“അമ്മ”യിൽ നിന്നും രാജി വെച്ച് അൻസിബ ഹസ്സൻ; വ്യക്തിപരമായ കാരണമെന്ന് ശ്വേതാ മേനോൻ

','

' ); } ?>

അമ്മ സംഘടനയിൽ നിന്നും രാജി വെച്ച് നടി അൻസിബ ഹസ്സൻ. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേതാ മേനോൻ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് അൻസിബയുടെ രാജി സംബന്ധിച്ച് ശ്വേതാ മേനോൻ ഔദ്യോഗിക വിശദീകരണം നൽകിയത്. വ്യക്തിപരമായ കാരണങ്ങളാലും തൊഴിൽപരമായ തിരക്കുകളാലുമാണ് താരം പിന്മാറിയതെന്നും അവർ പ്രതികരിച്ചു.

സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അൻസിബ ഹസ്സൻ. ഫെബ്രുവരി 21-ഓടെ തന്നെ അൻസിബ രാജിക്കത്ത് നൽകിയിരുന്നതായി അവർ പറഞ്ഞു. തൊഴിൽപരമായ തിരക്കുകൾ ഉള്ളതിനാൽ സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതിനാലാണ് ഈ തീരുമാനമെന്ന് അൻസിബ അറിയിച്ചതായും ശ്വേത പറഞ്ഞു.

“വ്യക്തിപരമായും തൊഴിൽ പരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത്. ഫെബ്രുവരി 21-ന് തന്നെ അൻസിബ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതൊരു നിസ്വാർത്ഥ സേവനമാണ്. സംഘടനയുടെ മീറ്റിങ്ങുകളിൽ കൃത്യമായി പങ്കെടുക്കാനോ സജീവമായി പ്രവർത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ മെമ്പറായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അൻസിബ.”ശ്വേതാ മേനോൻ പറഞ്ഞു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വച്ച് ഞങ്ങൾ അൻസിബയെ വിളിച്ചു സംസാരിച്ചിരുന്നു. രാജി അംഗീകരിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടതോടെ എല്ലാവരും ചേർന്ന് അത് പാസാക്കി.” ശ്വേതാ മേനോൻ കൂട്ടിച്ചേർത്തു.

ശ്വേതാ മേനോൻ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇലക്ഷനിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സ്ഥാനാർഥി അൻസിബ ഹസൻ ആയിരുന്നു. നടി കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി.

അടുത്തിടെ സംഘടനയിൽ ട്രഷറർ ഉണ്ണി ശിവപാലിനെതിരെ ഓഫീസ് ജീവനക്കാരി തൊഴിൽ പീഡന പരാതി നൽകിയിരുന്നു. പരാതിക്കാരിയെ പിരിച്ചുവിട്ട നടപടി പിൻവലിക്കുകയും ഉണ്ണി ശിവപാലിനോട് അവധിയിൽ പോകാൻ നിർദേശിക്കുകയും ചെയ്‌തിരുന്നു. ഉണ്ണി ശിവപാൽ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായാണ് ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ അതുല്യ കൊച്ചി കമ്മിഷണറെ സമീപ്പിച്ചത്. ഉണ്ണി ശിവപാലിനെതിരേ പരാതിപ്പെട്ടതിന് ജോലിയിൽനിന്ന് പുറത്താക്കിയെന്നും യുവതി ആരോപിച്ചു.