പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുത്തു, ട്രഷറർ ഉണ്ണി ശിവപാലിനെ അവധിയിൽ പ്രവേശിപ്പിക്കും; ശ്വേതാ മേനോൻ

','

' ); } ?>

താരസംഘടനയായ ‘അമ്മ’യുടെ ട്രഷറർ ഉണ്ണി ശിവപാലിനെതിരെ ഓഫീസ് ജീവനക്കാരി നൽകിയ തൊഴിൽ പീഡന പരാതിയിൽ സംഘടന നടപടിയെടുത്തു. യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ട നടപടി പിൻവലിക്കാനും, പരാതിക്ക് ആസ്പദമായ സംഭവത്തിൽ ഉണ്ണി ശിവപാലിനെ അവധിയിൽ പ്രവേശിപ്പിക്കാനും എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതായി ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ അറിയിച്ചു.

ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ അതുല്യയാണ് ഉണ്ണി ശിവപാൽ തനിക്കുനേരെ മാനസികമായ പീഡനം നടത്തുന്നുവെന്ന പരാതിയുമായി കൊച്ചി സിറ്റി പോലീസ് കമ്മിഷണറെയും ലേബർ ഓഫീസിനെയും സമീപിച്ചത്. പരാതി നൽകിയതിന് പിന്നാലെ തന്നെ ജോലിയിൽ നിന്നും പുറത്താക്കിയതായും യുവതി ആരോപിച്ചിരുന്നു. ഉണ്ണി ശിവപാലിന് ജീവനക്കാരോട് അടിമ മനോഭാവമാണെന്നും, തന്റെ തെറ്റുകൾ മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

ജോലി സമയം കഴിഞ്ഞും പണിയെടുപ്പിക്കുക, അർധരാത്രിയിൽ ഫോൺ വിളിച്ചും വാട്‌സാപ്പിൽ സന്ദേശങ്ങൾ അയച്ചും ശല്യം ചെയ്യുക തുടങ്ങിയവ ഉണ്ണി ശിവപാലിൽ നിന്നും ഉണ്ടായതായും ഇതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും അതുല്യ വ്യക്തമാക്കി. ഇക്കാര്യം ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെ അറിയിച്ചപ്പോൾ ട്രഷററെ പിണക്കരുത് എന്ന നിലപാടാണ് അവർ സ്വീകരിച്ചത്. പരാതിയുമായി മുന്നോട്ട് പോയാൽ ജോലിയിൽ തുടരാനാകില്ലെന്ന് കുക്കു പരമേശ്വരൻ മുന്നറിയിപ്പ് നൽകിയിരുന്നതായും, അവരാണ് തന്നെ പിരിച്ചുവിടാൻ തീരുമാനമെടുത്തതെന്നും യുവതി ആരോപിച്ചു.

പരാതി കൈകാര്യം ചെയ്യുന്നതിൽ കാലതാമസം നേരിട്ടത് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേരാൻ വൈകിയത് കൊണ്ടാണെന്ന് ശ്വേത മേനോൻ വിശദീകരിച്ചു. കുക്കു പരമേശ്വരനെതിരെയും യുവതി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും തൽക്കാലം അവർക്കെതിരെ നടപടിയൊന്നുമില്ല. പ്രശ്‌നം ഉണ്ണി ശിവപാലും അതുല്യയും തമ്മിലാണെന്നും കുക്കുവിന്റെ കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു. അതേസമയം, വ്യക്തിപരമായ കാരണങ്ങളാൽ ഫെബ്രുവരിയിൽ രാജിക്കത്ത് നൽകിയ ജോയിന്റ് സെക്രട്ടറി അൻസിബ ഹസ്സന്റെ രാജി സംഘടന അംഗീകരിച്ചിട്ടുണ്ട്.