങ്കാരം ഇല്ലാതായ അനുഭവവും വെളിപ്പെടുത്തി. ഹിമാലയം കഴിഞ്ഞാൽ തന്റെ മനസ്സിന് ഏറ്റവും സമാധാനം നൽകുന്ന ഇടം ഈ ആശ്രമമാണെന്നും പ്രകൃതിയും മൃഗങ്ങളും നിറഞ്ഞ ഇവിടം തന്നെ ഏറെ ആകർഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തി ഒടുവിൽ 15 ദിവസം ആശ്രമത്തിൽ ചെലവഴിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് രജനികാന്ത് വാചാലനായി. ആശ്രമത്തിലെ ഒരു കുതിരയ്ക്ക് ‘രജനി’ എന്നാണ് പേരെന്ന് അറിഞ്ഞതിലെ കൗതുകം അദ്ദേഹം തമാശരൂപേണ പങ്കുവെച്ചു. തന്റെ ജീവിതത്തിലെ വലിയൊരു തിരിച്ചറിവിനെക്കുറിച്ച് സംസാരിക്കവെ, ഒരിക്കൽ ശ്രീ ശ്രീ രവിശങ്കറിനൊപ്പം ജനക്കൂട്ടത്തിന് ഇടയിലൂടെ നടന്നപ്പോൾ ആരും തന്നെ ശ്രദ്ധിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ളവർ പോലും ആത്മീയമായ ആ ലഹരിയിൽ തന്നെ തിരിച്ചറിയാത്തത് തന്റെ ഉള്ളിലെ അഹങ്കാരത്തെ പൂർണ്ണമായും ശമിപ്പിക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം വിനയപൂർവ്വം കൂട്ടിച്ചേർത്തു.

സിനിമയിലെ പദവികൾ നശ്വരമാണെന്നും എന്നാൽ മരണത്തിന് ശേഷവും നിലനിൽക്കുന്ന ‘ആത്മീയമായ താരപദവി’ (Spiritual Stardom) ആണ് യഥാർത്ഥ വിജയമെന്നും അദ്ദേഹം നിരീക്ഷിച്ചു. ഹൃദയസ്പർശിയായ രജനിയുടെ ഈ പ്രസംഗം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിലവിൽ ലോകേഷ് കനകരാജ് ചിത്രം ‘കൂലി’, നെൽസൺ ദിലീപ്കുമാറിന്റെ ‘ജയിലർ 2’ എന്നീ സിനിമകളുടെ തിരക്കിലാണ് താരം. പതിറ്റാണ്ടുകൾക്ക് ശേഷം കമൽഹാസനൊപ്പം ഒന്നിക്കുന്ന പുതിയ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.